സ്വാതന്ത്ര്യലബ്ധിക്ക് ശേഷം 1949 നവംബര്‍ 26ന് ഇന്ത്യന്‍ ഭരണഘടന പ്രാബല്യത്തില്‍ വന്നു, ചരിത്രപരമായ ദിവസമായിരുന്നു അത്. സ്വതന്ത്ര ഇന്ത്യയുടെ ശില പാകിയ ചരിത്രപരമായ ആ ദിവസത്തിന്റെ 71-ാം വാര്‍ഷികമാണ് ഇന്ന്. ഡോ. രാജേന്ദ്ര പ്രസാദ്, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു, ഡോ. ഭീംറാവു അംബേദ്കര്‍, സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍, സുചേത കൃപലാനി, സരോജിനി നായിഡു, ബി എന്‍ റാവു, പണ്ഡിറ്റ് ഗോവിന്ദ് വല്ലഭ് പന്ത്, ശരത് ചന്ദ്ര ബോസ്, രാജഗോപാലാചാരി, എന്‍ ഗോപാല സ്വാമി അയ്യങ്കാര്‍, ഡോ. ശ്യാമപ്രസാദ് മുഖര്‍ജി, ഗോപിനാഥ് ബര്‍ദോളോയ്, ജെ ബി കൃപലാനി തുടങ്ങിയ മഹദ് വ്യക്തികള്‍ ഭരണഘടന രൂപീകരിക്കുന്നതിന് മഹത്തായ സംഭാവനകളാണ് നല്‍കിയത്. ലോകത്തെ എല്ലാ ഭരണഘടനകളും പഠനവിധേയമാക്കിയും നിരവധി ചര്‍ച്ചകള്‍ക്കും ശേഷമാണ് ഇന്ത്യന്‍ ഭരണഘടനക്ക് രൂപം നല്‍കിയത്. ഭരണഘടന ശില്പികളുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് ഭരണഘടനയുടെ കരട് തയ്യാറാക്കിയത്. കരട് കമ്മിറ്റി രണ്ട് വര്‍ഷവും 11 മാസവും 17 ദിവസവും ചെലവഴിച്ച് 141 തവണ യോഗം ചേര്‍ന്നാണ് ഭരണഘടനയുടെ ആമുഖം, 395 അനുച്ഛേദങ്ങള്‍, എട്ട് പട്ടികകള്‍ എന്നിവ തയ്യാറാക്കിയതെന്ന് മനസിലാക്കുമ്പോള്‍ അവരുടെ കഠിനാധ്വാനത്തിന്റെ ആഴം നമുക്ക് മനസിലാക്കാനാകും.
വളരെ നാളുകളെടുത്ത്, കാലാകാലങ്ങളില്‍ പല തവണ ഭേദഗതികള്‍ക്ക് വിധേയമായാണ് നിലവിലുള്ള ഭരണഘടന രൂപപ്പെടുത്തിയത്. നിലവില്‍ നമ്മുടെ ഭരണഘടനയ്ക്ക് 400ല്‍ അധികം അനുച്ഛേദങ്ങളും 12 പട്ടികകളും ഉണ്ട്. രാജ്യത്തെ ജനങ്ങളുടെ ആവശ്യങ്ങള്‍ ഉള്‍ക്കൊണ്ട് കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയാണ് ഭരണഘടന തുടരുന്നതെന്നാണ് ഇതുവഴി വ്യക്തമാകുന്നത്. നിരവധി വെല്ലുവിളികള്‍ നേരിട്ട് ഇന്ന് ഇന്ത്യന്‍ ഭരണഘടന ആഗോള സമൂഹത്തിന് മുമ്പില്‍ ശക്തമായും തനതായും നിലകൊള്ളുന്നതിന് കാരണം ഭരണഘടനയുടെ ഘടനയും അത് രൂപപ്പെടുത്തിയ രീതിയുമാണ്.
യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ഭരണഘടന ഒരു നിയമസംഹിത മാത്രമല്ല, മറിച്ച് എല്ലാ ജനവിഭാഗങ്ങള്‍ക്കും സ്വാതന്ത്ര്യം ഉറപ്പുനല്‍കുകയും ജാതി, വിശ്വാസം, ലിംഗം, പ്രദേശം, വിഭാഗം, ഭാഷ തുടങ്ങിയ ഭേദമില്ലാതെ തുല്യത വിഭാവനം ചെയ്യുകയും രാജ്യം പുരോഗതിയുടെയും സമൃദ്ധിയുടേയും പാതയിലാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഇത് ഭരണഘടനാശില്‍പ്പികള്‍ക്ക് ഇന്ത്യന്‍ ദേശീയതയില്‍ ഉണ്ടായിരുന്ന അടിയുറച്ച വിശ്വാസമാണ് വ്യക്തമാക്കുന്നത്. ഒരിക്കലും അസ്ഥിരതയ്ക്ക് ഇരയാകാതെ നമ്മുടെ ജനാധിപത്യം മുന്നോട്ട് സഞ്ചരിക്കുകയാണ്. ജനാധിപത്യ ഇന്ത്യ ഏഴു പതിറ്റാണ്ട് പിന്നിടുന്നതിനിടെ, 17 ലോക്സഭ, മുന്നൂറിലധികം നിയമസഭാ തെരഞ്ഞെടുപ്പുകള്‍ എന്നിവ സുഗമമായി നടന്നത് നമ്മുടെ ജനാധിപത്യത്തിന്റെ വിജയത്തിനുള്ള സാക്ഷ്യപത്രമാണ്. രാഷ്ട്രീയ അധികാരം എങ്ങനെയാണ് സമാധാനപൂര്‍ണവും ജനാധിപത്യപരവുമായ മാര്‍ഗത്തില്‍ മാറ്റുന്നതെന്ന് ഇന്ത്യന്‍ ജനാധിപത്യം ലോകത്തിന് കാണിച്ചു കൊടുത്തു.
സംസ്ഥാനങ്ങളും കേന്ദ്രവും അധികാരം പങ്കുവയ്ക്കുന്നതിനെക്കുറിച്ച് ഇന്ത്യന്‍ ഭരണഘടനയില്‍ കൃത്യമായ നിര്‍വചനമുണ്ട്. ലെജിസ്ലേച്ചര്‍, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവ ഒന്ന് മറ്റൊന്നിന്റെ അധികാര പരിധി ഒരിക്കലും ലംഘിക്കുന്നില്ല. ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തില്‍ പാര്‍ലമെന്റിനാണ് പരമോന്നത സ്ഥാനമെങ്കിലും പരിമിതികളുമുണ്ട്. ഭരണഘടനയില്‍ ഭേദഗതികള്‍ വരുത്താന്‍ പാര്‍ലമെന്റിന് അധികാരമുണ്ടെങ്കിലും അതിന്റെ അടിസ്ഥാനഘടനയില്‍ മാറ്റം വരുത്താന്‍ അനുവാദമില്ല.
ഇന്ത്യന്‍ ഭരണഘടന ജനങ്ങളുടെ താല്‍പ്പര്യത്തിനു പ്രത്യേക ഊന്നല്‍ നല്കുന്നു എന്നതിനു തെളിവാണ് അതിലെ മൂന്നാം ഭാഗത്തിലെ അനുച്ഛേദം 12 മുതല്‍ 35 വരെയുള്ള മൗലികാവകാശങ്ങളെക്കുറിച്ചുള്ള ഭാഗം. ഈ ഭാഗം ഇന്ത്യയിലെ ജനങ്ങളെ തുല്യരായി പരിഗണിക്കണമെന്നും അതിലൂടെ രാജ്യം ഒത്തൊരുമയുള്ള ഒരു ശക്തിയായി മുന്നേറണമെന്നും വിഭാവനം ചെയ്യുന്നു. ഭരണഘടനയുടെ ആദ്യ രൂപത്തില്‍ ഏഴ് മൗലികാവകാശങ്ങളാണ് ഉണ്ടായിരുന്നത്. എന്നാല്‍ 44-ാം ഭേദഗതിയിലൂടെ സ്വത്തിനുള്ള അവകാശം വേര്‍തിരിക്കുകയും ഭരണഘടനയിലെ നിയമ അവകാശങ്ങളിലേക്ക് മാറ്റുകയും ചെയ്തു. ആയതിനാല്‍ ഇന്ന് നമ്മുടെ ഭരണഘടന പൗരന്മാര്ക്ക് ആറ് മൗലികാവകാശങ്ങള്‍ ഉറപ്പ് നല്കുന്നു. തുല്യതക്കുള്ള അവകാശം, സ്വാതന്ത്ര്യത്തിനുള്ള അവകാശം, ചൂഷണത്തിനെതിരെയുള്ള അവകാശം, മതവിശ്വാസത്തിനുള്ള അവകാശം, സാംസ്കാരത്തിനും വിദ്യാഭ്യാസത്തിനുമുള്ള അവകാശം, ഭരണഘടന പരിഹാരങ്ങള്‍ക്കുള്ള അവകാശം എന്നിവയാണ് അവ. ഈ അവകാശങ്ങള്‍ നല്‍കുക വഴി സാസ്കാരിക വൈവിധ്യങ്ങള്ക്കിടെ ജനങ്ങളെ ഒരുമിച്ച് ചേര്‍ക്കാനാണ് ഭരണഘടന ശ്രമിച്ചത്. പൗരന്മാര്ക്കു നല്കിയ അവകാശങ്ങള്‍ നമ്മുടെ ഭരണഘടനയുടെ ആത്മാവാണ്.
മൗലികാവകാശങ്ങളോടൊപ്പം ഭരണഘടന ചില മൗലിക കര്‍ത്തവ്യങ്ങളും കൂടി പൗരന്മാരില് നിന്ന് ആവശ്യപ്പെടുന്നു. ഭരണഘടനയുടെ ആദ്യ രൂപത്തില്‍ തന്നെ മൗലികാവകാശങ്ങള്‍ ഉള്‍പ്പെട്ടപ്പോള്‍ കാലക്രമേണ ജനങ്ങള്‍ക്ക് ചില മൗലിക കര്‍ത്തവ്യങ്ങള്‍ കൂടി ആവശ്യമാണെന്ന തിരിച്ചറിവുണ്ടായി. 42ാം ഭേദഗതിയിലൂടെ മൗലിക കര്‍ത്തവ്യങ്ങള്‍ ഭരണഘടനയില്‍ ചേര്‍ക്കുകയുണ്ടായി. ഇന്ന് അനുച്ഛേദം 51 (എ)-യ്ക്കു കീഴില്‍ 11 മൗലിക കര്‍ത്തവ്യങ്ങള്‍ ഉണ്ട്. ഇതില്‍ പത്തെണ്ണം 42ാം ഭേദഗതി വഴിയും പതിനൊന്നാമത്തേത് 2002 ലെ 86ാം ഭേദഗതിയിലൂടെയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മൗലികാവകാശങ്ങള്‍ക്കൊപ്പം മൗലിക കര്‍ത്തവ്യങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കുക വഴി ഭരണഘടന രാജ്യത്തെ പൗരന്മാര് നേരിട്ട് അധികാരം പ്രയോഗിക്കുന്നതിന് പകരം ജനാധിപത്യ രീതിയില്‍ ചില കടമകളും പെരുമാറ്റങ്ങളും നിര്‍വഹിക്കുക എന്ന ലക്ഷ്യമാണ് വച്ചത്.
രാജ്യം ചില വെല്ലുവിളികള്‍ നേരിടുകയും ചില ഉന്നത ലക്ഷ്യങ്ങള്‍ കൈവരിക്കേണ്ടതായി വരികയും ചെയ്യുന്ന ഈ സാഹചര്യത്തില്‍ പൗരന്മാരില് രാജ്യത്തോട് സമര്‍പ്പണ ബോധവും കടമകളും ഉണ്ടാകേണ്ടതുണ്ട്. 21ാം നൂറ്റാണ്ട് ഇന്ത്യയുടേതായി നമ്മള് കരുതുന്നുണ്ടെങ്കില്‍ രാജ്യത്തിന്റെ പുരോഗതിക്കായി ഓരോ പൗരനും സംഭാവന നല്‍കേണ്ടത് അനിവാര്യമായ ഘട്ടമാണിത്. ഒരു പുതിയ ഇന്ത്യ രൂപപ്പെടുത്തുന്നതിനോ ആത്മനിര്‍ഭര്‍ ഭാരത് ഫലപ്രാപ്തിയില്‍ എത്തുന്നതിനോ ആകട്ടെ, രാജ്യത്തെ പൗരന്മാര് തങ്ങളുടെ ഭരണഘടനാപരമായ ചുമതലകള്‍ പൂര്‍ണമായി നിറവേറ്റുന്നതിലൂടെ മാത്രമേ അവ നേടാനാകൂവെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഭരണഘടനാ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് സമാധാനം, സഹവര്‍ത്തിത്തം, സാഹോദര്യം എന്നീ മൂല്യങ്ങള്‍ അടിസ്ഥാനമാക്കി ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ എന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുമെന്ന് നമുക്ക് പ്രതിജ്ഞ എടുക്കാം. അവകാശങ്ങളേക്കാളുപരി ചുമതലകളെക്കുറിച്ച് നമുക്ക് ബോധവാന്മാരാകാം. എന്നാല്‍ നമ്മള് പൗരന്മാരെന്ന നിലയില്‍ കര്‍ത്തവ്യങ്ങള്‍ കൂടി നിര്‍വഹിക്കുമ്പോള്‍ തീര്‍ച്ചയായും ഈ നൂറ്റാണ്ട് ഇന്ത്യയുടെ നൂറ്റാണ്ടായി മാറും.
ഓം ബിര്‍ള
ലോക്സഭാ സ്പീക്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: