പഞ്ചാബിന്റെ ആത്മീയഹൃദയം നവോത്ഥാനത്തിന്റെ നാന്ദീദശയ്ക്ക് കാതോര്‍ക്കാന്‍ കാലം പ്രായേണ വൈകിപ്പോയിരുന്നു. ഇസ്ലാം ഭരണത്തിന്റെ നയങ്ങളും സ്വാധീനവുമാണ് ഇതിന് കാരണമായി തീര്‍ന്നത്. പൈതൃകരഥ്യയില് നവാശയങ്ങളും ആചരണപദ്ധതിയുമായി ക്രമേണ ചൈതന്യവത്തായ ഫലപ്രാപ്തിയിലൂടെ പഞ്ചാബിന്റെ ഹൃദയവഴി മുന്നേറുകയായിരുന്നു. സിക്ക് മതവും സന്ത് പദ്ധതിയും ഭക്തി സന്തര്‍പ്പണത്തിന്റെ മാര്‍ഗരേഖയായി ചരിത്രത്തിലിടം നേടി. വിവിധ ഭക്തി പ്രസ്ഥാനങ്ങളുമായി ഗുരുക്കന്മാര് അവരവരുടെ ശ്രേണിയില്‍ ചരിക്കുകയായിരുന്നെങ്കിലും സമഗ്രമായ സാമൂഹ്യ സാംസ്ക്കാരിക പരിവര്‍ത്തനങ്ങളെല്ലാം ഭാരതീയ പൈതൃകത്തിന്റെ ഏകോന്മുഖമായ മൂല്യസങ്കല്‍പ്പത്തില്‍ അധിഷ്ഠിതമായിരുന്നു. സന്ത് സായീദാസ് ഇതിന്റെ ജ്വാലാ പ്രതീകമാണ്.
പഞ്ചാബിലെ ബഛോകി ഗ്രാമത്തില്‍ മില്ലിറായിയുടെ പുത്രനായ ഹേമരാജാണ് സംന്യാസീ സമൂഹത്തില്‍ സന്ത്സായീദാസ് എന്ന പാവന നാമധേയത്തില്‍ വിഖ്യാതനായത്. പരിവ്രാജക മുഖ്യനായ മുകുന്ദദാസില് നിന്നാണ് അദ്ദേഹം സംന്യാസ ദീക്ഷ നേടുന്നത്. പരമഗുരു രാമാനന്ദന്റെ ശിഷ്യനായ അനന്താനന്ദന്റെ പ്രേഷ്ഠശിഷ്യന്‍ പരമാനന്ദന്റെ അനുയായി ആയിരുന്നു മുകുന്ദദാസ്. ‘ഗുസായി ഗുര്‍ബാനി’ എന്ന ഗ്രന്ഥത്തില്‍ ഈ പരമ്പരയുടെ ആത്മീയ വഴികള്‍ സമഗ്രമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഗുസായി (ഗോസായി) എന്നറിയപ്പെടുന്ന വ്യത്യസ്ത ദര്‍ശന മാര്ഗാവലംബികളാണ് ഇവര്‍. പഞ്ചാബിലും പരിസര പ്രദേശങ്ങളിലും ഇന്നും ആ പൈതൃകശ്രേണിയുടെ ദീപശിഖാ വാഹകരുണ്ട്. അവരുടെ കര്‍മോജ്വലമായ മഹിത മാര്‍ഗങ്ങള്‍ സമൂഹജീവനത്തിന് പ്രാണവായുവാണ്.
സന്ത്സായീദാസിന്റെ പ്രകൃഷ്ട ഗ്രന്ഥമാണ് ‘രതന്ജ്ഞാനി’. ‘ജ്ഞാനി ബോധി’യെന്ന പൈതൃക സങ്കല്പ്പത്തിന് അനുരൂപമാണ് സായീദാസിന്റെ ജ്ഞാനസങ്കല്പം. വിശ്വദര്‍ശനത്തിന്റെ വിലോഭനീയമായ കരുത്തും കാന്തിയുമാണത്. ഗുരുജ്ഞാനവാഹിനിയായി അത് പരമജ്ഞാനത്തിന്റെ സാഗരത്തില്‍ വിലയിക്കുമെന്നാണ് സായീദാസിന്റെ ദിവ്യസന്ദേശം. ഗൃഹസ്ഥ ജീവിതം നയിച്ച സായീദാസിന്റെ പുത്രന്മാരായ നരഹര്ദാസ്, അര്‍വിദാസ്, വിഷ്ണുദാസ്, സുഷാനന്ദ്, രാമാനന്ദ് എന്നിവരും ഈ സമ്പ്രദായത്തിന് പ്രചരണപരമായ പ്രായോഗിക സംഭാവനകള്‍ നല്കിയവരാണ്. സിക്കുമതസ്ഥാപകനായ ഗുരുനാനാക്കും സന്ത്സായീദാസുമൊത്തുള്ള കൂടിക്കാഴ്ചയും അനുഭവവിവരണവും ‘ഗുര്‍ബാനി’യില്‍ രേഖപ്പെടുത്തുന്നുണ്ട്. വ്യത്യസ്തമാര്ഗാവലംബികളായിരുന്നെങ്കിലും നന്മയും മനുഷ്യസ്നേഹവുമാണ് അവരിരുവരേയും ഭാവാത്മകമായി ഐക്യപ്പെടുത്തുന്നത്.
ജ്ഞാനത്തെ അതിന്റെ മൗലിക പ്രത്യയങ്ങളില്‍ അറിയാനും ആരായാനും കണ്ടെത്താനും പ്രബോധനം നടത്തിയ സായീദാസ് ‘ജ്ഞാനാനന്ദമാണ് പരമപദം’ എന്ന് കണ്ടെത്തുന്നു. ഈ താത്വിക പ്രകാശം പൈതൃക സംസ്കൃതിയുടെ മൂലപ്രമാണം തന്നെ. സായീപ്രസാദത്തിന്റെ വിശ്വമഹിമകള് പാടിയൊഴുകുകയാണ് പഞ്ചാബിന്റെ സംസ്കൃത പ്രവാഹിനികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: