ഡോ. രാധാകൃഷ്ണന്‍ ശിവന്‍
നമ്മുടെ ജീവിതത്തിന്റെ മൂന്നില്‍ ഒരു ഭാഗം സമയം ചെലവഴിക്കുന്നത് കിടപ്പുമുറിയില്‍ ആയതിനാല്‍ കിടപ്പുമുറിയുടെ അസ്വാരസ്യം ജീവിതത്തെ പ്രാധാന്യത്തോടെ തന്നെ ബാധിക്കുന്നു. അതിനാല്‍ സ്ഥാനം, അളവ് എന്നിവയ്‌ക്ക് വാസ്തു പ്രാധാന്യം ഉണ്ട്. വാസ്തുവനുസരിച്ചു കിടപ്പുമുറികള്‍ക്ക് ഏറ്റവും യോജിച്ച സ്ഥാനം തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലാണ്. വടക്ക്, കിഴക്ക് തുടങ്ങിയ പ്രധാന ദിശകളിലും അപ്രധാന കിടപ്പു മുറികളാകാം.
തെക്കിനി-കിഴക്കിനികളുടെ കോണ്‍ ഗൃഹമായ തെക്ക്പടിഞ്ഞാറ് ഭാഗത്ത് പ്രധാന കിടപ്പു മുറി സ്ഥിതിചെയ്യുമ്പോള്‍, അത് ഗൃഹവാസികള്‍ക്ക് നല്ല ആരോഗ്യവും സമൃദ്ധിയും നല്‍കുന്നു. അതിനാല്‍ തന്നെ നിരൃതി കോണിലാണ് ഏറ്റവും പ്രധാന കിടപ്പു മുറിയുടെ സ്ഥാനം കല്‍പ്പിക്കപ്പെട്ടിട്ടുള്ളത്. മറിച്ചു വീടിന്റെ വടക്ക്-കിഴക്ക് അല്ലെങ്കില്‍ തെക്ക്-കിഴക്ക് മൂലയിലെ കിടപ്പുമുറി ദമ്പതികള്‍ ഒഴിവാക്കുകയാണുചിതം.
അപ്രകാരം കുട്ടികളുടെ കിടപ്പുമുറി വീടിന്റെ കിഴക്ക് അല്ലെങ്കില്‍ വടക്ക്-പടിഞ്ഞാറ് മേഖലയിലായിരിക്കണം. പെണ്‍കുട്ടികള്‍ക്ക് വായുകോണിലുള്ള മുറിയാണ് കൂടുതല്‍ നല്ലത്. പ്രായമായവര്‍ക്ക് അഗ്നി കോണിലുള്ള മുറികള്‍ സ്വീകാര്യങ്ങളല്ല.
വാസ്തു അനുസരിച്ച്, കിടപ്പുമുറികളില്‍ നിങ്ങളുടെ കിടക്ക കിഴക്കോ തെക്കോ ഭാഗത്തായിരിക്കണം. കിടക്കയുടെ തല ഈ ദിശകളെ അഭിമുഖീകരിക്കണം. ഇത് കുടുംബത്തിന്റെ ഉറക്കത്തിന്റെ ഗുണനിലവാരത്തെയും ആരോഗ്യത്തെയും സ്വാധീനിക്കുന്നു. രാവിലെ വലത്തോട്ട് തിരിഞ്ഞ് എഴുന്നേറ്റ് ഇരുന്നാല്‍ നമ്മുടെ മുഖം സൂര്യന് അഭിമുഖമായി കിഴക്കോട്ട് വരണം. അല്ലെങ്കില്‍ വലത്തോട്ട് തിരിഞ്ഞ് എഴുന്നേറ്റ് ഇരുന്നാല്‍ നമ്മുടെ മുഖം സൂര്യന്റെ പ്രതിബിംബങ്ങളായ സപ്തര്‍ഷികള്‍ ഉദിക്കുന്ന വടക്ക് ദിക്കിലേക്ക് അഭിമുഖമാകണം. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഈ രണ്ട് ദിശയും അഭിമുഖമാകുന്നതില്‍ പ്രശ്‌നങ്ങളില്ല. ഇതു ചൂണ്ടിക്കാട്ടിയാണ് കിഴക്കോട്ടും വടക്കോട്ടും തലവച്ചുകിടക്കാന്‍ ശാസ്ത്രം നിര്‍ദ്ദേശിക്കുന്നത്.
മരം കൊണ്ട് നിര്‍മ്മിച്ച കട്ടില്‍ ലോഹം കൊണ്ടുള്ളവയെക്കാള്‍ നല്ലതാണ്. മാനസിക ഒരുമയെ പ്രോത്സാഹിപ്പിക്കുന്നതിന് ദമ്പതികളുടെ കട്ടില്‍ ഒറ്റ കട്ടില്‍ ആകണം. രണ്ടു വ്യത്യസ്ത കട്ടിലുകള്‍ ചേര്‍ത്തിടുന്നത് ഒഴിവാക്കണം. വൃത്താകൃതിയിലുള്ള അല്ലെങ്കില്‍ ഓവല്‍ ആകൃതിയിലുള്ള കട്ടില്‍ ഒഴിവാക്കുക.
ഏറ്റവും നല്ല ഉറക്കസ്ഥാനമായി കണക്കാക്കപ്പെടുന്നതിനാല്‍ വാസ്തു പ്രകാരം ഏറ്റവും മികച്ച ഉറക്ക ദിശ കിഴക്കും തെക്കുമാണ്. നിങ്ങള്‍ക്ക് ദീര്‍ഘവും സമാധാനപരവുമായ ഉറക്കം ലഭിക്കുമെന്ന് ഇത് ഉറപ്പാക്കും. ഇത് സമ്പത്തിന്റെയും അംഗീകാരത്തിന്റെയും ആരോഗ്യത്തിന്റെയും വര്‍ദ്ധനവിന് കാരണമാകുന്നു.
വാസ്തുവനുസരിച്ച് നിങ്ങളുടെ കട്ടിലിന് നേര്‍ക്കുള്ള കണ്ണാടി ഒഴിവാക്കുക. കണ്ണാടിയില്‍ ഉറങ്ങുന്ന ശരീരത്തിന്റെ പ്രതിഫലനം നിര്‍ഭാഗ്യകരമായി കണക്കാക്കപ്പെടുന്നു. മുറികളുടെ വാതിലിനു നേര്‍ക്കും ബീമുകള്‍ക്ക് താഴെയുമുള്ള കിടപ്പും ഒഴിവാക്കണം. കിടപ്പു മുറിയില്‍ കട്ടിലിനു അഭിമുഖമായി ടെലിവിഷനും കമ്പ്യൂട്ടര്‍ സ്‌ക്രീനുകളും ഒഴിവാക്കണം.
കിടപ്പു മുറിയിലെ നിറങ്ങള്‍ നമ്മുടെ മാനസികാവസ്ഥയെയും ആരോഗ്യത്തെയും സന്തോഷത്തെയും ബാധിക്കുന്നതിനാല്‍ നിറങ്ങളിലും ശ്രദ്ധ നല്‍കണം. കിടപ്പുമുറിയില്‍ വെള്ള, ബേബി പിങ്ക് അല്ലെങ്കില്‍ ക്രീം നിറങ്ങള്‍ ഉപയോഗിച്ച് പെയിന്റ് ചെയ്യുക. ഇരുണ്ട നിറങ്ങള്‍ ഒഴിവാക്കുക. ചുവപ്പ്, മഞ്ഞ നിറങ്ങള്‍ തീര്‍ത്തും ഒഴിവാക്കണം. മുറി നന്നായി ചിട്ടപ്പെടുത്തിയിരിക്കണം. നിങ്ങളുടെ കിടപ്പുമുറി വൃത്തിയും അലങ്കോലവും ഇല്ലാതെ സൂക്ഷിക്കുകയരുത്. ടോയ്‌ലറ്റ് വാതില്‍ മുറിയിലേക്ക് തുറക്കാതിരിക്കുകയോ ഉറങ്ങുമ്പോള്‍ സദാ അടച്ചിടുകയോ ചെയ്യുക
ഉപയോഗിക്കാത്ത വസ്തുക്കള്‍ ബെഡ്‌റൂമുകളില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കുക. കേടായ ക്ലോക്കുകള്‍, വാച്ചുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, തകര്‍ന്ന കരകൗശല വസ്തുക്കള്‍ അല്ലെങ്കില്‍ യന്ത്രങ്ങള്‍ എന്നിവ ഒഴിവാക്കുക. ഭയം, ഉദ്വേഗം, ദുഃഖം എന്നിവ പകര്‍ത്തുന്ന ചിത്രങ്ങള്‍ കിടപ്പു മുറിയില്‍ ഒഴിവാക്കുക. സന്തോഷം പ്രദാനം ചെയ്യുന്നവ പ്രദര്‍ശിപ്പിക്കുക. ദമ്പതികളുടെ സന്തോഷകരമായ നിമിഷങ്ങള്‍ ചിത്രങ്ങളായി പ്രദര്‍ശിപ്പിക്കുക.
കിടപ്പുമുറിയില്‍, ജലധാരകള്‍, അക്വേറിയങ്ങള്‍ എന്നിവ ഒഴിവാക്കുക. യുദ്ധരംഗങ്ങളുടെയും താപസരുടെയും അന്യ സ്ത്രീകളുടെയും ചിത്രങ്ങള്‍ ഒഴിവാക്കുക. മരിച്ചവരുടെ ഫോട്ടോകള്‍ കിടപ്പു മുറികളുടെ ചുമരില്‍ തൂക്കിയിടുന്നതും ഒഴിവാക്കുക. പൂജാസ്ഥാനങ്ങളും കിടപ്പുമുറിയില്‍ സ്ഥാപിക്കരുത്.
















