പ്രാചീന ഭാരതത്തിലെപ്രഗത്ഭ ഗണിതശാസ്ത്രജ്ഞനായിരുന്നു ഭാസ്‌കരാചാര്യ (ഭാസ്‌ക്കര 2). ജ്യോതിഷത്തിലും, ജ്യോതിശ്ശാസ്ത്രത്തിലുമെല്ലാം അപാര പണ്ഡിതന്‍.
12ാംനൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഭാസ്‌കരാചര്യരുടെ ജനനം സഹ്യന്റെ താഴ്‌വാരയിലെ ഗ്രാമങ്ങളിലൊന്നിലായിരുന്നു. വിഖ്യാതങ്ങളായ ഒട്ടേറെ ഗണിത ജ്യോതിശ്ശാസ്ത്ര ഗ്രന്ഥങ്ങള്‍ ഭാസ്‌കരാചാര്യയുടേതായുണ്ട്. അവയില്‍ വിശ്വപ്രസിദ്ധമാണ് ‘സിദ്ധാന്തശിരോമണി.’ അതിന്റെ ആദ്യഖണ്ഡമാണ് ‘ലീലാവതി’.
ഗണിതമാനങ്ങള്‍ക്കും പാണ്ഡിത്യത്തിനും വിധിയെ തടുക്കാനാവില്ലെന്ന തിരിച്ചറിവായിരുന്നു ഭാസ്‌ക്കരാചാര്യയെ ലീലാവതിയുടെ രചനയിലേക്ക് നയിച്ചത്. കൈപ്പിഴയാല്‍ വന്നൊരു ദുരന്തത്തിനുള്ള ശമനൗഷധമായി അദ്ദേഹത്തിന് ‘ലീലാവതി’.
ഭാസ്‌കരാചാര്യയുടെ മകളുടെ പേരായിരുന്നു ലീലാവതി. അച്ഛനെപ്പോലെ ഗണിതത്തില്‍ അതുല്യ പ്രതിഭ. കുഞ്ഞുനാളില്‍ തന്നെ ലീലാവതിയ്‌ക്ക് ഗണിതത്തിലുള്ള പാടവം അച്ഛന്‍ തിരിച്ചറിഞ്ഞിരുന്നു. ‘കണക്കിലെ കളികള്‍’ അവള്‍ക്കൊരിക്കലും സങ്കീര്‍ണമായിരുന്നില്ല. ഏതു ചോദ്യത്തിനും നിഷ്പ്രയാസമെത്തുന്ന ഉത്തരങ്ങള്‍.
ലീലാവതിയ്‌ക്ക് വിവാഹപ്രായമെത്തി. അച്ഛന്‍ അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. വിവാഹം എപ്പോള്‍ നടക്കുമെന്നറിയാനായി മകളുടെ ജാതകം പരിശോധിച്ചു. ജാതകപ്രകാരം വിവാഹയോഗമില്ലെന്നു കണ്ട ഭാസ്‌കരാചാര്യര്‍ മകളുടെ ഭാവിയെന്താകുമെന്നോര്‍ത്ത് ദുഃഖിതനായി. വിവാഹിതയായാലും വൈധവ്യമായിരുന്നു ജാതകവിധി.
എങ്കിലും ജ്യോതിഷത്തില്‍ തന്നെ അദ്ദേഹം അതിന് പ്രതിവിധി തേടി. വിവാഹത്തിനായി ഗ്രഹങ്ങള്‍ അനുകൂലമായി വരുന്നൊരു ശുഭമുഹൂര്‍ത്തം അദ്ദേഹം കണ്ടെത്തി. മഹാദേവ ഭക്തനായിരുന്ന അദ്ദേഹത്തിന് ദൈവം കൈവെടിയില്ലെന്ന ഉറച്ച വിശ്വാസവും തുണയായി.
വരനെ കണ്ടെത്തി. മുഹൂര്‍ത്തം നിശ്ചയിച്ചു. ‘ഘടിയന്ത്ര’ എന്നൊരു സമയ സൂചികയാണ് മുഹൂര്‍ത്തം തെറ്റാതിരിക്കാനായി തയാറാക്കി വച്ചത്. ഒന്നിനു മീതെ ഒന്നായി വച്ച രണ്ടു പാത്രങ്ങളുപയോഗിച്ചായിരുന്നു അത്. മുകളിലെ പാത്രത്തിന്റെ അ ടിയില്‍ ചെറിയൊരു സുഷിരമുണ്ടാക്കി അതില്‍ വെള്ളം നിറച്ചു. താഴെയുള്ള പാത്രത്തിലേക്ക് വെള്ളം തുള്ളിയായി വീഴുന്ന വിധത്തിലായിരുന്നു ക്രമീകരണം. അതിലെ ജലനിരപ്പിനെ ആധാരമാക്കിയായിരുന്നു മുഹൂര്‍ത്തം തീരുമാനിച്ചത്.
വിവാഹം ആര്‍ഭാടപൂര്‍വം നടന്നു. പക്ഷേ ലീലാവതിയുടെ ഭര്‍ത്താവ് വൈകാതെ മരിച്ചു. മകള്‍ വിധവയായത് ഭാസ്‌കരാചര്യര്‍ക്ക് അവിശ്വസനീയമായിരുന്നു. ഇത്രയും കണിശമായി നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ എങ്ങനെ പാകപ്പിഴ വന്നു!
അദ്ദേഹം ഘടിയന്ത്രം പരിശോധിച്ചു. മുകളിലെ പാത്രത്തില്‍ ഒരു മുത്ത് കിടക്കുന്നത് കണ്ടു. അത് സുഷിരത്തെ മൂടിക്കിടപ്പായിരുന്നു. മുത്ത് വീണ് വെള്ളത്തുള്ളികള്‍ താഴോട്ട് വീഴുന്നത് തടസ്സപ്പെട്ടതാണെന്ന് മനസ്സിലായി.അങ്ങനെ, മുഹൂര്‍ത്തം ഗണിച്ചത് തെറ്റി.
ലീലാവതി കഴുത്തിലണിഞ്ഞ മാലയില്‍ നിന്നായിരുന്നു മുത്ത് അതിലേക്ക് പതിച്ചത്. ഘടിയന്ത്രത്തിലെ വെള്ളത്തുള്ളികള്‍ താഴോട്ട് പതിക്കുന്നത് കാണാനായി ലീലാവതി പാത്രത്തിലേക്ക് എത്തിനോക്കിയപ്പോള്‍ മുത്ത് അടര്‍ന്നു വീഴുകയായിരുന്നു. കണക്കുകൂട്ടലുകള്‍ക്കും അപ്പുറത്താണ് വിധിനിശ്ചയങ്ങളെന്ന് അദ്ദേഹത്തിന് ബോധ്യമായി.
വിധിയെ പഴിച്ചിരിക്കാതെ അദ്ദേഹം മകളെയും ഗണിതത്തിന്റെ വിസ്മയ ലോകത്തേക്ക് നയിച്ചു.അച്ഛന്‍ മകള്‍ക്കു നല്‍കിയ ആ ഗണിത പാഠങ്ങളാണ് ‘ലീലാവതി’ യായി പരിണമിച്ചത്.
















