ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണില്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ചിന്റെ കിരീട മോഹങ്ങള്‍ക്ക് നാടകീയമായ പരിസമാപ്തി. നാലാം റൗണ്ട് മത്സരത്തിനിടെ ലൈന്‍ ജഡ്ജിനു നേരെ ആകസ്മികമായി പന്ത് തട്ടിയതിന് ദ്യോക്കോവിച്ചനെ യുഎസ് ഓപ്പണില്‍ നിന്ന് അയോഗ്യനാക്കി.
സ്പാനിഷ് താരമായ പബ്‌ളോ കരേനോ ബുസ്റ്റക്കെതിരായ മത്സരത്തിന്റെ ആദ്യ സെറ്റില്‍ 5-6ന് ദ്യോക്കോവിച്ച് പിന്നില്‍ നില്‍ക്കേയാണ് നാടകീയമായ പുറത്താകലിന് വഴിവച്ച സംഭവം. സര്‍വ് കളഞ്ഞതില്‍ നിരാശനായ ദ്യോക്കോവിച്ച് കോര്‍ട്ടിന് പിറകിലേക്ക് അടിച്ച പന്ത് വനിതാ ലൈന്‍ ജഡ്ജിന്റെ കഴുത്തില്‍ തട്ടി. ഉടന്‍ തന്നെ അവരുടെ സമീപത്തേക്ക് ഓടിയെത്തി ദ്യോക്കോവിച്ച് ആശ്വസിപ്പിച്ചു. തുടര്‍ന്ന് ടൂര്‍ണമെന്റ് റഫറി സോറന്‍ ഫ്രൈമലും ചെയര്‍ അമ്പയര്‍ ടൂര്‍ട്ടിയുമായി ചര്‍ച്ച നടത്തിയശേഷം ദ്യോക്കോവിച്ചിനെ അയോഗ്യനാക്കുകയും ബുസ്റ്റ വിജയിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു.
മനപ്പൂര്‍വമല്ല പന്ത് തട്ടിയതെന്ന് ദ്യോക്കോവിച്ച് വിശദീകരിച്ചെങ്കിലും ടെന്നീസിലെ നിയമം ദ്യോക്കോവിച്ചിന് വിനയായി. കോര്‍ട്ടില്‍ വെച്ച് ഏതെങ്കിലുമൊരാള്‍ക്ക് നേരെ പന്ത് അടിച്ചാല്‍ അയോഗ്യനാക്കുമെന്നാണ് ഗ്രാന്‍ഡ് സ്ലാം നിയമം.
റാഫേല്‍ നദാല്‍, റോജര്‍ ഫെഡറര്‍ തുടങ്ങിയ പ്രമുഖരോക്കെ വിട്ടുനില്‍ക്കുന്ന ഇത്തവണത്തെ യുഎസ് ഓപ്പണില്‍ കിരീടസാധ്യത കല്‍പ്പിക്കപ്പെട്ട കളിക്കാരനാണ് ദ്യോക്കോവിച്ച്. പതിനെട്ടാം ഗ്രാന്‍ഡ് സ്ലാം കിരീടം ലക്ഷ്യമിട്ടാണ് ഈ സെര്‍ബിയന്‍ താരം യുഎസ് ഓപ്പണിനെത്തിയത്.
















