നവോത്ഥാനത്തിന്റെ പ്രകാശധോരണിയില് മഹാരാഷ്ട്രയുടെ ആത്മീയ ഹൃദയത്തിന് 17ാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധത്തില്‍ ലഭിച്ച പുണ്യപൂരമാണ് തുക്കാറാം.
ഇന്നും ആ ജനതയ്ക്ക് ഭാഗവതമോതുന്ന പരമധര്‍മമെന്നാല്‍ ഗുരു തുക്കാറാമും അദ്ദേഹത്തിന്റെ ഉദാത്തമായ രചനാസമ്പുടങ്ങളുമാണ്. ജ്ഞാനേശ്വറും ഏകനാഥും ദാസോപന്തും ജനാബായിയും നാം ദേവും മുന്നടന്ന ഭക്തി യാത്രയുടെ നീണ്ടുപോയ ഐതിഹാസിക നിരയില്‍ സ്ഥാനം പിടിക്കുകയാണ് തുക്കാറാം.
വിപ്ലവകാരിയായ ആ സാമൂഹ്യ നവോത്ഥാന നായകന്റെ ജീവിത ചിത്രങ്ങള്‍ പലതും ഐതിഹ്യങ്ങളുടെ തിരശ്ശീലകള്‍ക്ക് അപ്പുറമാണ്. ജനനം 1608 ലാണെന്നും അതല്ല, 1598 ലാണെന്നും പണ്ഡിതമതമുണ്ട്. യുവത്വത്തില്‍ വന്നു ചേര്‍ന്ന ലൗകിക ദുരന്തങ്ങള്‍ ഏറ്റുവാങ്ങി വിരക്തനായ തുക്കാറാം പുണ്യ ഗ്രന്ഥങ്ങളില്‍ അഭയം തേടുകയായിരുന്നു. ഭക്തിയുടെ സാന്ദ്രലഹരിയില്‍ ആ ഹൃദയം തരളിതമായി.
തുടര്‍ന്ന് അലൗകിക അനുഭൂതി പ്രസരിക്കുന്ന അഭംഗുകളുടെ അക്ഷര പ്രവാഹമായിരുന്നു. അബോധ തലത്തില്‍ നിന്നും ഒഴുകിയെത്തിയ മായികമായ അറിവുറവുകള്‍ യോഗാത്മക ഗീതകങ്ങളായി വിരിഞ്ഞു. ഭക്തി മാര്‍ഗത്തിന്റെ വിഭൂതി മാര്‍ഗത്തിലലിഞ്ഞ് ഭഗവദ്ഗീതയുടെ നിത്യമധുരമായ ഭാഷ്യം പിറന്നു. ‘മന്ത്രഗീത’യെന്ന് അറിയപ്പെടുന്ന ഈ സുദുര്‍ലഭമായ വ്യാഖ്യാനപഠനം അര്‍ഥവും അര്‍ഥാന്തരവുമായി ശ്രേഷ്ഠത്വം പുല്കുന്നു. ‘ജ്ഞാനേശ്വരീ ഭാഷ്യം’ പോലെ പ്രചാരം നേടിയില്ലെങ്കിലും ഗീതയുടെ ഉപനിഷദ്സാരത്തെ പ്രചുരിമയില്‍ പിന്തുടരുന്ന മൂല്യസങ്കല്പം ഇതിന്റെ പ്രത്യേകതയാണ്. =
ഏറെ എതിര്‍പ്പുകളും വിമര്‍ശവും തുക്കാറാമിന് നേരെ ഉയര്‍ന്നു വന്നു. ശൂദ്രനായ തുക്കാറാമിന്റെ പുരാണ പഠനമനനങ്ങളും ഗീതാഭാഷ്യ യജ്ഞങ്ങളും സംസ്കൃത കൃതികളുടെ മൊഴിമാറ്റവും സ്ഥാപിത താല്‍പ്പര്യക്കാരായ ചില യാഥാസ്ഥിതിക ബ്രാഹ്മണര്‍ക്ക് സഹിക്കാവുന്നതായിരുന്നില്ല. അവര്‍ മെനഞ്ഞ കുതന്ത്രങ്ങളെല്ലാം പരാജയപ്പെട്ടതോടെ സമൂഹത്തിലെ സാധാരണ മനുഷ്യര്‍ ‘മന്ത്രഗീത’യെയും തുക്കാറാമിന്റെ രചനായന്ത്രങ്ങളെയും ആശ്ലേഷിക്കുകയായിരുന്നു. തുടര്‍ന്ന് തുക്കാറാമിന്റെ അംഗീകാരം വിപുലമായി. അനുയായികളുടെയും ശിഷ്യഗണങ്ങളുടെയും മധ്യത്തില്‍ ഗുരു കര്‍മോത്സുകനായി.
