അടിമാലി: തേക്ക് കഴകള്‍ മുറിച്ച് കടത്തിയ കേസിലെ മുഖ്യ പ്രതിയെ പിടികൂടുവാനെത്തിയ വനംവകുപ്പ് സംഘത്തെ സംഘം ചേര്‍ന്ന് ആക്രമിച്ചു, മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ വാളറ ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലാണ് സംഭവം.
റേഞ്ചിന് കീഴിലെ നഗരംപാറ സ്റ്റേഷനിലെ സ്റ്റാഫ് നീനു പ്രതീപ്, വാളറ സ്റ്റേഷന് സ്റ്റാഫ് അഭിജിത്ത് എസ്.എസ്. എന്നീ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. പരിക്കേറ്റ ജീവനക്കാരെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേര്യമംഗലം കോളനിയിലെ ഇടക്കുടി സുരേന്ദ്രന് ഇ.ഇയും ഇയാളുടെ രണ്ട് ബന്ധുക്കളുമാണ് വനപാലകരെ ആക്രമിച്ചത്.
വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഊന്നുകല്‍ പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. 17ന് വാളറ ഫോറസ്റ്റ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ സുരേന്ദ്രനെ അന്വേഷിച്ച് എത്തിയപ്പോഴാണ് പ്രതിയും രണ്ട് ബന്ധുക്കളും ചേര്‍ന്ന് വനപാലകരെ ആക്രമിച്ചത്. സുരേന്ദ്രന്റെ പുതിയ വീട് പണിയ്ക്കായാണ് കാഞ്ഞിരവേലി തേക്ക് തോട്ടത്തില്‍ നിന്നിരുന്ന ഉണക്ക തേക്ക് കഴകള്‍ മുറിച്ചത്.
സഹായികളെ കൂട്ടി ഇവ വാഹനത്തില്‍ കയറ്റി കൊണ്ടുപോയി ഉരുപ്പടികള്‍ നിര്‍മ്മിച്ചിരുന്നു. തുടര്‍ന്ന് സുരേന്ദ്രന് പുതുതായി പണിതുകൊണ്ടിരുന്ന പുരയിടത്തില്‍ നിന്ന് വനംവകുപ്പ് ഇവ കണ്ടെത്തി. തേക്ക് കഴകള്‍ കയറ്റികൊണ്ട് പോകുവാന്‍ ഉപയോഗിച്ച വാഹനവും കസ്റ്റഡിയില്‍ എടുത്തു.
ഈ കേസ് കൂടാതെ വാളറ ഫോറെസ്റ്റ് സ്റ്റേഷനിലെ തന്നെ മറ്റൊരു കേസിലും സുരേന്ദ്രന് പ്രതിയാണ്. കേരള എക്സൈസ് വകുപ്പിലെ ജീവനക്കാരനായിരുന്ന സുരേന്ദ്രനെ സര്‍വീസിലിരിക്കെ അച്ചടക്ക നടപടിയുടെ പേരില്‍ ജോലിയില്‍ നിന്ന് നീക്കം ചെയ്തിട്ടുള്ളതാണ്. ഇയാള്‍ നിരവധി ഫോറസ്റ്റ്, പോലീസ്, എക്സൈസ് കേസുകളിയും പ്രതിയാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം. നിലവില്‍ റിമാന്‍ഡില്‍ ആയ സുരേന്ദ്രനെ വനം വകുപ്പ് കസ്റ്റഡിയില്‍ വാങ്ങുവാന്‍ ശ്രമം ആരംഭിച്ചിച്ചുണ്ട്.
സംഭവം അപലപനീയം
അടിമാലി: നേര്യമംഗലം റേഞ്ചിലെ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ കരിമണല്‍, വാളറ സ്റ്റേഷന് ജീവനക്കാരെ ആക്രമിച്ച സംഭവത്തില്‍ കെഎസ്എഫ്പിഎസ്ഒ പ്രതിഷേധിച്ചു.
പ്രതിയും ബന്ധുക്കളും ചേര്‍ന്ന് മാരകായുധങ്ങളുമായി ആക്രമണം നടത്തിയത്. സംഭവത്തില്‍ പരിക്കേറ്റ വനിതാ ബീറ്റ് ഫോറെസ്റ്റ് ഓഫീസര്‍ ഉള്‍പ്പെടെ മൂന്ന് ബിഎഫ്ഒമാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ സ്വാഗതം ചെയ്യുന്നതോടൊപ്പം ആക്രമണത്തിന് കൂട്ടുനിന്ന എല്ലാവരേയും പിടികൂടണമെന്നും കേരളാ സ്റ്റേറ്റ് ഫോറെസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് ഓര്ഗനൈസേഷന് ഇടുക്കി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
എക്സിക്യൂട്ടീവ് യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് എന്‍.റ്റി. സാജു, പി.എ. ഷാജിമോന്‍, പി.ജി. സന്തോഷ്, പി. ശ്രീകുമാര്‍, കെ.കെ. പ്രമോദ്, രമേശ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: