ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എടികെ മോഹന്‍ ബഗാനെ സമനിലയില്‍ തളച്ച് ഹൈദരാബാദ് എഫ്‌സി. ഫറ്റോര്‍ഡ ജവഹര്‍ലാല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി. എടികെക്കായി മന്‍വീര്‍ സിങ്ങും ഹൈദരാബാദിനായി ജാവോ വിക്ടറുമാണ് ഗോളുകള്‍ നേടിയത്.
ഈ സമനിലയോടെ എടികെ മോഹന്‍ ബഗാന്‍ പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനത്തെത്തി. അഞ്ചു മത്സരങ്ങളില്‍ അവര്‍ക്ക് പത്ത് പോയിന്റായി. ഹൈദരാബാദ് അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. നാല് മത്സരങ്ങളില്‍ അവര്‍ക്ക് ആറു പോയിന്റായി.
അമ്പത്തിനാലാം മിനിറ്റില്‍ എടികെ മോഹന്‍ ബഗാന്‍ ലീഡ് നേടി. മന്‍വീര്‍ സിങ്ങാണ് ഗോള്‍ അടിച്ചത്. ഹൈദരാബാദിന്റെ പ്രതിരോധം തകര്‍ന്ന് ബോക്‌സില്‍ കയറിയ മന്‍വീര്‍ സിങ്ങിന്റെ ഷോട്ട് വലയില്‍ പതിച്ചു.
പതിനൊന്ന് മിനിറ്റുകള്‍ക്ക് ശേഷം ഹൈദരാബാദ് സമനില പിടിച്ചു. പെനാല്‍റ്റിയിലൂടെ ജാവോ വിക്ടറാണ് സ്‌കോര്‍ ചെയ്തത്. ബോക്‌സിനുള്ളില്‍ മന്‍വീര്‍ സിങ് ഹൈദരാബാദ് താരം നിഖില്‍ പൂജാരിയെ വീഴ്‌ത്തിയതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്.
