വീണ്ടും ചില കോണുകളില്‍ നിന്ന് ഉയര്‍ന്ന എതിര്‍പ്പുകളും പ്രതികാര നടപടിയുമെല്ലാം സ്ഥിതപ്രജ്ഞന്റെ ശാന്തതയോടെയാണ് തുക്കാറാം നേരിട്ടത്. സമൂഹത്തിലെ അധര്‍മികളെയും സ്വാര്‍ഥ ചിന്തകരെയും ചൂഷകരെയും അദ്ദേഹം ആശയപരമായി കീഴടക്കിയത് ചരിത്രമാണ്. ജാതിവ്യവസ്ഥയുടെ നിരര്‍ഥകത തുറന്നു കാട്ടിയ കവി കപട ഭക്തിയെ ശാന്തനായി എതിര്‍ക്കുകയും പൗരോഹിത്യത്തില്‍ വന്നു ചേരേണ്ട പരിവര്‍ത്തനത്തെക്കുറിച്ച് സമൂഹത്തിന് ഉല്‍ബോധനമേകുകയുമായിരുന്നു. സുതാര്യമായ ആ ജീവനകര്‍മകാണ്ഡം സാമൂഹ്യ വിപ്ലവകാരിയുടെ മുഖമാണ് തുക്കാറാമിനേകുന്നത്.
ആന്ധ്യത്തില്‍ നിന്ന് പ്രകാശത്തിലേക്ക് എന്ന ആശയത്തിലൂടെ ഈശ്വരനെ സേവിക്കാനും നന്മയുടെ നറുവെളിച്ചം പകരാനും അദ്ദേഹം കണ്ണും കാതും തുറന്നു വച്ചു. അഭംഗുകളിലെ ധ്വന്യാത്മകമായ വെളിച്ചമാണ് ഇതിനായി തുക്കാറാം ഉപയോഗിച്ചത്.
പണ്ഡര്‍പൂരിലെ ഭഗവാന് വിഠലനെ ഉപാസനാ മൂര്‍ത്തിയായി മുന്‍നിര്‍ത്തിയായിരുന്നു കര്‍മയോഗിയുടെ പുരോയാനം. വാര്‍ക്കരി ഭക്തിധാരയുടെ സൗവര്‍ണദശയിലായിരുന്നു ആ ജ്ഞാനയജ്ഞം. മറാത്തി സാഹിത്യത്തിനും സംസ്ക്കാരത്തിനും ഉന്നതമായ മൂല്യബോധവും ആശയ പ്രബുദ്ധതയുമാണ് തുക്കാറാം നല്‍കിയത്. വിസ്മയ സിദ്ധികള്‍ നേടിയിരുന്നുവെങ്കിലും അവ പ്രകടമാക്കാന്‍ തുക്കാറാം തുനിഞ്ഞില്ല. ശിഷ്യയായ ബഹീനാബായിയുടെ ആത്മകഥയില്‍ ഇത്തരം സൂചനയുണ്ട്. 1659 ലാണ് ധന്യധന്യമായ ധ്യാനാവസ്ഥയുടെ പരകോടിയില്‍ ആ ആത്മാവ് വിഠലനില്‍ വിലയം പ്രാപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: