കമ്മ്യൂണിസ്റ്റ് ചൈന തുടക്കം മുതല്‍ തന്നെ ഏകാധിപത്യപ്രവണതയും സാമ്രാജ്യത്വമോഹവും പ്രകടിപ്പിച്ചിരുന്നുവെങ്കിലും യുഎസ്എസ്ആറിന്റെ പതനത്തോടെ അത് പല മടങ്ങ് വര്‍ദ്ധിച്ചതായി കാണാം. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയും, സൈനികശക്തിയും,സാമ്രാജ്വത്വശക്തിയുമായി ഉയരാനുള്ള തത്രപ്പാടിലായിരുന്നു അവര്‍. അതു കൊണ്ടാണ് കഴിഞ്ഞ ദശകത്തില്‍ ഇരുപതിലധികം രാജ്യങ്ങളുമായി വ്യാപകമായ അതിര്‍ത്തിത്തര്‍ക്കങ്ങള്‍ ചൈന സൃഷ്ടിച്ചത്. ഭാരതത്തിന്റെ അവിഭാജ്യഘടകങ്ങളായ ലഡാക്ക്, അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ പ്രദേശങ്ങളുടെ വലിയൊരു ഭൂവിഭാഗം ചൈനയുടേതാണെന്ന് അവകാശപ്പെടുന്നതോടൊപ്പം, ഉത്തരകൊറിയയും ദക്ഷിണകൊറിയയും ചരിത്രപരമായി ചൈനയുടെ ഭാഗമായിരുന്നുവെന്നവര് അവകാശപ്പെടുന്നു. അതോടൊപ്പം റഷ്യയുടെ 1600 സ്ക്വയര്‍ കിലോമീറ്ററും വിയറ്റ്നാമിന്റെ വലിയൊരു ഭാഗവും ചരിത്രപരമായി ചൈനയുടെ കൈവശമായിരുന്നുവെന്ന അവകാശവും ഉന്നയിച്ചിട്ടുണ്ട്. ഇതിനുപുറമെ നേപ്പാള്‍, ഭൂട്ടാന്, ബ്രൂണെ, തായ്വാന്, കസാക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നിവയുമായും അതിര്‍ത്തിത്തര്‍ക്കമുണ്ട്. ജപ്പാനടക്കമുള്ള പല രാജ്യങ്ങളുമായി സമുദ്രാതിര്‍ത്തിയെ ചൊല്ലിയുള്ള തര്‍ക്കങ്ങളും നിലനില്‍ക്കുന്നുണ്ട്. ഇവയെല്ലാം ചൈനയുടെ സാമ്രാജ്യത്വ അധിനിവേശ യുദ്ധത്തിന്റെ ഭാഗമാണ്.
ഈ അധിനിവേശത്തോടൊപ്പം, മറ്റ് നാല് യുദ്ധതന്ത്രങ്ങളും ചൈന ഒരേ സമയം നടപ്പാക്കുകയാണ്. ഒന്നാമത്തേത് നവസാമ്പത്തിക കൊളോണിയലിസമാണ്. ശ്രീലങ്ക, മാലിദ്വീപ്, മൊറീഷ്യസ്, ഇറാന്, ഇറ്റലി, ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവയില്‍ ചൈന വന്‍കിട പ്രോജക്ടുകള്‍ ഏറ്റെടുത്തു നടത്തുന്നതോടൊപ്പം ചില ചെറിയ രാജ്യങ്ങള്‍ക്ക് വലിയ വായ്പകള്‍ നല്കി കടക്കെണിയില്‍ അകപ്പെടുത്തി തന്ത്രപ്രധാനമായ എയര്‍പോര്‍ട്ട്, സീപോര്‍ട്ട് കമ്പനികള്‍ എന്നിവ കൈയടക്കി മിലിട്ടറി ബേസുകള്‍ സ്ഥാപിക്കാനുള്ള അവസരം ഒരുക്കുകയാണ്.
രണ്ടാമത്തേത് സംസ്കാരിക അധിനിവേശമാണ്. ചൈനയിലെ 95 ശതമാനം ബുദ്ധവിഹാരങ്ങളും നശിപ്പിച്ചതിനു പുറമെ ടിബറ്റിലും ഇതാവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ നേപ്പാളിലെ ഹൈന്ദവ സംസ്കാരം നശിപ്പിക്കാനും ശ്രമിക്കുന്നു. ഗൗതമബുദ്ധന്റെ പാത പിന്തുടരുന്ന ലഡാക്കും, സിക്കിമും, അരുണാചല്‍ പ്രദേശവും ചൈന കൈയടക്കാന്‍ ശ്രമിക്കുന്നതും, ഇതേ ലക്ഷ്യത്തോടെയാണ്. ഇപ്പോള്‍ ചൈന അവരുടേതായ ഒരു കമ്യൂണിസ്റ്റ് – ബുദ്ധിസം ഈ പ്രദേശങ്ങളില്‍ നടപ്പാക്കി ഈ പ്രദേശങ്ങളുടെ സംസ്കാരികത്തനിമ മാറ്റിമറിച്ച് കമ്യൂണിസത്തിനനുയോജ്യമായ വിധം മാറ്റിയെടുക്കാന്‍ ശ്രമിക്കുകയാണ്.
മൂന്നാമത്തേത് ഒരു രഹസ്യയുദ്ധ (Proxy war) തന്ത്രമാണ്. മറ്റു രാജ്യങ്ങളിലെ പ്രത്യേകിച്ചും അമേരിക്ക, ചില യൂറോപ്യന്‍ രാജ്യങ്ങള്‍, ഭാരതം എന്നിവിടങ്ങളിലെ ബുദ്ധിജീവികള്‍, ഗവേഷകര്‍, പത്രപ്രവര്‍ത്തകര്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ വിലയ്ക്കെടുത്ത് വലയിലാക്കി രഹസ്യങ്ങള്‍ ചോര്‍ത്തുകയും രാജ്യ ദ്രോഹത്തിന് പ്രേരിപ്പിക്കുകയും ചെയ്യുകയാണ്. പല അമേരിക്കന്‍ സര്‍വ്വകലാശാലകളിലും ചൈനീസ് പഠനത്തിനും, ഏഷ്യന്‍ പഠനത്തിനും ചെയറുകളും, ഫെല്ലോഷിപ്പുകളും ഇതിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിലെ സ്പെയിസ് റിസര്‍ച്ച്, ഐടി മേഖലയിലെ കണ്ടുപിടുത്തങ്ങള്‍, ഡിഫന്‍സ് റിസര്‍ച്ച് എന്നിവയില്‍ നിന്നുള്ള രഹസ്യങ്ങള്‍ ചോര്‍ത്തുകയാണ് ലക്ഷ്യം. രണ്ടു മാസം മുന്‍പ് ഒരു ചൈനീസ് കൗണ്‍സല്‍ അടച്ചുപൂട്ടാന്‍ നടക്കുന്ന പല സമരങ്ങള്‍ക്കും അര്‍ബന്‍ നക്സലൈറ്റുകള്‍, ജിഹാദികള്‍ ക്രൈസത്വസഭകള് അടക്കമുള്ളവര്‍ക്ക് ചൈന സാമ്പത്തിക സഹായം നല്‍കുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തുകയുണ്ടായി.
ഏറ്റവും ഒടുവില്‍ ചൈന ജൈവയുദ്ധത്തിലേക്ക് കടന്നിരിക്കുന്നു. കഴിഞ്ഞ ദശകത്തില്‍ ലോകത്ത് വന്‍ നാശം വിതച്ച സാര്‍സ് വൈറസ്സിന്റെയും ഇപ്പോഴത്തെ കൊറോണ വൈറസ്സിന്റെയും ഉറവിടം ചൈനയായിരുന്നു. ഇത് ചൈനയുടെ സൃഷ്ടിയായിരുന്നോ എന്ന് തര്‍ക്കം തുടരുകയാണ്. എന്നാല്‍ ആഗസ്റ്റ് ആദ്യവാരം ബ്രിട്ടനിലേയും അമേരിക്കയിലേയും കുറെ വ്യക്തികള്‍ക്ക് കിട്ടിയ ചെറിയ പച്ചക്കറി വിത്തുകളുടെ പാക്കറ്റിന്റെ ഉറവിടം ചൈനയായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
തര്‍ക്കത്തിനുള്ള കാരണങ്ങള്‍
ഗള്വാന് നദീവാലിയില് മെയ്-ജൂണ്‍ മാസങ്ങളിലുണ്ടായ ചൈനയുടെ കടന്നുകയറ്റ ശ്രമത്തിന് പലചിന്തകരും നയതന്ത്രവിദഗ്ധരും വ്യത്യസ്തമായ കാരണങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യ ഡര്ബക്ക്-ഷയോക്ക്- ഡിബിഒ റോഡ് ഗള്വാന് തീരത്ത് നിര്മ്മിച്ചതിലുള്ള ചൈനീസ് പ്രതിഷേധമായി ചിലര്‍ ഇതിനെ വ്യാഖ്യാനിക്കുന്നു. കോവിഡ് വ്യാപനത്തില്‍ മുഖം നഷ്ടപ്പെട്ട ചൈന മുഖം രക്ഷിയ്ക്കാന്‍ കൈക്കൊണ്ട നടപടിയായി ഇതിനെ കാണുന്നവരുണ്ട്. പാക്കിസ്ഥാനെ സഹായിക്കാന്‍ ഭാരതീയ സേനയെ ലഡാക്കിലേക്കാകര്ഷിച്ച് ഭാവിയില്‍ പാക്കധീന കശ്മീരിനെ തട്ടി എടുക്കുക എന്ന ലക്ഷ്യവും ചൈനയ്ക്കുള്ളതായി സംശയിക്കുന്നു. മറ്റൊന്ന് ചെയര്മാന് മാവോയുടെ ഫൈവ്ഫിംഗര് തിയറിയുടെ പുനരുജ്ജീവനമാണ്. മാവോ ടിബറ്റിനെ ചൈനയുടെ വലതു കൈവെള്ളയായും, ലഡാക്ക്, നേപ്പാള്‍, ഭൂട്ടാന്,സിക്കിം, അരുണാചല്‍ പ്രദേശ് എന്നീ പ്രദേശങ്ങള്‍ അഞ്ച് വിരലുകളുമായാണ് വിവക്ഷിച്ചത്. ഈ മേഖലകളുടെ നിയന്ത്രണം ഭാരതത്തെ ദുര്‍ബ്ബലപ്പെടുത്താന്‍ ആവശ്യമാണെന്ന മാവോവിന്റെ കാഴ്ചപ്പാടിന് ഡോക്ക്ലാം പ്രതിസന്ധിക്കുശേഷം ചൈനീസ് നേതൃത്വത്തില്‍ പിന്തുണകൂടുകയാണ്.
സാമ്പത്തികതാല്പര്യം പരമപ്രധാനം
ചൈനയുടെ അമിതമായ സാമ്പത്തിക താല്പര്യങ്ങളാണ് ഭാരതവുമായുള്ള ഇപ്പോഴത്തെ പ്രതിസന്ധിക്ക് മുഖ്യകാരണം. ഭാരതം ഒരു വലിയ സാമ്പത്തിക ശക്തിയായി ഉയരുന്നത് ചൈനയുടെ സാമ്പത്തിക അധിനിവേശത്തിന് വിഘാതമാകുമെന്നാണ് അവരുടെ വിലയിരുത്തല്‍. ഏതാണ്ട് ഒരു ദശകം മുന്‍പ് ബ്രിട്ടനില്‍ ഓക്സ്ഫോര്‍ഡ് സ്റ്റഡിഗ്രൂപ്പും അമേരിക്കയില്‍ സിറ്റി ഗ്രൂപ്പും സ്വതന്ത്ര്യമായി നടത്തിയ പഠനങ്ങളില്‍ 2030 ഓടെ ജിഡിപിയില്‍ ചൈന അമേരിക്കയെ മറികടക്കുമെന്നും 2050 ഓടെ ഭാരതം ചൈനയെ മറികടന്ന് ലോകത്തെ ഒന്നാമത്തെ സാമ്പത്തികശക്തിയാകുമെന്നും പ്രവചിച്ചിരുന്നു. രണ്ടു ഡസനിലധികം സുപ്രധാന സൂചികകളുടെ അടിസ്ഥാനത്തില്‍ ശാസ്ത്രീയമായ അപഗ്രഥമായിരുന്നു ഇവ രണ്ടും. ചൈനയെ ഇത് അസ്വസ്ഥമാക്കിയിരുന്നെങ്കിലും അന്നത്തെ മോശമായ ഭരണത്തില്‍ ഇത് അസാദ്ധ്യമെന്നവര് വിശ്വസിച്ചു. എന്നാല്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ ”മെയ്ക്ക് ഇന്‍ ഇന്ത്യ” പദ്ധതി പ്രഖ്യാപിച്ചപ്പോഴാണ് ചൈനയ്ക്ക് വേവലാതി കൂടുതലായത്. മെയ്ക്ക് ഇന്‍ ചൈനാ പദ്ധതിയിലൂടെ രണ്ടു ദശകംകൊണ്ട് വന്‍ സാമ്പത്തിക ശക്തിയായ ചൈനയ്ക്കും മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ വികസന സാദ്ധ്യതകള്‍ വ്യക്തമായ ധാരണയുണ്ട്. ഒന്നു-രണ്ട് ദശകം കൊണ്ട് ഭാരതം ഒരു വലിയ വ്യാവസായിക ഉല്പാദക രാഷ്ട്രമായി ഉയരുന്നത് ചൈനയുടെ സാമ്പത്തിക അപ്രമാദിത്വത്തിനും സാമ്പത്തിക താല്‍പ്പര്യത്തിനും ഭീഷണിയാകുമെന്നവര്‍ ഭയക്കുന്നു.
രണ്ടാമത്തെ വിഷയം അമേരിക്കയും ചൈനയുമായുള്ള വ്യാപാരയുദ്ധത്തില്‍ ഭാരതം അമേരിക്കയെ പിന്തുണയ്ക്കുമെന്ന സംശയവും അതിന്റെ ഭാഗമായി ചൈനയ്ക്ക് നഷ്ടപ്പെടുന്ന വിദേശവ്യാപാരം ഭാരതം തട്ടി എടുത്തേക്കും എന്ന ഭയവുമാണ്. അതോടൊപ്പം കൊറോണ വൈറസ്സ് ചൈനയില്‍ നിന്ന് വ്യാപിച്ചപ്പോള്‍ ഇത് ചൈനയുടെ സൃഷ്ടിയാണെന്ന പാശ്ചാത്യലോകത്തിന്റെയും ജപ്പാനടക്കമുള്ള പല രാജ്യങ്ങളുടെയും വിശ്വാസം പല വ്യവസായങ്ങളും ചൈനയില്‍ നിന്ന് വിയറ്റ്നാം, തെക്കന്‍ കൊറിയ തുടങ്ങിയ പ്രദേശങ്ങളിലേക്കും ഒരു പരിധിവരെ ഭാരതത്തിലേക്കും മാറിപ്പോകുമെന്ന ഊഹാപോഹങ്ങളുണ്ടാക്കിയിരുന്നു. അതോടൊപ്പം ഭാരതത്തിലെ ചില രാഷ്ട്രീയ നേതാക്കളും ബുദ്ധിജീവികളും ആക്ടിവിസ്റ്റുകളും ചൈന വിടുന്ന വ്യവസായങ്ങളെ ഭാരതത്തിലേയ്ക്കാകര്ഷിക്കണമെന്നുള്ള പ്രസ്ഥാവനകളിറക്കയതും ചൈനയെ അസ്വസ്ഥമാക്കി.
മെയ് 17ന് കോവിഡ് 19നെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനുള്ള ആത്മ നിര്‍ഭര്‍ഭാരത് എന്ന പേരിലുള്ള 20 ലക്ഷം കോടിരൂപയുടെ ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചതിനെ ചൈന ഭയപ്പെടുകയാണ്. ഗാല്‍വാല്‍ വാലിയില്‍ മെയ് 5 മുതല്‍ ഇന്ത്യാ-ചൈനാ സൈന്യങ്ങള്‍ മുഖാമുഖം നിന്നിരുന്നുവെങ്കിലും ജൂണ്‍ 15-16 തിയ്യതികളിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത് എന്നത് ശ്രദ്ധേയമാണ്. ഇത് മുകളില്‍ സൂചിപ്പിച്ചിരുന്ന മുന്നു കാര്യങ്ങള്‍ മൂലം ചൈനയ്ക്കുണ്ടായിരുന്ന അസ്വസ്ഥതയുടെ ഭാഗമായി ഭാരതത്തിനുള്ള മുന്നറിയിപ്പാണ്. ഭാരതം വന്‍സാമ്പത്തികശക്തിയായി ഉയരാനുള്ള ഏതു നീക്കത്തെയും ചൈന തുരങ്കം വെയ്ക്കുമെന്ന സന്ദേശമാണത്.
ജൂണ്‍ 15-16 തിയ്യതികളിലെ സംഘര്‍ഷത്തില്‍ 20 സൈനികള്‍ക്ക് ജീവഹാനിയുണ്ടായപ്പോള്‍ ഭാരതം ചില സാമ്പത്തിക ഉപരോധപദ്ധതികള് സ്വീകരിച്ചിരുന്നു. തുടക്കത്തില്‍ 59 ചൈനീസ് ആപ്പുകള്‍ക്കും പിന്നീട് കൂടുതല്‍ ആപ്പുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തുകയുണ്ടായി. എന്നാല്‍ ചൈനയുടെ ഇത്തരം ആപ്പുകളില്‍ നിന്നുള്ള ആഗോള വരുമാനത്തിന്റെ ചെറിയ ഒരംശം മാത്രമേ ഭാരതത്തില്‍ നിന്ന് ലഭിക്കുന്നുള്ളൂ. അതുകൊണ്ട് സാമ്പത്തികമായി ചൈനയെ പ്രതിരോധിക്കാനാവില്ലന്നും അതേ സമയം ഇവയെ പുതിയ രൂപത്തിലും ഭാവത്തിലും പേരിലും റീപാക്ക് ചെയ്ത് സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലൂടെ ഇന്ത്യയിലേക്ക് കടത്തി വിടുന്നത് ജാഗ്രതയോടെ നിരീക്ഷിയ്ക്കേണ്ടതുണ്ടെന്നും അതോടൊപ്പം ചൈനയില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് ഗുണനിലവാരം ഉറപ്പാക്കാന്‍ പോര്‍ട്ടുകള്‍ക്ക് നിര്‍ദ്ദേശം നല്കി. രണ്ടാഴ്ച മുന്‍പ് പ്രധാനമന്ത്രി മന്‍കീബാത്തില്‍ കളിപ്പാട്ട നിര്‍മ്മാണ മേഖല വികസിപ്പിച്ച് സ്വാശ്രയം കൈവരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. ഇത് ചൈനയില്‍ നിന്നുള്ള കളിപ്പാട്ടത്തിന്റെ ഭീമമായ ഇറക്കുമതി ഒഴിവാക്കാനുള്ള നീക്കമാണ്. ചൈനയില്‍ നിന്നുള്ള ഇറക്കുമതി ഭാരതത്തിന്റെ മൊത്തം ഇറക്കുമതിയുടെ 14 ശതമാനവും, ഭാരതത്തില്‍ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതി നമ്മുടെ മൊത്തം കയറ്റുമതിയുടെ 5 ശതമാനവുമാണ്. ചൈനയില്‍ നിന്നുള്ള മൊത്തം ഇറക്കുമതി ഭാരതം നിര്‍ത്തിയാലും അത് ചൈനയുടെ മൊത്തം കയറ്റുമതിയുടെ 2.7 ശതമാനം മാത്രമേ വരുന്നുള്ളൂ. അതു കൊണ്ട് ചൈനയുടെ മേല്‍ കാര്യമായ സാമ്പത്തിക സമ്മര്‍ദ്ദം ചെലുത്താനാവില്ല. മറിച്ച് ഭാരതത്തിലെ പല വ്യവസായങ്ങളും ആശ്രയിക്കുന്നതു കൊണ്ട് തല്ക്കാലം പ്രതിസന്ധിയിലാകും. ഘട്ടം ഘട്ടമായി പ്രത്യേക മേഖലകളില്‍ വിദേശനിക്ഷേപം എന്നിവ ഉപയോഗപ്പെടുത്തി എത്രയും വേഗം ബദല്‍ സപ്ലെചെയിനുകള് സൃഷ്ടിക്കുന്നതിനായിരിക്കണം മുന്‍ഗണന കൊടുക്കേണ്ടത്.
എന്നാല്‍ ചൈനയ്ക്ക് ഭാരതത്തിന്റെ കമ്പോളത്തില്‍ കയറ്റുമതിയേക്കാള്‍ വലിയ താല്‍പ്പര്യങ്ങളുണ്ട്. ചൈനീസ് കമ്പനികള്‍ 800 ഓളം ഇന്ത്യന്‍ കമ്പനികളില്‍ വലിയ തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് ഇന്‍വെസ്റ്റ് ഇന്ത്യ എന്ന ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവ മിക്കതും ചൈനയില്‍ നിന്ന് നേരിട്ടല്ല. പകരം സിംഗപ്പൂര്‍, മൊറീഷ്യസ് റൂട്ടുകള്‍ വഴിയാണ്. ചിദംബരം തുടങ്ങി വെച്ച പി. നോട്ട് (ജ. ചീലേ) ചാനലിലൂടെ വരുന്ന വിദേശനിക്ഷേപങ്ങളുടെ ഉറവിടം വ്യക്തമാക്കേണ്ടതില്ല. ഇത് ചൈന ശരിക്കും ഉപയോഗിക്കുകയാണ്. കഴിഞ്ഞ വര്‍ഷം 6 മുതല്‍ 8 ബില്ല്യന്‍ ഡോളറിന്റെ ചൈനീസ് നിക്ഷേപം നടന്നതായാണ് കണക്കാക്കുന്നത്. മാര്‍ച്ച് 20 നു മുന്‍പായി 18 ഇന്ത്യന്‍ യൂണികോണ്‍ കമ്പനികളില്‍ ചൈന വലിയ തോതില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇവയില്‍ ബിഗ്ബാസ്ക്കറ്റ്, ബൈജൂസ്, മെയ്ക്ക്, മൈട്രിപ്പ്, ഓല, ഓയോ, പേടി എം, സ്നാപ്ഡീല്‍, സ്വിഗ്ഗി, സൊമാട്ടോ എന്നിവയും ഉള്‍പ്പെടുന്നു. ഇവയെ ഭാവിയില്‍ ഏറ്റെടുക്കുകയാണ് അവരുടെ ലക്ഷ്യം. ചൈനയുടെ ആഭ്യന്തര സമ്പദ് വ്യവസ്ഥയിലേക്കും, വിപണിയിലേക്കുമുള്ള കടന്നു കയറ്റം സൂസൂക്ഷ്മം വീക്ഷിച്ച് പരിഹാരം കണ്ടില്ലെങ്കില്‍ ഭാവിയില്‍ ഗുരുതരമായ ഭവിഷ്യത്തുകളുണ്ടാകാനിടയുണ്ട്. ജൂണ്‍ മാസത്തെ സംഘര്‍ഷത്തെ തുടര്‍ന്ന് ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഓട്ടോ മാറ്റിക് റൂട്ട് റദ്ദ് ചെയ്ത് ലൈസന്‍സിങ്ങ് ഏര്‍പ്പെടുത്തിയത് സ്വാഗതാര്‍ഹമാണ്.
ചൈനയ്ക്ക് ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ നിര്‍ണ്ണായകമായ ഇടപെടലില്‍ അവസരം നല്‍കിയത് 2010 ല്‍ ചൈനീസ് പ്രധാനമന്ത്രി ഭാരതം സന്ദര്‍ശിച്ചപ്പോള്‍ ആരംഭിച്ച ”സ്ട്രാറ്റജിക് ഇക്കണോമിക് ഡയലോഗ്” എന്ന നയത്തിന്റെ പിന്‍ബലത്തിലാണ്. ഉഭയസമ്മതത്തോടെ സ്വീകരിച്ച ഈ സമീപനത്തിന്റെ ലക്ഷ്യം അതിര്‍ത്തിത്തര്‍ക്കം തല്ക്കാലം മാറ്റിവെച്ച്, സാമ്പത്തിക സഹകരണം ശക്തമാക്കുക എന്നതായിരുന്നു. 2018ല്‍ മോഡി-സീജിന്പിങ് ഉച്ചകോടി യുവാനിലും 2019ല്‍ മഹാബലിപുരത്തും അരങ്ങേറിയത് ഈ നയത്തിന്റെ തുടര്‍ച്ചയായിട്ടായിരുന്നു.
ചൈന അഭിമുഖീകരിക്കുന്ന അപ്രതീക്ഷിതമായ സാമ്പത്തിക- രാഷ്ട്രീയ പ്രതിസന്ധികളില്‍ നിന്നും അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെട്ടതിന്റെ സമ്മര്‍ദ്ദത്തില്‍ നിന്നും ശ്രദ്ധതിരിച്ചുവിടാനുള്ള ശ്രമം കൂടിയാണ് ഇപ്പോഴത്തെ ചൈനയുടെ ഗൂഢലോചന.
ഈ പ്രശ്നങ്ങള്‍ തീര്‍ന്നാലും ചൈനയ്ക്ക് ഭാരതത്തിലുള്ള സാമ്പത്തിക താല്‍പ്പര്യം കുറയുകയില്ല. ഒരേ സമയം ഭാരതത്തിന്റെ വിപണിയുടെ നേട്ടമെടുക്കാനും ഭാരതം സ്വാശ്രയമായി വികസിക്കുന്നത് തടസ്സപ്പെടുത്താനും ചൈന ശ്രമിച്ചുകൊണ്ടേ ഇരിക്കും. ഇവയെ ശക്തമായും ഫലപ്രദമായും പ്രതിരോധിക്കാനുള്ള കരുതലും ആസൂത്രിതവും തന്ത്രപരവുമായ സമീപനവുമാണ് തുടര്‍ന്നും സ്വീകരിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: