തൃശൂര്‍: ദേവസ്വം ഭൂമി കൈയേറിയെന്ന പരാതിയില്‍ തൃശൂര്‍ പ്രസ് ക്ലബ് ഭാരവാഹികള്‍ക്കെതിരെ ഈസ്റ്റ് പോലീസ് കേസെടുത്തു. പുത്തൂര്‍ സ്വദേശിയായ ജയകുമാര്‍ എന്നയാളുടെ പരാതിയെത്തുടര്‍ന്നാണ് നടപടി. പ്രസ് ക്ലബ് സ്ഥിതി ചെയ്യുന്ന സ്ഥലം വടക്കുന്നാഥ ദേവസ്വം ഭൂമിയാണെന്ന് കാണിച്ചായിരുന്നു പരാതി. റവന്യൂ വകുപ്പിന്റെ പരിശോധനയില്‍ ഇത് ദേവസ്വം ഭൂമിയാണെന്ന് വ്യക്തമായി. തുടര്‍ന്നാണ് കേസെടുത്തത്.
ഭൂമി കൈയേറിയിട്ടില്ലെന്നും 1971ല്‍ സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്താണ് പ്രസ് ക്ലബ് നിര്‍മ്മാണം നടത്തിയതെന്നും പ്രസ് ക്ലബ് ഭാരവാഹികള്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ പ്രസ് ക്ലബ്ബിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് രാജന്‍ കുറ്റുമുക്ക് ഉദ്ഘാടനം ചെയ്തു. ജില്ല സഹ സംഘടനാ സെക്രട്ടറി നന്ദന്‍ കൊള്ളന്നൂര്‍, കോര്‍പ്പറേഷന്‍ ജനറല്‍ സെക്രട്ടറി സുധന്‍, രാജന്‍ മണ്ണുത്തി, ടി.പി. ശിവശങ്കരന്‍ എന്നിവര്‍ പങ്കെടുത്തു.
















