ധൈഷണിക പ്രഭാവത്തില്‍ ജ്വലിച്ച ചിന്താ പ്രഭുക്കന്മാരുടെയും ഗുരുവര്യന്മാരുടെയും കര്മഭൂമികയായിരുന്നു കര്‍ണാടകം. ഭക്തിമാര്‍ഗങ്ങളുടെ വൈവിധ്യത്തിനപ്പുറം ഭാരതീയ ധര്മപൈതൃകത്തിന്റെ ഏകത്വത്തിലേക്കാണ് അതിന്റെ ലയ സഞ്ചാരം.
തമിഴകത്തിന്റെ ദ്രാവിഡ ഭൂമികകള്‍ ശൈവവൈഷ്ണവ ശാഖകളിലൂടെ ഒഴുകിയത് ആത്മീയാന്തര്ധാരയുടെ വെളിച്ചം തന്നെയാണെങ്കിലും ഉടലെടുത്ത ഭക്തിധാരയുടെ ഗതി വിവിധവും വിചിത്രവുമായിരുന്നു. ഹൈന്ദവ നവോത്ഥാനത്തിന്റെ ലക്ഷ്യസാധ്യമായ മേഖലകളിലെല്ലാം പുതിയ ആശയാവേശങ്ങളുമായി അത് പരന്നൊഴുകി. ആത്മീയതയിലൂടെ ആചാര്യന്മാരെല്ലാം ലക്ഷ്യം വച്ചത് പുതിയ മനുഷ്യനെയും നവസമൂഹത്തെയുമാണ്.
പല കോണുകളില്‍ നിന്നും ഖണ്ഡനവിമര്ശമുണ്ടായെങ്കിലും ഗുരുജനങ്ങളുടെ സ്ഥിതപ്രജ്ഞയില്‍ അവയെല്ലാം നിഷ്പ്രഭമായി. ഭക്തിയുടെ മൂല്യത്തില്‍ നിന്നുദിച്ച് സമൂഹത്തിന്റെ പുനര്മൂല്യത്തിലേക്കുള്ള ആ യാത്രാപഥം ഭക്തിയെ ഒരര്‍ഥത്തില്‍ പുതുവഴിയില്‍ നിര്‍വചിക്കുകയായിരുന്നു. ബസവേശ്വരന്റെ വീരശൈവപ്രസ്ഥാനമെന്ന ‘ലിംഗായത് മാര്‍ഗം’ ഈ അര്‍ഥത്തില്‍ പ്രസക്തി നേടുന്നു. ബസവേശ്വരന്റെ അഗ്രിമസ്ഥാനത്തിനു സമീപം ഈ മണ്ഡലത്തില്‍ തിളങ്ങുന്ന ശുക്രനക്ഷത്രമാണ് അല്ലാമപ്രഭു.
ശിവജ്ഞാനത്തിന്റെ അമൃതകലയാണ് അല്ലാമപ്രഭു. സ്നേഹാദരങ്ങളോടെ അനുയായികള്‍ നല്‍കിയതാണ് പ്രഭുദേവയെന്ന പാവനനാമധേയം. ധനാഢ്യബ്രാഹ്മണ കുടുംബത്തില്‍ പിറന്ന അല്ലാമ ബാല്യത്തില്‍ തന്നെ അപൂര്‍വമായ ബുദ്ധിസാമര്‍ഥ്യവും അറിവിന്റെ അന്തര്‍ദാഹവും പ്രകടിപ്പിച്ചിരുന്നു. കനകലതയെന്ന സുന്ദരീരത്നമായിരുന്നു അദ്ദേഹത്തിന്റെ ധര്മപത്നി. ഭാര്യയുടെ അകാല ചരമത്തില്‍ നൊന്ത ആ ഹൃദയം ക്രമേണ ഇഹലോക സുഖങ്ങളില്‍ നിന്ന് മുക്തി പ്രാപിക്കുകയായിരുന്നു. ധ്യാനാധ്യയനങ്ങളും പഠനമനനങ്ങളുമായി സഞ്ചരിച്ച അല്ലാമ വ്യത്യസ്തമായ കര്‍മമണ്ഡലം രൂപപ്പെടുത്താന്‍ ശ്രമിച്ചു.
വേദോപനിഷത്തുകള്‍ പുരാണേതിഹാസങ്ങള്‍ തുടങ്ങിയ വായനാ യാത്രയിലാണ് അന്തര്‍ദര്‍ശനത്തിന്റെ ചിറകുകള് ലഭിക്കുന്നത്. ജ്ഞാനസരണിയില്‍ അദൈ്വത പ്രമാണമാണ് അല്ലാമയെ ഏറെ ആകര്‍ഷിച്ചതും ആനന്ദിപ്പിച്ചതും. ‘ഏകസദ് വിപ്രാ ബഹുധാ വദന്തി’ യെന്ന ഉപനിഷദോക്തിയിലൂടെ ആത്മജ്ഞാനത്തിന്റെ അതിരുകളില്ലാത്ത ഉയരങ്ങളിലാണ് മഹാഗുരുവിന്റെ ആരോഹണമുണ്ടായത്. ‘അനുഭവ മണ്ഡല’ത്തിലെ മുഖ്യാചാര പദവിയാണ് അല്ലാമയെ തേടി വന്നത്. ബസവേശ്വരനാണ് സ്വന്തം ഗുരുവെന്ന് അദ്ദേഹം സ്വയം പ്രഖ്യാപിച്ചെങ്കിലും പ്രഭുദേവ തന്റെ ഗുരുസ്ഥാനീയനാണെന്ന സങ്കല്പമാണ് ബസവേശ്വരയ്ക്കുണ്ടായിരുന്നത്. ഇരുവരുടേയും അറിവിന്റെയും അലിവിന്റെയും വിശാല മനസ്സിന്റെയും പാരസ്പര്യത്തില്‍ നിന്നാണ് ഇത്തരം സൗഹൃദ സൗരഭ്യം പൂത്തുലയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: