കൃഷ്ണമയമായ കാവ്യജീവിതത്തിന്റെ മധുരോദാര സങ്കീര്‍ത്തനമായിരുന്നു ചണ്ഡിദാസ്. മധ്യകാലഘട്ടം വിരുന്നൂട്ടിയ വൈഷ്ണവ വിഭൂതിയുടെ പ്രസാദമാണ് ഈ യോഗാത്മക പ്രതിഭയിലൂടെ ബംഗാളി ജനത ഏറ്റുവാങ്ങിയത്. കൃഷ്ണ കീര്‍ത്തനത്തിന്റെ വേണുരാഗം കാലത്തിന്റെ സംഗീതികയായി മാറി.
ചൈതന്യ മഹാപ്രഭുവിന്റെ സംവേദനത്വത്തില് രത്നത്തിളക്കം സൃഷ്ടിച്ച ചണ്ഡിദാസ്, ചൈതന്യയുടെ മുന്‍ഗാമിയായെന്നും അതല്ല സമകാലികനാണെന്നും വാദമുണ്ട്. 14 ാം നൂറ്റാണ്ടാണ് ജീവിതകാലമെന്ന് പൊതുവേ അംഗീകരിക്കപ്പെടുന്നു. ജയദേവ ഗീതകങ്ങളും വിദ്യാപതിയുടെ അക്ഷരനക്ഷത്രങ്ങളും ചൈതന്യസ്വാമിയുടെ ഭക്തിഭാവമണ്ഡലത്തെ പ്രചോദിപ്പിച്ചിരുന്നെങ്കിലും ചണ്ഡിദാസിന്റെ അതീത സൃഷ്ടികളില്‍ സ്വാമികള്‍ സ്വാംശീകരിച്ചുണര്‍ത്തിയ അടയാളമുദ്രയും അംഗീകാരവുമുണ്ട്. വിസ്മൃതിയില്‍ അകപ്പെട്ടു പോകാതെ ചണ്ഡിദാസിനെ അനശ്വരമാക്കിയത് ചൈതന്യ മഹാപ്രഭുവിന്റെ ഭാവാത്മകമായ സംരക്ഷണ സാധ്യതയാണ്.
പാവനചരിതയായ ഗംഗാനദീതീരത്തെ രാംകലിയില്‍ രാധാഗ്രാമത്തിലാണ് ചണ്ഡിദാസ് ജന്മമെടുക്കുന്നത്. കൃഷ്ണമയയമായ ഗ്രാമീണാന്തരീക്ഷത്തില്‍ കലാജീവന കൗതുകങ്ങളെല്ലാം കൃഷ്ണജീവിതത്തിന്റെ പുണ്യാവബോധത്തിലായിരുന്നു. നാടകവും സംഗീതവും പാവക്കൂത്തും കൃഷ്ണലീലകളായി ക്ഷേത്രാഘോഷങ്ങളും പൊതുവിടങ്ങളും ഏറ്റുവാങ്ങി. ഉണ്ണിക്കണ്ണന് മുതല്‍ യോഗേശ്വര കൃഷ്ണന് വരെയുള്ള ഭഗവദ് കഥയിലെ തേജോമയമായ ലീലാരംഗങ്ങള്‍ ചുമര്‍ചിത്രങ്ങളില്‍ സംഗീതനടനങ്ങളായി. ഇവയില്‍ നിന്നും ഉണര്‍ന്നൊഴുകിയ അനുഭൂതികണങ്ങള്‍ ബാലനായ ചണ്ഡിദാസിന്റെ മനവും മിഴിയും കവിഹൃദയവും കവര്‍ന്നു.
കാലം മുന്നോട്ടൊഴുകിയപ്പോഴാണ് കീര്‍ത്തനങ്ങളും സംഗീതികകളും ഭാവഗീതികളും യോഗാത്മകമായ സൃഷ്ടികളും നാടകങ്ങളുമെല്ലാം ചണ്ഡിദാസിന്റെ പ്രതിഭാ വിപഞ്ചികയില്‍ ഭാവരാഗതാളമായത്. ഗായകനും അഭിനേതാവുമായി ആയിരമായിരം അരങ്ങുകളില്‍ ചണ്ഡിദാസ് തിളങ്ങി. ആ സുന്ദരരൂപവും കൃഷ്ണമയമായ ഉള്ളറിവുകളും ആരാധക മനസ്സില്‍ വിസ്മയമായി. ചണ്ഡിദാസിന്റെ കലാതരംഗങ്ങള്‍ സമൂഹത്തിന്റെ ബോധാബോധങ്ങളില്‍ ആതിര നിലാവു പടര്‍ത്തി. പ്രേമഭക്തിയുടെയും കാരുണ്യത്തിന്റെയും ഒരല ആ സൃഷ്ടികളില്‍ മന്ദാരസ്മേരം വിടര്‍ത്തി. മനുഷ്യനും സമുദായവും പുതുചിന്തയുടെ ഊര്‍ജിതാശയങ്ങള്‍ ഉള്‍ക്കൊള്ളുകയായിരുന്നു. പ്രണയചാപല്യങ്ങളുടെ പേരില്‍ കാമിനിയോടൊപ്പം ചണ്ഡിദാസിന് സ്വന്തം ഗ്രാമം വിട്ടുപോകേണ്ടി വന്ന കഥ ഐതിഹ്യ രൂപത്തില്‍ ച്രചരിച്ചിട്ടുണ്ട്.
രാധാകൃഷ്ണ പ്രണയത്തിന്റ തരളമധുരാനുഭൂതി പകരുന്ന രചനകള്‍ക്കൊപ്പം ജാതിചിന്തയ്ക്ക് അതീതമായ മാനവമൂല്യങ്ങളെ പ്രകീര്‍ത്തിക്കുന്ന ചണ്ഡിദാസിന്റെ എഴുത്തുകള്‍ സാമൂഹ്യ പരിവര്‍ത്തനത്തിന്റെയും ആദര്‍ശത്തിന്റെയും വിജയപതാകയേന്തുകയായിരുന്നു. ഭാവഗായകന്റെ അതുല്യമായ ആത്മപീഠം നേടിയെടുത്ത ആ വിശ്രുതപ്രതിഭ ഇന്നും ബംഗാളിന്റെ ആത്മസ്പന്ദമായി വേണുനാദം മുഴക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: