ആത്മീയധാരകളുടെ വൈവിധ്യമേഖലയില്‍ വല്ലഭാചാര്യയുടെ പുഷ്ടിമാര്‍ഗം തെളിച്ച സാമൂഹ്യ ദര്‍ശനവും ഭക്തിമന്ദാരങ്ങളും പൈതൃക ചരിത്രത്തിന്റെ ഈടുവയ്പാണ്.
1500 ല്‍ അസ്തിവാരമിട്ട ഈ സമ്പ്രദായത്തിലെ ആചാര്യവര്യന്മാരുടെ കര്‍മപദ്ധതികള്‍ കലാതീതമായ മുദ്രയായി .ഗോവര്‍ധന പര്‍വതത്തിനു മുകളില്‍ കാണപ്പെട്ട വിഷ്ണു വിഗ്രഹം വീണ്ടെടുത്ത് വല്ലഭാചാര്യയുടെ നേതൃത്വത്തില്‍ ദേവദമന സങ്കല്പ്പ പ്രതിഷ്ഠ നിര്‍വഹിച്ചതോടെയാണ് പുഷ്ടി മാര്‍ഗത്തിന്റെ ഭക്തി സരണി ശോഭനീയമായത്. ‘ശ്രീനാഥ്ജി മന്ദിര’മെന്ന് പിന്നീട് പ്രസിദ്ധമായ ഈ മഹാക്ഷേത്രത്തിലെ എട്ടുപേരുള്ള ഗായക സംഘമാണ് ‘അഷ്ടസഖാക്കള്‍’ എന്നറിയപ്പെട്ടത്. സൂര്‍ദാസ്, കൃഷ്ണദാസ്, പരമാനന്ദദാസ്, കുംഭന്‍ദാസ്, ഗോവിന്ദദാസ്, നന്ദാദാസ്, ഛീത്സ്വാമി, ചതുര്‍ഭുജദാസ് എന്നീ മഹാപ്രതിഭകളാണ് ഈ സംഘബന്ധുക്കള്‍.
അഷ്ടസഖാക്കളില്‍ ആനന്ദതേജസ്സായ പരമാനന്ദദാസിന്റെ ജനനം കനൗജ് ഗ്രാമത്തിലെ നിര്‍ധന കുടുംബത്തിലായിരുന്നു. മാതാപിതാക്കന്മാരെക്കുറിച്ചോ, മറ്റു ജീവിത സാഹചര്യങ്ങളെക്കുറിച്ചോ മതിയായ വിവരശേഖരമില്ല. നാടോടി അറിവുകളും ഐതിഹ്യ വെളിച്ചവുമാണ് ഗവേഷകര്‍ ഇക്കാര്യത്തില്‍ അവലംബിക്കുന്നത്. ബാല്യകാലത്തില്‍ തന്നെ ചിന്താശീലവും ഭക്തിയും സാത്വിക സ്വഭാവവും കൊണ്ട് പരമാനന്ദ് ശ്രദ്ധേയനായി. പരമാനന്ദന്റെ ജനനത്തെ തുടര്‍ന്ന് രക്ഷിതാക്കള്‍ക്ക് ഗ്രാമത്തിലെ ഒരു ജമീന്ദാരില്‍ നിന്ന് പാരിതോഷികമായി ധനവും സമ്പത്തും ലഭിക്കാനിടയായി.
കുഞ്ഞിന്റെ ജനനം തന്നെ മഹാഭാഗ്യമായി പിതാവ് കരുതി. എല്ലാറ്റിനോടും നിസ്സംഗമായ സമീപനമാണ് പരമാനന്ദ സ്വീകരിച്ചത്. വിവാഹത്തിനോ പണം സമ്പാദിക്കാനോ ലൗകികമായ നേട്ടങ്ങള്‍ക്കോ അദ്ദേഹത്തിന് താല്‍പ്പര്യമില്ലായിരുന്നു. വല്ലഭ സമ്പ്രദായത്തിലേക്ക് ആകൃഷ്ടനാകും മുമ്പേ തന്നെ നാട്ടിലെയും പരിസര പ്രദേശത്തെയും സംന്യാസികളുമായിട്ടായിരുന്നു സഹവാസം. ആ ആശയവിനിമയം അദ്ദേഹത്തെ പൈതൃകജ്ഞാനധാരകളിലേക്കും സേവനപ്പൊരുളിലേക്കും സഞ്ചരിക്കാന്‍ പ്രേരിപ്പിച്ചു. ആര്‍ജിതമായ സംയമന പ്രകൃതി കാരണം ജനങ്ങളും സഹസംന്യാസിമാരും ‘സ്വാമി’ യെന്നാണ് അദ്ദേഹത്തെ വിളിച്ചു വന്നത്.
ക്ഷേത്രാടനങ്ങളില്‍ കവിയായും ഗായകനായും കീര്‍ത്തനോപാസകനായും ആ ഋഷിപ്രതിഭ സാമാന്യജനങ്ങളുടെ ആരാധനാ പാത്രമായി. മകരസ്നാനത്തിനായി പ്രയാഗയിലെത്തിയ പരമാനന്ദജി കീര്‍ത്തനോപാസനയിലൂടെ ഇഷ്ടദേവതയെ വിരുന്നൂട്ടി. ദിവസങ്ങളോളം നീണ്ടു നിന്ന കീര്‍ത്തനാരതിയുടെ ദിവ്യസുഗന്ധം അടുത്ത പ്രദേശങ്ങളിലേക്കും കടന്നു ചെന്നു. ആത്മപ്രേരണയാല് അടൈലിലേക്ക് യാത്ര തിരിച്ച പരമാനന്ദജിയെ കാത്തു നിന്നത് വല്ലഭാചാര്യയായിരുന്നു. ആ മഹാദര്‍ശന മുഹൂര്‍ത്തത്തില്‍ അദ്ദേഹം അലൗകിക വിഭൂതിയില്‍ മുഴുകി നിന്നു. സമര്‍പ്പണ സാഫല്യത്തിന്റെ അനുഭവ താരള്യം ആ ഹൃദയത്തില്‍ യോഗാത്മകതയുടെ പദ്മം വിരിയിച്ചു. ‘ഭഗവാന്റെ ലീലകളെക്കുറിച്ച് അനുഗാനം ചെയ്യുക’. വല്ലഭാചാര്യന്റെ കല്പ്പനയില് പരമാനന്ദ പാടാന്‍ തുടങ്ങി. വിരഹപദ വിശുദ്ധിയില്‍ ആ ഗാനമാലിക അവസാനിച്ചപ്പോള്‍ ആചാര്യനെ പ്രണമിച്ച് പരമാനന്ദ ഉള്ളം തുറന്നു. ‘ആചാര്യരേ ക്ഷമിച്ചാലും… ഭഗവാന്റെ ബാലലീലകളില്‍ ഇനിയും ഈയുള്ളവന് വിഭൂതിയനുഭവം വന്നു ചേര്‍ന്നിട്ടില്ല. ഗുരു ആ മഹാനുഗ്രഹമേകിയാലും.’ പരമാനന്ദജിയുടെ വാക്കുകളില്‍ പ്രീതനായ വല്ലഭാചാര്യന്‍ തീര്‍ഥസ്നാനാനന്തരം പരമാനന്ദദാസിനെ അനുഗ്രഹിച്ച് ശിഷ്യനായി സ്വീകരിച്ചു. ദൈവികമായ ആ സുദുര്ലഭ മുഹൂര്‍ത്തത്തില്‍ പരമാനന്ദദാസ് ആത്മാവിലുദിച്ച ബാലഗോപാലലീലകളുടെ ശ്യാമസുഭഗമായ അലകളില്‍ സ്വരം ചേര്‍ത്തു.
ഉയര്‍ന്നു വന്ന ഉദാത്തമായ ഗീതകങ്ങള്‍ അവിടത്തെ നവനീത പ്രിയജിയുടെ ക്ഷേത്രാങ്കണത്തില്‍ നിവേദിച്ചപ്പോള്‍ ആയിരങ്ങള്‍ ആ കൃഷ്ണമയധാര ഹൃദയത്തിലേറ്റുവാങ്ങുകയായിരുന്നു.
ആചാര്യനൊപ്പം വ്രജഭൂമിയിലേക്ക് യാത്രയായ പരമാനന്ദജി മാര്‍ഗമധ്യത്തില്‍ കനൗജിലെ സ്വഗൃഹത്തില്‍ ഗുരുവിനും അനുയായി വൃന്ദത്തിനും സ്വീകരണമൊരുക്കി. വല്ലഭാചാര്യയില്‍ ആകൃഷ്ടരായി ആ സംഘത്തില്‍ അനേകം പേര് അണിനിരന്നു. ബാലലീലകള്‍ പ്രമേയമായുള്ള പദങ്ങള്‍ രചിച്ച് പാടാനാണ് സ്വന്തം നിയോഗമെന്ന് ആ യോഗാത്മക പ്രതിഭ തിരിച്ചറിയുകയായിരുന്നു. ഗോവര്‍ധനത്തിലെത്തിയപ്പോള്‍ ഒന്നിനു പിറകെ ഒന്നായി കൃഷ്ണഗീതികളുടെ മഹാവര്‍ഷം പെയ്തിറങ്ങി. പരമാനന്ദജിയെ ശ്രീനാഥ്ജി മന്ദിരത്തിലെ സോപാന ഗായകസംഘത്തില്‍ വല്ലഭാചാര്യ ചേര്‍ത്തു നിര്‍ത്തുകയായിരുന്നു. ഇന്നും നാഥ്ദ്വാര, കാംക്രൗലി, മഥുര, ഗോകുലം തുടങ്ങിയ വല്ലഭ സമ്പ്രദായീ മഹാക്ഷേത്രങ്ങള്‍ പരമാനന്ദദാസ്ജിയുടെ സോപാന സമര്‍പ്പണ മാധുരി ഉയര്‍ന്നു കേള്‍ക്കാം.
1640 ലാണ് പരമാനന്ദ്ജി സമാധി പൂകുന്നത്. ‘ദാന്‍ലീല’, ‘ധ്രുവ് ചരിത്,’ ‘പരമാനന്ദസാഗര്‍’, എന്നീ യോഗാത്മക കൃതികളാണ് ആ ദിവ്യപ്രതിഭയെ കാലാതീതമാക്കുന്നത്. കൃഷ്ണാവബോധത്തില്‍ ‘കൃഷ്ണോഹം’ (ഞാന്‍ കൃഷ്ണനാകുന്നു) എന്ന ശുദ്ധബോധത്തിലാണ് ഈ യോഗിയുടെ സാക്ഷാത്ക്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: