തെലുങ്കുദേശം അതിന്റെ പൈതൃക ജൈത്രയാത്ര നടത്തിയത് നൂറ്റാണ്ടിന്റെ ശ്രേയസ്കരമായ കര്‍മപഥത്തിലൂടെയാണ്. കലയും സംഗീതവും ആത്മീയതയും ദൗത്യനിര്‍വഹണത്തില്‍ സമഗ്രസാക്ഷ്യം വഹിച്ചു.
കാലങ്ങളിലൂടെ ഈ ദേശം നേടിയ പരിവര്‍ത്തനത്തിന്റെ സംസ്കൃതിപ്രക്രിയ പ്രധാനമായും ഇതിഹാസ പുരാണങ്ങളുടെ പുനഃസൃഷ്ടിയിലൂടെയാണ്. ആശയമായും പരിഭാഷയായും കലാവിചിന്തനമായും ആത്മീയാന്വേഷണമായും അത് പൂര്‍ണതയെ തേടുകയായിരുന്നു.
പതിനൊന്നാം ശതകത്തില്‍ തെലുങ്കിലെ ആദികവി പദവി നേടിയ നന്നയ്യാ രചിച്ച മഹാഭാരതത്തിന്റെ പരിഭാഷയാണ് ‘ആന്ധ്രമഹാഭാരതമു’.
യോഗാത്മക കവിയായ തിക്കന്ന പതിമൂന്നാം നൂറ്റാണ്ടിലാണ് തെലുങ്കില്‍ ‘നിര്‍വചനേതര രാമായണം’ എന്ന രാമായണ പരിഭാഷ നിര്‍വഹിക്കുന്നത്. മഹാഭാരതത്തിന്റെ ചില പര്‍വങ്ങളും അദ്ദേഹം ഈ ഭാഷയില്‍ വിവര്‍ത്തനം ചെയ്തു. പതിന്നാലാം ശതകത്തില്‍ മഹാഭാരതത്തിന്റെ അപൂര്‍ണമായ തര്‍ജമ പൂര്‍ണമാക്കി അതിന്റെ സംശോധിത സംസ്കരണത്തിലൂടെ ആത്മാവേകിയത് എറിന്നയെന്ന വിസ്മയ പ്രതിഭയാണ്. നന്നയ്യായും തിക്കന്നയും എറിന്നയും ചേര്‍ന്നതാണ് തെലുങ്കു കാവ്യരംഗത്തെ മൂര്‍ത്തിത്രയം.
കാവ്യസിദ്ധിയും പാണ്ഡിത്യവും ഭക്തി ലഹരിയും മേളിച്ച സ്വത്വമായിരുന്നു ഏറന്നയുടേത്. ഗൂഡല്ലൂര്‍ ഗ്രാമത്തിലെ ബ്രാഹ്മണ കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം.
പോതമ്മയും ശൂരന്നയുമായിരുന്നു മാതാപിതാക്കള്‍. സാമ്പ്രദായിക വിദ്യാഭ്യാസാനന്തരം ഏറന്നയ്ക്ക് ലഭിച്ച മഹാഗുരുവാണ് ശ്രീശങ്കര സ്വാമി. വിഷ്ണുവിനെ ഉപാസിച്ച ഏറന്ന അറിവിന്റെ മഹാവിസ്മയങ്ങളില്‍ ആണ്ടിറങ്ങുകയായിരുന്നു. ഏകാഗ്രതയും പൈതൃകകാവ്യ സംസ്കൃതിയും ആ പ്രതിഭയ്ക്ക് മഹാമാര്‍ഗം തുറന്നു നല്കി. മഹാകവിയെ ലോകം തിരിച്ചറിഞ്ഞു.
റെഡ്ഡി രാജവംശസ്ഥാപകനായ പ്രോളായ വേമ റെഡ്ഡി തന്റെ കൊട്ടാരത്തില്‍ ആസ്ഥാന മഹാകവിയായി എറിന്നയെ നിയമിച്ചു. 1325 മുതല്‍ 1353 വരെയായിരുന്നു വേമറെഡ്ഡിയുടെ ഭരണകാലം. ഗുണ്ടൂര്‍, പ്രകാശം, നെല്ലൂര്‍, കര്‍ണൂല്‍ തുടങ്ങിയ റെഡ്ഡി സാമ്രാജ്യത്തിന്റെ ഭാഗമായ ജില്ലകളിലും അതിര്‍ത്തി പ്രദേശങ്ങളിലും എറിന്നയുടെ പ്രശസ്തി വ്യാപിക്കുകയായിരുന്നു. മഹാഭാരതത്തിന്റെ അനുബന്ധമായി ‘ഹരിവംശവും’ എറിന്നയുടെ പരിഭാഷയിലൂടെ തെലുങ്കുദേശം ഏറ്റുവാങ്ങി. ‘വഗുണശാസന’, ‘കവിബ്രഹ്മ’ , ‘പ്രബന്ധപരമേശ്വര’, എന്നീ പ്രകൃഷ്ട രചനകളാണ് ‘പ്രബന്ധപരമേശ്വര’ എന്ന കീര്ത്തിബിരുദം അദ്ദേഹത്തിന് ലഭിക്കാന്‍ കാരണമായത്. ‘നരസിംഹപുരാണം’ എറിന്നയുടെ പ്രശസ്തിയില്‍ നിലാച്ചന്ദ്രനായി.
സമൂഹത്തെ സമാര്ഗങ്ങളിലേക്ക് നയിക്കാനുള്ള വിവിധ കര്‍മപദ്ധതികള്‍ വിജയം കണ്ടപ്പോഴാണ് ‘യെല്ല പ്രകഡ’, ‘ഏറ പ്രകഡ ‘എന്നീ ആദരബിരുദങ്ങള് അദ്ദേഹത്തെ തേടിയെത്തിയത്.
എറിന്നയുടെ മഹിത ജീവിതം വിഷ്ണുവിജയമാണ്. കാവ്യകലാസാധനയ്ക്കൊപ്പം കര്‍മങ്ങളിലുള്ള ഒടുങ്ങാത്ത ഏകാഗ്രതയും സത്യത്തോടുള്ള അടങ്ങാത്ത പ്രതിപത്തിയുമാണ് ആ യോഗാത്മകകവിയെ കാവ്യസാമ്രാജ്യത്തിലെ പ്രജാപതിയാക്കുന്നത്. പൈതൃകധര്മരേണുക്കള് ഭാഷയുടെ വികാസരഥ്യയിലൂടെ ദേശീയതയുടെ പരിണതിയായി മാറുന്നതിന്റെ ദര്‍ശന രേഖയാണ് എറിന്നയുടെ ജീവിത ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: