ഒരു മണ്ഡലത്തില്‍ തുടരെ തുടരെ മത്സരിക്കുക. നിയമസഭയില്‍ ഇടവേളകളില്ലാതെ അരനൂറ്റാണ്ട് തികയ്ക്കുക. ആ സൗഭാഗ്യത്തിന്റെ ഉടമ ഇപ്പോള്‍ ഒരാള്‍ മാത്രം. അതാണ് ഉമ്മന്‍ചാണ്ടി. കോട്ടയം പുതുപ്പള്ളിയില്‍ നല്ല ബന്ധുബലമുള്ള കുടുംബത്തില്‍ 1943 ല്‍ ജനിച്ച ഉമ്മന്‍ചാണ്ടി, 1970 ലെ തെരഞ്ഞെടുപ്പില്‍ ആദ്യം മത്സരത്തിനിറങ്ങിയപ്പോള്‍ തന്നെ വിജയം കണ്ടു. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ”ഇനിയും മത്സരിക്കുന്നുണ്ടോ” എന്നാരാഞ്ഞപ്പോള്‍ ”അത് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്” എന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ഉത്തരം.
ഉമ്മന്‍ചാണ്ടിക്ക് ഒരു ശൈലിയുണ്ട്. ആര്‍ക്കും എളുപ്പം അനുകരിക്കാന്‍ പറ്റാത്തതാണത്. മുടിചീകി ഒരുക്കിയ ഉമ്മന്‍ചാണ്ടിയെ ആരെങ്കിലും കണ്ടിരിക്കുമോ? വിലകൂടിയ ഖദര്‍ വസ്ത്രം വാങ്ങാന്‍ ശേഷിക്കുറവ് ഉണ്ടെന്ന് തോന്നുന്നില്ല. എന്നാലും വിലകുറഞ്ഞ ഖദറിനകത്ത് വിലകൂടിയ വ്യക്തിത്വമാണെന്ന് ഉമ്മന്‍ചാണ്ടിയെ നേരിട്ട് ബന്ധപ്പെട്ടവരെല്ലാം തിരിച്ചറിയും. രാഷ്ട്രീയത്തിലെ അപൂര്‍വ അവതാരമാണ് ഉമ്മന്‍ചാണ്ടിയെന്ന് വിശേഷിപ്പിക്കുന്നതില്‍ പിശുക്ക് കാണിക്കേണ്ടതേയില്ല.
ഉമ്മന്‍ചാണ്ടി നിയമസഭയില്‍ കയറുമ്പോള്‍ അതേ സഭയില്‍ എത്തിയ ആളാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്. പുതുപ്പള്ളി വിടാതെ ഉമ്മന്‍ചാണ്ടി നിന്നപ്പോള്‍ പിണറായി വിജയന് പല മണ്ഡലങ്ങളിലേക്ക് മത്സരം വ്യാപിപ്പിച്ചു. ഇടയ്ക്ക് മത്സരിക്കാതിരിക്കുകയും ചെയ്തതുകൊണ്ടാകാം അരനൂറ്റാണ്ടിന്റെ സൗഭാഗ്യം കൈവിട്ടുപോയത്.
വിദ്യാര്‍ഥി യുവജന നേതാവ് പിന്നെ എംഎല്‍എ, മന്ത്രി, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയ പദവികളെല്ലാം വഹിക്കാന്‍ അവസരം ലഭിച്ച ഉമ്മന്‍ചാണ്ടി യുഡിഎഫ് കണ്‍വീനറായും പ്രവര്‍ത്തിച്ചു. എ.കെ. ആന്റണി മന്ത്രിസഭയില്‍ തൊഴില്‍ വകുപ്പ് മന്ത്രിയായപ്പോഴാണ് തൊഴിലില്ലായ്മ വേതനം നടപ്പിലാക്കിയത്. കെ. കരുണാകരന് മന്ത്രിസഭയില്‍ ആഭ്യന്തര വകുപ്പ് ഭരിച്ചപ്പോഴാണ് പോലീസുകാരുടെ വേഷ സംവിധാനത്തില്‍ കാര്യമായ പരിഷ്കാരം കൊണ്ടുവന്നത്.
ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയത്തെ ശക്തമായി എതിര്‍ക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ജനാധിപത്യ മര്യാദ അംഗീകരിക്കാതെ നിര്‍വാഹമില്ല. ജനങ്ങളുമായി ഇടപഴകുമ്പോഴും ജനകീയ പ്രശ്നങ്ങള്‍ പാലിക്കുന്നതിലും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതിലും അദ്ദേഹം കാണിക്കുന്ന ശുഷ്കാന്തി ശ്രദ്ധേയമാണ്. ഉമ്മന്‍ചാണ്ടിയല്ല മുഖ്യമന്ത്രിയെങ്കില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവര്‍ത്തി ഇന്നും തുടങ്ങുമായിരുന്നില്ല. ഐ.ടി. വ്യവസായം വ്യാപിപ്പിക്കുന്നതിലും ഉമ്മന്‍ചാണ്ടിയുടെ പങ്ക് ഏറെ പ്രാധാന്യമേറിയതാണ്.
പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ കെ.ഒ. ചാണ്ടി-ബേബി ചാണ്ടി എന്നിവരാണ് അച്ഛനും അമ്മയും. പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളില്‍ പഠനം നടത്തി ബി.എ ബിരുദം നേടി. എറണാകുളം ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും സമ്പാദിച്ചു. സ്കൂളിലും കോളേജുകളിലും ഒന്നും ഇരുന്നുപഠിച്ച ശീലം ഉമ്മന്ചാണ്ടിക്കില്ലെന്നാണ് പൊതുവെ കേള്‍ക്കുന്ന പരിഭവം. ക്ലാസിന് വെളിയിലുള്ള രാഷ്ട്രീയകളിയാണ് മുഖ്യം. ആള്‍ക്കൂട്ടമില്ലെങ്കില്‍ ഉമ്മന്‍ചാണ്ടിയില്ല. കിടപ്പുമുറിയില്‍പോലും ജനക്കൂട്ടം. സ്വകാര്യം പറയുക എന്നത് അസാധ്യം. മുഖ്യമന്ത്രിയായിരിക്കെ ഓഫീസ് നടപടികള്‍ തത്സമയം കാണാനുള്ള സംവിധാനമൊരുക്കിയത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണല്ലോ. ബോട്ട് യാത്രക്കൂലി കൂട്ടിയതിനെതിരെ ഒരണ സമരത്തിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനാകുന്നത്. അന്ന് സെന്റ് ജോര്‍ജ്ജ് ഹൈസ്കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡണ്ടായിരുന്നു. പിന്നീട് കേരള രാഷ്ട്രീയത്തിലെ നിര്‍ണ്ണായക ശക്തിയായി മാറിയ ഉമ്മന്‍ ചാണ്ടി ഇവിടെ വെച്ചാണ്. 1967ല്‍ കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് ആന്റണി മാറിയപ്പോള്‍ ഉമ്മന്‍ ചാണ്ടി ആ സ്ഥാനത്തേക്ക് അവരോധിതനായി. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ആന്റണിക്ക് പിന്നാലെ ഉമ്മന്‍ ചാണ്ടിയും യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനത്തെത്തി തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തനം തുടങ്ങി.
1977 ല്‍ കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലും തുടര്‍ന്ന് എ.കെ. ആന്റണിയുടെ മന്ത്രിസഭയിലും തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്നു. 1981 ഡിസംബര്‍ മുതല്‍ 1982 മാര്‍ച്ച് വരെ കരുണാകരന് മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു.
എണ്‍പതുകളുടെ തുടക്കത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ രൂപമെടുത്ത ആന്റണി വിഭാഗത്തിലെ പ്രബല നേതാക്കളില്‍ ഒരാളായിരുന്നു ഉമ്മന്‍ ചാണ്ടി. രണ്ടു വര്‍ഷത്തോളം ആന്റണിക്കൊപ്പം ഔദ്യോഗിക കോണ്‍ഗ്രസ് നേതൃത്വം നല്‍കിയിരുന്ന മുന്നണി വിട്ട് പ്രവര്‍ത്തിച്ചു. 1982ല്‍ കോണ്‍ഗ്രസില്‍ മടങ്ങി എത്തിയ ഇദ്ദേഹം നിയമസഭാ കക്ഷി ഉപനേതാവായി. തുടര്‍ന്ന് കുറെ വര്‍ഷങ്ങള്‍ അദ്ദേഹം സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. 1991ല്‍ കരുണാകരന് മന്ത്രിസഭയില്‍ ധനമന്ത്രിയായി. പാര്‍ട്ടിക്കുള്ളില്‍ കരുണാകരന്-ആന്റണി വിഭാഗങ്ങള്‍ തമ്മിലുള്ള ചേരി തിരിവ് ശക്തമായി. 1994ല്‍ എം.എ .കുട്ടപ്പന് രാജ്യസഭാ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളില്‍ കരുണാകരനെ വെല്ലുവിളിച്ചു കൊണ്ട് ഉമ്മന്‍ ചാണ്ടി മന്ത്രിസ്ഥാനം രാജിവച്ചു.
2001ല്‍ എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിലെത്തിയപ്പോള്‍ ഉമ്മന്‍ ചാണ്ടി വീണ്ടും യു.ഡി.എഫ് കണ്‍വീനറായി ചുമതലയേറ്റു. മൂന്നു വര്‍ഷത്തിന് ശേഷം ലോകസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് എ.കെ. ആന്റണി രാജി വെച്ചു. തുടര്‍ന്ന് 2004 ഓഗസ്റ്റ് 31ന് ഉമ്മന്‍ ചാണ്ടി കേരള മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. 2006 മേയ് വരെ ഈ പദവിയില്‍ തുടര്‍ന്നു. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജി വെക്കുകയും വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേല്‍ക്കുകയും ചെയ്തു. 2006 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തില്‍ ഇദ്ദേഹം പ്രതിപക്ഷ നേതാവായി. 2011ല്‍ ഏപ്രിലില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും യു.ഡി.എഫിന് ഭൂരിപക്ഷം ലഭിക്കുകയും 2011 മേയ് 18നു് കേരളത്തിന്റെ ഇരുപത്തി ഒന്നാമത് മുഖ്യമന്ത്രിയായി ഉമ്മന്‍ ചാണ്ടി രണ്ടാം വട്ടം അധികാരമേല്‍ക്കുകയും ചെയ്തു. പൊതു ഭരണത്തിന് പുറമേ ആഭ്യന്തരം, വിജിലന്‍സ്, ശാസ്ത്ര-സാങ്കേതികം, പരിതഃസ്ഥിതി തുടങ്ങിയ വകുപ്പുകളുടെ ചുമതലയും അദ്ദേഹം ഏറ്റെടുത്തിരുന്നു. എന്നാല്‍ പാമോയില്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് 2011 ഓഗസ്റ്റ് 9ന് ഇദ്ദേഹം വിജിലന്‍സ് വകുപ്പിന്റെ ചുമതല തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൈമാറി.
2012 ഏപ്രില്‍ 12ന് നടന്ന കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പ് മാറ്റത്തെ തുടര്‍ന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി ഇദ്ദേഹം തിരുവഞ്ചൂരിന് കൈമാറി. എന്നാല്‍ മന്ത്രിസഭയിലെ ഈ അഴിച്ചു പണി കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ തന്നെ ചില പ്രതിഷേധ സ്വരങ്ങള്‍ക്കിടയാക്കി. ഐക്യരാഷ്ട്ര സംഘടന ആഗോള തലത്തില്‍ പബ്ലിക് സര്‍വീസിനു നല്കുന്ന പുരസ്കാരം 2013ല്‍ മുഖ്യമന്ത്രിയായിരിക്കേ അദ്ദേഹത്തിന്റെ ഓഫീസിന് ലഭിച്ചു. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്കായിരുന്നു അവാര്‍ഡ്.
പ്രസ് സെക്രട്ടറിയായിരുന്ന പി.ടി.ചാക്കോ ഉമ്മന്‍ ചാണ്ടിയുടെ ജീവിതത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കിയെഴുതിയ പുസ്തകത്തിന്റെ പേരും ‘കുഞ്ഞൂഞ്ഞ് കഥകള്‍ – അല്പം കാര്യങ്ങളും’ എന്നാണ്. കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഭാര്യ. അച്ചു ഉമ്മന്‍, ചാണ്ടി ഉമ്മന്‍ എന്നിവര്‍ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: