ചെറുകോല്‍പ്പുഴ: ജനാധിപത്യം, സമത്വം, തുല്യനീതി തുടങ്ങിയ സങ്കല്‍പ്പങ്ങളെല്ലാം ഹിന്ദുത്വത്തിന്റെ സമ്മാനങ്ങളാണെന്ന് ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യന് ശ്രീശ്രീ രവിശങ്കര്‍. നൂറ്റി ഒന്‍പതാമത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകം ഒരു കുടുംബം എന്ന ചിന്ത ഇവിടെ വികസിച്ചതാണ്. മഹദ് ഗ്രന്ഥങ്ങളിലൂടെയും മഹത്തായ വേദ, വേദാന്ത പാഠങ്ങളിലൂടെയും ആഗമ ശാസ്ത്രത്തിലൂടെയും ഭാരതം ലോകത്തിനു നല്കിയ സംഭാവന നിസ്തുലമാണ്. കാലാതീതമായ ഈ ധിഷണയുടെ സംഭാവനകളെ നമ്മള് വേണ്ടത്ര തിരിച്ചറിയുന്നുണ്ടോ എന്നു സംശയമുണ്ട്. ഗണിത ശാസ്ത്രം, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം, രസവിദ്യ അങ്ങനെയങ്ങനെ എന്തെല്ലാം ഹിന്ദു മതത്തിന്റെ സംഭാവനയാണ്. ഹിന്ദുമതം ഒരിക്കലും ഒന്നും അടിച്ചേല്‍പ്പിക്കുന്ന സ്വഭാവത്തിലുള്ളതല്ല. ദൗര്‍ഭാഗ്യവശാല്‍ നമ്മള് ഇതെല്ലാം മറന്നു. ഇടുങ്ങിയ സ്വാര്‍ഥ ചിന്തകളാല്‍ പരസ്പരം വല്ലാതെ വിഘടിച്ചു. ജീവിതത്തെപ്പറ്റി ഇത്രയും ആഴത്തിലുള്ള അറിവ് ലോകത്ത് മറ്റൊരിടത്തും നിങ്ങള്‍ക്കു കാണാനാവില്ല. ധര്‍മം, സമ്പത്ത്, ആഗ്രഹ പൂര്‍ത്തീകരണം, മോക്ഷം തുടങ്ങി മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളെയും അത് പ്രതിപാദിക്കുന്നു. അതിനാല്‍ ഈ മതത്തിന്റെ വിശുദ്ധിയും മഹത്വവും നമ്മുടെ രാജ്യത്തിന്റെ യുവത മനസ്സിലാക്കട്ടെ. ഈ പുരാതന മതത്തിന്റെ മഹത്വത്തിലേക്ക് യുവത ഉണരട്ടെ. ഇതിനെ ആദരിക്കുക, ജീവിതത്തില്‍ പകര്‍ത്തുക. അങ്ങനെ, സുന്ദരമായ ഒരു സമൂഹം സൃഷ്ടിക്കാം. ഇടുങ്ങിയ ചിന്താഗതികളെ ഉപേക്ഷിക്കാം. ധര്‍മ്മത്തെ സംരക്ഷിക്കാം.
ഇത്രയും പുരാതനവും സമ്പന്നവുമായ ധര്‍മത്തെ വെടിഞ്ഞ് നമ്മുടെ യുവത എന്തുകൊണ്ട് അവിടെയും ഇവിടെയും അലയുന്നു എന്നത് പഠിക്കേണ്ടതാണ്. ഭാരതീയ രചനകളെ അവയുടെ യഥാര്‍ഥ അര്‍ഥത്തില്‍ ജനങ്ങളെ പഠിപ്പിച്ചിട്ടില്ലെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പമ്പാതീരത്തെ വിദ്യാധിരാജ നഗറില്‍ ഒരുക്കിയ പരിഷത്തില്‍ വാഴൂര്‍ തീര്‍ത്ഥ പാദാശ്രമം മഠാധിപതി സ്വാമി പ്രഞ്ജാനാനന്ദ തീര്‍ത്ഥപാദര്‍ അധ്യക്ഷനായിരുന്നു. വിന്‍വേള്‍ഡ് ഫൗണ്ടേഷന് ചെയര്മാന് അഡ്വ. ജയസൂര്യന്‍ പാലാ പ്രഭാഷണം നടത്തി. രാജു ഏബ്രഹാം എംഎല്‍എ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്തു. പരിഷത്ത് പത്രികയുടെ പ്രകാശനം ഹിന്ദു മത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായര്‍ നിര്‍വഹിച്ചു. സെക്രട്ടറി എ.ആര്. വിക്രമന് പിള്ള, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.കെ. ഗോപിനാഥന് നായര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: