1970-ലാണ് ഭാരതീയ ജനസംഘത്തിന്റെ പാറ്റ്നാ സമ്മേളനം ‘സ്വദേശിപദ്ധതി’ അംഗീകരിച്ചത്. ദീനദയാല്‍ ഉപാധ്യായയുടെ അകാലത്തുണ്ടായ വേര്‍പാടിനുശേഷം രാജ്യത്തിനു പുതിയ ദിശാബോധം നല്‍കുകയായിരുന്നു ലക്ഷ്യം. നാനാജി ദേശ്മുഖിന്റെയും ജഗന്നാഥറാവു ജോഷിയുടെയും നിര്‍ദ്ദേശപ്രകാരം ഡോ. സുബ്രഹ്മണ്യന് സ്വാമിയായിരുന്നു പ്രമേയം തയ്യാറാക്കിയതും അവതരിപ്പിച്ചതും. സ്വദേശി പദ്ധതി ഇടതുപക്ഷത്തെ അരിശംകൊള്ളിച്ചു. നിയന്ത്രണങ്ങളും ക്വോട്ടാ വ്യവസ്ഥയും അവസാനിപ്പിക്കാനും സോവിയറ്റ് മാതൃകയ്ക്കുപകരം മത്സരാധിഷ്ഠിത വിപണി വ്യവസ്ഥ രാജ്യത്ത് നടപ്പാക്കാനുമായിരുന്നു പ്രമേയം നിര്‍ദ്ദേശിച്ചത്. അതേസമയം മത്സരത്തോടൊപ്പം സമത്വവും ഉറപ്പുവരുത്തണം. അന്ന് ധനകാര്യവകുപ്പ് കൈകാര്യം ചെയ്തിരുന്നത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തന്നെയായിരുന്നു. 1970-71-ലെ ബജറ്റ് പ്രസംഗത്തിനിടയില്‍ അവര്‍ ‘സ്വദേശി പദ്ധതി’യെ തള്ളിക്കളഞ്ഞു. അവതാരകനെ അത്യന്തം ‘അപകടകാരിയായി’ വിശേഷിപ്പിച്ചു. തങ്ങളുടെ നിര്‍ദ്ദേശം അംഗീകരിച്ചാല്‍ ഭാരതം സ്വയംപര്യാപ്തതയും രണ്ടക്കവളര്ച്ചയും കൈവരിക്കും എന്നായിരുന്നു ജനസംഘം അവകാശപ്പെട്ടത്. സമ്പൂര്‍ണ്ണ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ഭാരതം ഒരു ആണവരാഷ്ട്രമായി മാറുകയും ചെയ്യും.
മുതലാളിത്തത്തിന് ബദല്‍ ശാസ്ത്രീയ സോഷ്യലിസം മാത്രമാണ് എന്ന ചിന്ത പ്രബലമായ കാലത്താണ് സ്വദേശി പദ്ധതി അവതരിപ്പിക്കപ്പെട്ടത്. സ്വദേശിയുടെ കാതലായ തത്വം ഭൗതികമായ സാമ്പത്തിക വളര്‍ച്ച ആദ്ധ്യാത്മിക പുരോഗതിയോട് പൊരുത്തമുള്ളതാവണം എന്നതായിരുന്നു. ദീനദയാല്‍ജി അവതരിപ്പിച്ച ഏകാത്മക സാമ്പത്തിക നയത്തിന്റെ വികസിത രൂപമായിരുന്നു സ്വദേശി പദ്ധതി. എന്നാല്‍ രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരുന്ന സാമ്പത്തിക നയം മാത്രമാണ് പുരോഗതിയുടെ വഴി എന്ന് ഭരണവര്‍ഗ്ഗം അന്ധമായി വിശ്വസിച്ചു. എല്ലാ എതിര്‍ശബ്ദങ്ങളെയും മുതലാളിത്ത പക്ഷപാതിത്വമായി വ്യാഖ്യാനിച്ച് നിശബ്ദരാക്കാന്‍ കോണ്‍ഗ്രസുകാര്‍ക്കൊപ്പം കമ്മ്യൂണിസ്റ്റുകാരും ഉണ്ടായിരുന്നു. ‘മുതലാളിത്തവും കമ്മ്യൂണിസവും ഉപരിപ്ലവമായി വ്യത്യസ്തമെങ്കിലും പ്രയോഗത്തില്‍ ഒന്നുതന്നെയെന്നു പറഞ്ഞ സാമ്പത്തിക ശാസ്ത്രജ്ഞന് ജെ.കെ. ഗാല്‍ബ്രെയ്ത്തിനെ എത്ര നിശിതമായാണ് ഇടതുപക്ഷ കക്ഷികള്‍ വിമര്‍ശിച്ചത് എന്നത് ചരിത്രമാണ്. ‘തൊഴിലാളി വര്‍ഗ്ഗ സര്വ്വാധിപത്യമെന്നാല് ഒരു ഏകാധിപത്യ പാര്‍ട്ടിയിലെ ഏകാധിപതിയുടെ സര്‍വ്വാധിപത്യമല്ലാതെ മറ്റൊന്നുമല്ല’ എന്നു പറയാന്‍ ഗുരുജി ഗോള്വല്ക്കറെപ്പോലെ വളരെ കുറച്ചു പേരെ അന്ന് ധൈര്യപ്പെട്ടിരുന്നുള്ളൂ.
പാറ്റ്ന സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട സാമ്പത്തിക നയത്തിന് അതിന്റെ അടിസ്ഥാന ചട്ടക്കൂടില്‍ അഞ്ചു ഘടകങ്ങളുണ്ടായിരുന്നു. ലക്ഷ്യം, മുന്‍ഗണനാക്രമം, വികസന തന്ത്രം, വിഭവസമാഹരണം, സ്ഥാപനപരമായ ഘടന (Institutional Achitecture) എന്നിവയാണ് അവ.
വിസ്തരഭയത്താല്‍ സ്വദേശി പദ്ധതിയുടെ ലക്ഷ്യത്തെപ്പറ്റി മാത്രം ഇവിടെ സൂചിപ്പിക്കാം. ലോകത്ത് പ്രബലമായി നിലനിന്ന സാമ്പത്തിക ചിന്തകളില്‍ അധികവും ഭൗതികവാദത്തില്‍ നിന്നും ഉരുത്തിരിയുന്ന ‘ഇസ’ങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. അവ ധാര്‍മ്മിക മൂല്യങ്ങളെ പരിഗണിച്ചതേയില്ല. എന്നാല്‍ യഥാര്‍ത്ഥ പ്രശ്നം ദേശീയ അഭിലാഷങ്ങളെ ലോകക്ഷേമവുമായി എങ്ങനെ സമന്വയിപ്പിക്കാം എന്നതാണ്. ഈ നിലയിലുള്ള ആശയങ്ങള്‍ ഗാന്ധിജി, ഗുരുജി ഗോള്‍വല്‍ക്കര്‍, റാം മനോഹര്‍ ലോഹ്യ, ദത്തോപന്ത് ഠേംഗ്ഡി തുടങ്ങിയവരുടെ രചനകളിലും കാണാം.
സ്വാവലംബനം അഥവാ സ്വാശ്രയത്വം (selfreliance) സ്വാതന്ത്രവും ഐശ്വര്യസമ്പൂര്ണ്ണവുമായ ഒരു രാജ്യത്തിന്റെ നട്ടെല്ലായി മാറണം. പ്രധാനമായും ഭക്ഷ്യവസ്തുക്കളുടെ ഉല്പാദനത്തില് ആത്മപുര്ത്തി അഥവാ സ്വയംപര്യാപ്തത (selfsufficiency) ഉണ്ടാകേണ്ടത് പ്രധാനമാണ്. കാരണം ഭാരതം അടിസ്ഥാനപരമായും ഒരു കാര്‍ഷിക രാജ്യമാണല്ലോ. ഭക്ഷ്യസ്വയംപര്യാപ്തതയുടെ അടിത്തറയില്‍ എല്ലാ മേഖലകളിലും ഉണ്ടാകുന്ന സ്വാശ്രയത്വം ഭാരതത്തെ ഒരു ആധുനിക വികസിത രാഷ്ട്രമാക്കും.
സ്വാവലംബനം, ആത്മപൂര്ത്തിയില് നിന്നും വ്യത്യസ്തമാണ്. രാജ്യത്ത് ഏതെങ്കിലും ഉല്പന്നങ്ങളുടെ കുറവുണ്ടായാല്‍ കയറ്റുമതിയിലൂടെ ലഭിക്കുന്ന വിദേശകറന്‍സി ഉപയോഗിച്ച് അവ ഇറക്കുമതി ചെയ്യാം. അതായത് കയറ്റുമതി ഇറക്കുമതിയെ താങ്ങിനിര്‍ത്തുന്നു. സ്വാശ്രയത്വ തത്വമനുസരിച്ച് നാം നമ്മുടെ വിഭവങ്ങള്‍ മാത്രം ഉപയോഗിക്കും. എന്നാല്‍ ആത്മപൂര്ത്തി (സ്വയംപര്യാപ്തത)യില്‍ ഒന്നിനും ദൗര്‍ലഭ്യം ഉണ്ടാകാത്ത തരത്തില്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കണം. അതായത് കഴിയുന്നതും ആഭ്യന്തരമായ ഉല്പാദനത്തെയും വിഭവങ്ങളെയും ആശ്രയിക്കുകയും വിദേശത്തുനിന്നുള്ള സൗജന്യങ്ങള്‍ (doles) സ്വീകരിക്കാതിരിക്കുകയും ചെയ്യും. ഇവിടെ സ്വദേശി സങ്കല്പം നിഷേധാത്മകമാകാതിരിക്കാന് ശ്രദ്ധിക്കണം. കാരണം ആഗോളീകരണത്തിന്റെ കാലഘട്ടത്തില്‍ ഓരോ രാജ്യവും സ്വന്തം വിഭവംകൊണ്ടും അതിനുള്ളിലും ജീവിക്കുക എന്നത് അസാധ്യമാണ്. മറിച്ച് എല്ലാ അവസരങ്ങളും ഉപയോഗിച്ച് രാജ്യത്തിന്റെ ആഭ്യന്തര സമ്പദ്വ്യവസ്ഥയെ മെച്ചപ്പെടുത്തുക എന്നതാണ് കരണീയം. ആത്മനിര്‍ഭരത, ആത്മപൂര്ത്തിയുടെ അഥവാ സ്വയംപര്യാപ്തതയുടെ മറ്റൊരുപേരാണ്. നാം നമ്മുടെ സമ്പദ്വ്യവസ്ഥയെ ആത്മനിര്‍ഭരമായി പുന:ക്രമീകരിക്കണം.
ദീനദയാല്‍ ഊന്നിപ്പറഞ്ഞ ഏകാത്മക ചിന്തയെ ഇന്ന് പാശ്ചാത്യര്‍ പുതുമോടിയില്‍ വിളിക്കുന്നത് ‘സിസ്റ്റംസ് അനാലിസിസ്’ (Systems Analysis) അഥവാ ‘ഹോളിസ്റ്റിക് കാഴ്ചപ്പാട്’ (holistic view) എന്നാണ്. (രാഷ്ട്രീയ, സാമൂഹ്യ സമ്പ്രദായങ്ങളെ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ ഉപയോഗിച്ച് അപഗ്രഥനത്തിന് അനുയോജ്യമായ ഘടകമായി കണക്കാക്കുന്ന രീതിയാണ് സിസ്റ്റംസ് അനാലിസിസ്. ചെറിയ യൂണിറ്റുകളുടെ പരസ്പരാശ്രയത്വം ഈ രീതിയില്‍ അവഗണിക്കപ്പെടുന്നില്ല). ജീവിതത്തിലെ പരസ്പരപൂരകതയിലൂടെ മാത്രമേ മനുഷ്യപുരോഗതി സാധ്യമാകൂ. മുതലാളിത്തത്തോട് കൂടുതല്‍ വിമുഖമായി മാറിക്കൊണ്ടിരിക്കുന്ന പാശ്ചാത്യലോകത്തിനു പോലും ഈ സമത്വചിന്ത ആകര്ഷകമായിക്കൊണ്ടിരിക്കുന്നു.
ഭാരതീയ സമൂഹത്തിലെ അംഗീകൃതവും ജനകീയവുമായ എല്ലാ മുദ്രാവാക്യങ്ങളും ഏകാത്മക മാനവദര്‍ശനത്തിന്റെ സങ്കല്പനങ്ങളില് നിന്നും ഉരുത്തിരിയുന്നതായി കാണാം. സ്വദേശിക്കും സ്വാശ്രയത്വത്തിനും വേണ്ടിയുള്ള ആഹ്വാനം, സാമ്പത്തിക വികേന്ദ്രീകരണം, ശാസ്ത്രസാങ്കേതിക വികസനം, പാരിസ്ഥിതിക സംരക്ഷണം, പ്രശ്നപരിഹാരങ്ങള്‍ക്കുള്ള ശാസ്ത്രീയ രീതി, ട്രസ്റ്റീഷിപ്പ് ആശയം തുടങ്ങി ഭാരതത്തിന്റെ ആത്മാവിനെ (ചിതി) ഉണര്‍ത്താന്‍ കഴിയുന്ന എല്ലാ ലക്ഷ്യങ്ങളും പ്രസ്തുത സങ്കല്പനങ്ങളില് കാണാം.
സമൂഹത്തില്‍ ഭാവാത്മകമായ പരസ്പരാശ്രിതത്വമാണ് ഏകാത്മ മാനവദര്‍ശനം മുന്നോട്ട് വയ്ക്കുന്നത്. ഒരു ഫലോദ്യാന കര്ഷകന് തേനീച്ച വളര്‍ത്തുന്ന അയല്ക്കാരനുണ്ടെങ്കില് ഇരുകൂട്ടര്‍ക്കും നഷ്ടമുണ്ടാകാതെ തേനീച്ചകള്‍ക്ക് തേന്‍ നുകരാന്‍ കഴിയും. പൂക്കളിലെ പരാഗണവും നടക്കും. എന്നാല്‍ ഒരു വളം നിര്‍മ്മാണശാലയും എണ്ണശുദ്ധീകരണ ശാലയും അടുത്തടുത്തുണ്ട് എന്ന് കരുതുക. തീര്‍ച്ചയായും തൊഴില്‍ സാധ്യത പരമാവധി വര്‍ദ്ധിക്കും. എന്നാല്‍ കമ്പനി പുറത്തുവിടുന്ന വിഷവാതകങ്ങള്‍ പൊതുജനങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാം. തൊഴിലാളിയുടെ ഉല്പാദനക്ഷമതയും കുറയും. രാജ്യത്തിനു ആത്യന്തികമായി നഷ്ടമാണുണ്ടാകുക. ഇത്തരത്തിലുള്ള നിഷേധാത്മക പരസ്പരാശ്രിതത്വം അഭിലഷണീയമല്ല.
കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളില്‍ വികസന പദ്ധതികളെ എതിര്‍ക്കാന്‍ ആരും തയ്യാറാകുകയില്ല. എന്നാല്‍ ജനാധിപത്യ രാജ്യങ്ങളില്‍ സമൂഹം അപശബ്ദങ്ങള്‍ ഉണ്ടാക്കിയാലും സര്‍ക്കാര്‍ ചില പ്രീതിപ്പെടുത്തലുകളിലൂടെ പദ്ധതികള്‍ നടത്തിയെടുക്കുന്ന രീതിയാണ് ഇപ്പോഴും ഉള്ളത്. ജനങ്ങളില്‍ പാരിസ്ഥിതിക അവബോധം വേണ്ടവിധം ഇനിയും ഉണ്ടാകേണ്ടതുണ്ട്.
സമന്വയ രീതിയിലുള്ള വികസനവുമായി ബന്ധപ്പെട്ട് മറ്റൊരു ഉദാഹരണം സൂചിപ്പിക്കാം. സമൂഹത്തെ മൂന്നുഗ്രൂപ്പുകളായി തിരിക്കുന്നു എന്നുകരുതുക. കര്‍ഷകര്‍, വ്യവസായികള്‍, തൊഴിലാളികളും സേവനമേഖലയില്‍ ഉള്ളവരും എന്ന തരത്തില്‍. പുതുതായി ആരംഭിക്കാന്‍ പോകുന്ന മൂന്നുപദ്ധതികള്‍ യഥാക്രമം വളംനിര്മ്മാണശാല, സ്റ്റീല്‍പ്ലാന്റ്, ആശുപത്രി സമുച്ചയം എന്നിങ്ങനെ സങ്കല്പിക്കുക. മുന്‍ഗണനാ രീതിയില്‍ ചിന്തിച്ചാല്‍ കര്‍ഷകര്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് വളം നിര്‍മ്മാണശാലയായിരിക്കും. വ്യവസായികള്‍ സ്റ്റീല്പ്ലാന്റും. രണ്ടുകൂട്ടര്‍ക്കും ആശുപത്രി സമുച്ചയത്തില്‍ താത്പര്യം കുറവാകാം. ഒരുപക്ഷേ പൊതുസമൂഹം മാത്രം ആശുപത്രിക്ക് മുന്‍ഗണന കൊടുത്തേക്കാം. ഒരു ജനാധിപത്യ രാജ്യത്ത് കര്‍ഷകരും വ്യവസായികളും അടങ്ങുന്ന സമ്മര്ദ്ദഗ്രൂപ്പിന് അനുകൂലമായ ഭൂരിപക്ഷ തീരുമാനമേ ഉണ്ടാകാന്‍ സാധ്യതയുള്ളൂ. എന്നാല്‍ കൊറോണ പോലെ ഒരു ആഗോള മഹാമാരിയുടെ കാലത്തായിരിക്കും ചികിത്സാ സൗകര്യത്തോളം പ്രധാനപ്പെട്ടതായി മറ്റൊന്നും ഉണ്ടാവില്ല എന്നു നാം തിരിച്ചറിയുന്നത്. അതായത് രൂപകല്പ്പനയോ, നിര്ദ്ദേശക്രമങ്ങളോ ഇല്ലാത്ത ഭൂരിപക്ഷ തീരുമാനം സമൂഹത്തെ അപകടത്തിലാക്കും. തീരുമാനങ്ങള്‍ വെറും ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലല്ല, ധാര്‍മ്മികതയുടെ അടിസ്ഥാനത്തില്‍ വേണം. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ധാര്‍മ്മികവും സദാചാരപരവുമായ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതാവണം.
പാശ്ചാത്യരാജ്യങ്ങളില്‍ വിദ്യാഭ്യാസ പരികല്പനയില് രൂപപ്പെട്ട പുതിയ പ്രവണതയനുസരിച്ച് കുട്ടികളുടെ സമഗ്രവികസനം എന്നാല്‍ ധാരണാപരമായ വികസനം (cognitive development) മാത്രമല്ല. അവരുടെ വ്യക്തിത്വത്തിലെ വൈകാരികവും ധാര്‍മ്മികവും സാമൂഹികവും പാരസ്ഥിതികവും ബൗദ്ധികവുമായ ഘടകങ്ങളും നാം പരിഗണിക്കണം. അതുകൊണ്ടാണ് ശിശു വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ‘ഹ്യൂമന്‍ ഇന്റലിജന്‍സ്’ (human intelligence) എന്ന പുതിയ പദം ഉപയോഗത്തിലുള്ളത്.
അഞ്ച് ട്രില്യന്‍ സമ്പദ്വ്യവസ്ഥ എന്ന വലിയ ലക്ഷ്യമാണ് നമുക്കുള്ളത്. രാജ്യത്ത് ഉല്പാദനം, ഉപഭോഗം, വിതരണം എന്നിവയില്‍ സന്തുലനം വേണം. സമ്പത്ത് സൃഷ്ടിക്കല്‍ (wealth creation) എന്നത് ആധുനിക പൊതുധനകാര്യത്തിന്റെ അംഗീകൃത ലക്ഷ്യമായി മാറിയിട്ടുണ്ട്. സാമ്പത്തിക സമത്വം എന്നാല്‍ ദാരിദ്ര്യം പങ്കുവയ്ക്കല്‍ അല്ല, സമൃദ്ധി പങ്കുവയ്ക്കലാണ്. ആ നിലയില്‍ സ്വദേശിയും വികേന്ദ്രീകരണവുമാണ് സമ്പദ് വ്യവസ്ഥയുടെ ലക്ഷ്യങ്ങള്‍. തെരുവ് കച്ചവടക്കാര്‍ മുതല്‍ സാങ്കേതിക വിദഗ്ധര്‍ വരെ രാഷ്ട്രനിര്‍മ്മാണത്തില്‍ പങ്കാളികളാകണം. രാജ്യത്തെ ‘അധികതൊഴില്‍ ശക്തി’ (surplus labour power)യെ തൊഴില്‍ അന്വേഷകര്‍ എന്ന നിലയില്‍ നിന്നും തൊഴില്‍ സൃഷ്ടാക്കളാക്കി മാറ്റണം. ശാസ്ത്ര സാങ്കേതിക വിദ്യയുടെ വികസനം, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ പുരോഗതി, കൃഷി ആധുനികവത്ക്കരണം, സൂക്ഷ്മ-ചെറു-ഇടത്തരം വ്യവസായങ്ങളുടെ വളര്‍ച്ച, ചൈനയെപ്പോലെ ലോകവ്യാപാര സംഘടനയെ ഫലപ്രദമായി ഉപയോഗിക്കല്‍ എന്നിവയും ആത്മനിര്‍ഭരതയുടെ ഭാഗമാണ്. ഹൈപ്പര്‍സോണിക് സാങ്കേതിക വിദ്യയില്‍ പ്രതിരോധ ശാസ്ത്രജ്ഞര്‍ നേടിയ നേട്ടം നമുക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്.
‘ആത്മനിര്‍ഭര്‍ ഭാരത്’ എന്ന ആശയം ഏകാത്മ മാനവദര്‍ശനത്തിന്റെ പ്രായോഗിക രൂപമാണ്. ഓരോ രാഷ്ട്രവും അതിന്റെ ‘ചിതി’ക്ക് അനുഗുണമായ വികസന തന്ത്രം ആവിഷ്ക്കരിക്കണമെന്ന് ദീനദയാല്‍ജി അഭിപ്രായപ്പെട്ടിരുന്നു. ഇ.എഫ്. ഷൂമാക്കര്‍ അഭിപ്രായപ്പെട്ടതുപോലെ ഏകാത്മക വികാസത്തിന്റെ ‘സാമ്പത്തിക കലനശാസ്ത്രം’ (Economic calculus) മനുഷ്യഘടകത്തെ അവഗണിക്കാന്‍ പാടില്ല.
ബി. വിജയകുമാര്‍
(ബിജെപി സംസ്ഥാന സമിതിയംഗം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: