ഭക്തിമുക്തിയുടെ മഹാമാര്ഗത്തില് അപൂര്വമായ ദര്ശനം കൊണ്ടും കാവ്യസിദ്ധികൊണ്ടും ആന്ധ്രയുടെ ആത്മീയ ഹൃദയത്തില് ഇടം നേടിയ ബമ്മേര പൊത്തന്നയുടെ ജീവിത കഥ സംഭവബഹുലമാണ്.
ഭക്തി സംസ്കൃതിയോടൊപ്പം ഭാരതത്തിലെ പ്രാദേശിക ഭാഷകള് വളര്ന്നത് പലപ്പോഴും പുരാണേതിഹാസങ്ങളുടെ പരിഭാഷയിലൂടെയാണ്. ഋഷിപ്രതിഭകളാണ് ഈ നേട്ടങ്ങള്ക്ക് അക്ഷരക്കൂട്ടൊരുക്കിയത്. ആദ്യം മഹാഭാരത വിവര്ത്തനവും തുടര്ന്ന് രാമായണ തര്ജ്ജമയും തെലുങ്കില് ആവിഷ്കാര സുകൃതം നേടി. ബമ്മേര പൊത്തന്നയുടെ ദിവ്യനാമം ഈ ഘട്ടത്തില് ശ്രദ്ധേയമാകുന്നു. വൈഷ്ണവഭക്തിജ്വാലയുടെ അണയാത്ത മൂശയായ ശ്രീമദ് ഭാഗവതം തെലുങ്കിന്റെ പരിഭാഷ രൂപമെടുക്കുന്നത് ഈ പ്രതിഭയിലൂടെയാണ്.
അതിനു ശേഷമാണ് ബോപദേവന്റെ പ്രസിദ്ധമായ ഭാഗവതവ്യാഖ്യാനം വന്നത്. പതിനഞ്ചാം ശതകത്തില് തെലുങ്കാനയിലെ വാറങ്കല് പ്രവിശ്യയിലാണ് പൊത്തന്ന ഭൂജാതനായത്. ലക്ഷാംബയും കേശന്നയുമായിരുന്നു മാതാപിതാക്കള്. ബ്രാഹ്മണകുടുംബാംഗമെന്ന നിലയില് പൊത്തയ്യ എന്നാണ് നാട്ടുകാര് അദ്ദേഹത്തെ വിളിച്ചു വന്നത്.
കുടുംബത്തില് കടുത്ത ദാരിദ്ര്യമായിരുന്നു. കൃഷിപ്പണിയിലൂടെയാണ് അദ്ദേഹം നിത്യവൃത്തിക്കുള്ള വക തേടിയത്. സാമാന്യമായ വിദ്യാഭ്യാസം മാത്രമേ ലഭിച്ചിട്ടുള്ളൂവെങ്കിലും പൊത്തന്നയുടെ ജ്ഞാനതൃഷ്ണ വളര്ന്നു വന്നു. പുരാണേതിഹാസങ്ങളിലൂടെയുള്ള സഞ്ചാരമാണ് ആ സ്വതബോധം വികസ്വരമാക്കിയത്.
ക്രമേണ വായനാ സംസ്കൃതിയുടെയും നിരീക്ഷണ കൗതുകത്തിന്റെയും വഴിയില് ജ്ഞാനം നേടുകയായിരുന്നു. കവിത്വശക്തിയുടെയും പ്രകാശം അബോധതലത്തില് പൂത്തുലയാന് തുടങ്ങി. പ്രശസ്തിയുടെ നറുവാസനയില് ലയിക്കാനോ, ഭൗതികമായ നേട്ടങ്ങള്ക്ക് പിറകെ മത്സരബുദ്ധിയോടെ ഓടാനോ പൊത്തന ഒരുക്കമായിരുന്നില്ല. രാജാക്കന്മാരെയും പ്രഭുക്കന്മാരെയും കുറിച്ച് സ്തുതിപാടി ധനാഢ്യനാവാന് ആ യോഗാത്മക ഹൃദയം ഉദ്യമിച്ചില്ല. ‘ഇദം ന മമ’. ‘ഇതൊന്നും എന്റെയല്ല’ എന്ന നിസ്സംഗ ഭാവത്തിലായിരുന്നു അദ്ദേഹത്തിന്റെ കര്മശ്രേണി.
ഭാഗവതം തര്ജ്ജമ പൂര്ത്തിയാക്കിയെന്നറിഞ്ഞ് രാജാ സര്വജിന സിംഘഭൂപാലന് കാവ്യം തനിക്ക് സമര്പ്പിക്കണമെന്ന് പൊത്തനയോട് കല്പനയരുളി. ദൂതന്മാര് വന്ന് രാജഹിതമറിയിച്ചു. ധനവും ഭൂമിയും പാരിതോഷികം നല്കാമെന്നായിരുന്നു വാഗ്ദാനം.
കവി ഇതനുസരിക്കാന് ഒരുക്കമായിരുന്നില്ല. ക്ഷുഭിതനായ രാജാവ് ഭാഗവത തര്ജമയുടെ കയ്യെഴുത്തു പ്രതി അഗ്നിക്കിരയാക്കാന് കല്പ്പിക്കുകയായിരുന്നു. രാജകിങ്കരന്മാരുടെ തീപ്പന്തങ്ങള് ആ ഋഷികവിയുടെ മുന്നില് നിഷ്പ്രഭമായി. അഗ്നി പരീക്ഷണത്തിലൂടെ അതിജീവിച്ച ‘
പൊത്തന്ന ഭാഗവതം’ കാലത്തിന്റെ ഇരുട്ടില് അഗ്നിശലാകയായി സഞ്ചരിച്ചു. ഭക്തിമീമാംസയുടെ ഉദാത്തശ്രേണിയില് സിംഹാസനം നേടിയ പൊത്തന്നയ്ക്ക് ഉപാസനാ മൂര്ത്തിയായി ഒരിഷ്ടദേവത ഉണ്ടായിരുന്നില്ല.
വ്യത്യസ്ത ആരാധനാ മാര്ഗങ്ങളും ഭക്തിധാരകളും സ്വാംശീകരിച്ച ഭക്തി സമന്വയ പദ്ധതിയായിരുന്നു അത്. ശിവോപാസനയും വിഷ്ണുഭക്തിയുമായി സഞ്ചരിച്ച മഹാകവി അദൈ്വത വേദാന്തത്തിന്റെയും ജ്ഞാനദൂതനായിരുന്നു. തത്വാധിഷ്ഠിതമായ ആശയാദര്ശത്തിന്റെ പ്രായോഗികതയാണ് ആ മുക്തിസങ്കല്പ്പം.
കമ്പര്ക്കും തിരുവുള്ളവര്ക്കും സമശീര്ഷനായാണ് പൊത്തന്നയെ കവിശ്രേഷ്ഠനായ സുബ്രഹ്മണ്യ ഭാരതി അടയാളപ്പെടുത്തുന്നത്. ഭക്തി വിശുദ്ധിയും സമര്പ്പണവുമാണ് ആ ഋഷിപ്രതിഭയുടെ കര്മകാണ്ഡത്തെ തേജോമയമാക്കുന്നത്.
ഔപചാരിക വിദ്യാഭ്യാസത്തിനപ്പുറം ആത്മവിദ്യയുടെ മഹിതതലങ്ങളാണ് ബമ്മേര പൊത്തന്നയുടെ സായുജ്യ സമ്പന്നത. പരമഭാഗവതന്റെ പരമരുചിരമായ ജീവനകഥ പൈതൃകപ്പെരുമയുടെ നിറച്ചാര്ത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: