കാളഹസ്തി, ശ്രീശൈലം, ദക്ഷരാമ എന്നീ മൂന്നു ശിവലിംഗങ്ങള്‍ വലയം ചെയ്ത് സംരക്ഷിക്കുന്ന തെലുങ്കു ദേശം പൗരാണികര്‍ക്ക് ‘ത്രിലിംഗ’യായിരുന്നു. ശിവോപാസനയും ശൈവാരാധനയും മേളിച്ചൊഴുകിയ ഭക്തിവിഭൂതിചരിത്രത്തിന് നൂറ്റാണ്ടുകളുടെ കഥ പറയാനുണ്ടെങ്കിലും ഭക്തിയിലൂടെ സമൂഹ നവോത്ഥാനം സാധിച്ച നായകരെക്കുറിച്ച് പ്രതിപാദിക്കുന്ന സൂക്ഷ്മ രേഖകള്‍ ഏറെ കാണുന്നില്ല. കാവ്യരംഗത്തെ മുനിപ്രതിഭകളും വാഗ്ഗേയകാരന്മാരും ധൈഷണിക വ്യക്തിത്വങ്ങളും ആയിടങ്ങളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. പതിനൊന്നാം ശതകത്തില്‍ ‘ആദികവി’ യെന്ന് തെലുങ്കുഭാഷയില്‍ പ്രസിദ്ധനായ നന്നയ്യയും പതിമൂന്നാം ശതകത്തില്‍ കാവ്യമേഖലയിലും ചിന്താരംഗത്തും ഉദാത്തമായ സംഭാവനയര്‍പ്പിച്ച തിക്കന്നയെന്ന മഹാപ്രതിഭയും ചരിത്രത്താളുകളിലുണ്ട്. ഭക്തിമണ്ഡലത്തില്‍ യോഗാവിഷ്ഠമായ കാവ്യകര്‍മങ്ങളിലൂടെ കാലാതീതനാവുകയാണ് വേമന്ന.
1352 ല്‍ രായലസീമയിലെ കൊണ്ടവീഡു പ്രവിശ്യയിലാണ് വേമന്നയുടെ പിറവി. പിതാവ് കുമാരഗിരി വേമന് ആ പ്രവിശ്യയിലെ രാജാവായിരുന്നു. പാരമ്പര്യാധിഷ്ഠിതമായി നേടിയ വിദ്യ ഹൃദയത്തില്‍ നവ തരംഗങ്ങളായെങ്കിലും യോഗസാധനയിലൂടെയാണ് അദ്ദേഹം സൂക്ഷ്മജീവിതത്തിന് രൂപഭാവമേകിയത്. സാധനാനുഷ്ഠാനത്തിന്റെ സാധ്യമായ മേഖലകളില്‍ സഞ്ചരിച്ച് പഠനമനനങ്ങളിലൂടെ നേടിയതാണ് യോഗി വേമന്ന എന്ന ആദര നാമധേയം. പ്രകൃതിയുടെ അന്തരാത്മാവിന്റെ രഹസ്യാത്മക പ്രത്യയങ്ങള്‍ ആ ആത്മാന്വേഷണത്തിന്റെ ഭാഗമായിരുന്നു. പ്രകൃതിയുടെ അനശ്വരമായ സത്യലാവണ്യങ്ങളിലൂടെയുള്ള വിഭൂതി സമാധിയില്‍ വേമന്നയില്‍ അതീതമായ കാവ്യകല പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ആ കാവ്യനക്ഷത്രങ്ങള്‍ സമൂഹത്തിന്റെ വിചാരധാരയില്‍ വെളിച്ചമായി. കവിയും ചിന്തകനും യോഗിയുമായ വേമന്നയെ ഒരു വിഭാഗം ബ്രാഹ്മണര്‍ എതിര്‍ക്കാന്‍ തുടങ്ങി.
ശൂദ്രനായ വേമന്നയുടെ ചിന്തയും പ്രവൃത്തിയും ജാതിചിന്തയെ അന്ധവിശ്വാസത്തില്‍ പെടുത്തിയും അവരെ പ്രകോപിപ്പിച്ചു. വേദങ്ങളെയും യജ്ഞങ്ങളെയും പാടിപ്പുകഴ്ത്താത്ത വേമന്നയുടെ അറിവും ചിന്തയും അവര്‍ക്ക് അസ്വീകാര്യമായിരുന്നു. സാമൂഹ്യ പരിവര്‍ത്തനത്തിന് ഉതകുന്ന ആദര്‍ശ സംഹിതകളും ഭക്തിഭാവഭരിതമായ ആശയങ്ങളുമായി വേമന്ന നിസംഗതയോടെ ഈശ്വരീയ കര്‍മങ്ങള്‍ അനുഷ്ഠിച്ച് സുധീരം മുന്നേറുകയായിരുന്നു. പുരോഗമനപരമായ സാമൂഹ്യദര്‍ശനവും ഭക്തിയുടെ പ്രായോഗിക പദ്ധതിയും ഉള്‍ച്ചേര്‍ന്ന ശൈലിയാണ് പില്ക്കാലം ‘വിപ്ലവകാരിയായ ഭക്തിപ്രചാരകന്‍’ എന്ന് അദ്ദേഹത്തെ വിളിക്കാനിടയായത്.
വേമന്നയുടെ കാവ്യസൃഷ്ടികളും കര്‍മകാണ്ഡവും കാലത്തിന്റെ നിഴലിലായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ വിദേശീയരായ വിദ്യാഭ്യാസ പ്രവര്‍ത്തകരാണ് വേമന്നയുടെ വിശുദ്ധസ്വത്വവും സിദ്ധി വിശേഷവും കാവ്യാത്മക മൂല്യപ്രകാശവും തിരിച്ചറിഞ്ഞ് ലോകശ്രദ്ധയില്‍ കൊണ്ടുവന്നത്. വ്യാപകമായ ആ അറിവിന്റെ പശ്ചാത്തലത്തില്‍ വേമന്നയ്ക്ക് സര്‍വസ്വീകാര്യമായ അംഗീകാരം ലഭിച്ചു. ആ യോഗാത്മക സമ്പുടങ്ങള്‍ തമിഴിലും കന്നഡയിലും മൊഴി മാറി സഞ്ചരിക്കാന്‍ തുടങ്ങി. ഇന്ന് തെലുങ്കു നാട്ടിലെ സഹൃദയര്‍ വേമന്നയുടെ സുഭാഷിതവും വചനാമൃതവും വരിഷ്ഠ വരികളും നിത്യജീവിതത്തെപോലും തഴുകിയുണര്‍ത്തുന്നു.
കബീര്‍, തിരുവുള്ളവര്‍, സര്വജ്ഞന് തുടങ്ങിയ മുനിപ്രതിഭകളുടെ ശ്രേണിയിലാണ് ഗവേഷകന്മാരും വേമന്നയെ പ്രതിഷ്ഠിക്കുന്നത്. ഈ മഹാപ്രതിഭയുടെ സമാധിസ്ഥാനം കടരുപ്പള്ളിയിലാണ്.
സുചിന്തിതമായ പ്രവൃത്തിപഥത്തിലൂടെ ലൗകികവും അലൗകികവുമായ ആകാശങ്ങളെയാണ് വേമന്ന സ്വന്തമാക്കിയത്. ഉചിതമായ ചിന്തയും പ്രസാദാത്മകമായ വാക്കും വിപ്ലവാത്മകമായ ഭക്തിയും അന്തര്‍ദര്‍ശനത്തിന്റെ കവിതയുമായി വേമന്ന രചിച്ചത് പൈതൃക സന്ധ്യയുടെ നിഴലില്ലാ വെട്ടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: