മധ്യകാലഭാരതത്തില്‍ നവോത്ഥാനത്തിന്റെ രഥചക്രവീഥിയില്‍ സാമ്പ്രദായിക വിചാരധാരയോ, മതാധിഷ്ഠിതമായ കര്‍മസരണികളോ, അവകാശപ്പെടാനില്ലാത്ത ധാരാളം ആത്മീയാചാര്യന്മാര് ഇടം നേടിയിട്ടുണ്ട്. വിശിഷ്ടരായ ശിഷ്യരുടെയോ പരമ്പരയുടെയോ, അഭാവത്തിലും അവര്‍ കാലങ്ങളില്‍ പടുത്തുയര്‍ത്തിയത് നന്മയുടെ ചൈതന്യഗോപുരങ്ങളാണ്. ചരിത്രത്തിന്റെ ഭാഷയിലോ ഭാഷ്യത്തിലോ, അവര്‍ സ്വത്വമുദ്ര ചാര്‍ത്തിയില്ലെങ്കിലും സ്വപ്നപ്പഴമകളും ഐതിഹ്യങ്ങളും മുത്തശ്ശിക്കഥകളും ആ മുനിസമാനന്മാരുടെ ചുറ്റും ധന്യത വിടര്‍ത്തുന്നു.
കശ്മീരിലെ ശിവയോഗിനി ലല്ലേശ്വരി, ഭക്തിവഴിയിലെ ഏകാന്ത സഞ്ചാരിണിയാണ്. ലാല്‍ഭേദ്, ലല്ലാ, ലാല്‍ദീദി, ലലശ്രീ, ലല്ലാ യോഗീശ്വരി തുടങ്ങി വിവിധ നാമരൂപങ്ങളില്‍ ആ പൂജനീയ വ്യക്തിത്വം വിളി കൊള്ളുന്നു. നിരക്ഷരയായിരുന്ന യോഗിനി, അകക്കണ്ണിന്റെ കാഴ്ചയില്‍ അറിവിന്റെ അമൃതവാഹിനിയായി. ഭഗവദ്ഗീതയുടെ ആന്തരിക ചക്ഷുസ്സില്‍ സ്വാംശീകരിച്ച വിഭൂതിയാണ് ലല്ലാദീതിയുടെ വാക്കുകളില്‍ വിളക്കുകൊളുത്തിയത്. ‘ത്രികശാസ്ത്ര’ മെന്നറിയപ്പെട്ട, കശ്മീരി ശൈവതത്വസംഹിതയിലെ ജ്ഞാനസുഗന്ധം സാധനയിലൂടെയാണവര്‍ സ്വായത്തമാക്കിയത്. ശിവോപാസനയിലൂടെ കാലത്തിന് മുന്നേ നടന്ന അവര്‍ ഭാരതീയമായ അവധൂത ജീവനസങ്കല്‍പ്പമാണ് സാക്ഷാത്ക്കരിച്ചത്. ‘ഇദം ന മമഃ’ എന്ന ഉപനിഷദ്സാരസര്‍വസ്വത്തിന്റെ സായൂജ്യം നേടിയായിരുന്നു ആ സഫലയാത്ര. അസാധാരണമായ പെരുമാറ്റവും അനിതര സാധാരണമായ വാക്കുകളും ലല്ലായുടെ ആത്മീയോര്‍ജത്തിന് തെളിവായിരുന്നു.
ശ്രീനഗറിലെ പണ്ഡ്റേഥാല്‍ ദേശത്തെ പണ്ഡിറ്റ് കുടുംബത്തില്‍ 1320 ലാണ് ലളിത എന്ന ലല്ലേശ്വരിയുടെ പിറവി. പന്ത്രണ്ടാം വയസ്സില്‍ വിവാഹിതയായെങ്കിലും ഭര്‍തൃവീട്ടില്‍ യാതനകള്‍ മാത്രമായിരുന്നു വധുവിനെ കാത്തിരുന്നത്. ഭര്‍ത്താവ് നിക ഭട്ടും ഭര്‍തൃമാതാവും ലല്ലായുടെ ജീവിതം ദുഃഖഭരിതമാക്കി. എതിര്‍പ്പിനിടയിലും ശിവോപാസനയും പ്രാണായാമവും നടകേശഭൈരവ ക്ഷേത്രത്തിലെ നിര്‍മാല്യ ദര്‍ശനവും ലല്ലാ തുടരുകയായിരുന്നു. ജീവന് അപകടത്തിലാണെന്നറിഞ്ഞ ഘട്ടത്തിലാണ് ഇരുപത്തിനാലാം വയസ്സില്‍ ലല്ല സധൈര്യം വീടുവിട്ടിറങ്ങുന്നത്. ആ ആത്മപഥ സഞ്ചലനത്തിലാണ് സിദ്ധ ശ്രീകാന്ത (സേദ്ബായു) എന്ന ശിവയോഗിയെ അവര്‍ ഗുരുവായി വരിക്കുന്നത്. സംന്യാസജീവിതത്തിന്റെ ജ്ഞാനമാര്‍ഗമായിരുന്നു അത്. ‘ലല്ലാ വാണി’ (ലല്ലാ വാക്യാനി) യിലൂടെ അമൃതനിഷ്യന്ദികളായ അറിവുറവുകള്‍ പ്രവാഹമായി. ജാതിമതഭേദമെന്യേ സാധാരണക്കാരന് മുതല്‍ സൂഫി സംന്യാസികള്‍ വരെ ലല്ലയുടെ ലളിതമധുരമായ പ്രഭാഷണ വചസ്സുകള്‍ സ്വന്തമാക്കി. പ്രമുഖ സൂഫിവര്യന് പീര്‍ഷൈഖ്നൂര്‍ ഉദ്ദിന്‍ വാലി (നന്ദാ ഋഷി) ലല്ലേശ്വരിയുടെ പ്രേഷ്ഠ ശിഷ്യനായിരുന്നു. ഹിന്ദുവിനും മുസ്ലീമിനും ലല്ലാ സ്നേഹവാത്സല്യം ചൊരിഞ്ഞ് ‘അമ്മ’ യായി. ഗ്രാമീണര്‍ക്ക് ‘മുത്തശ്ശി’യായി.
എല്ലാ ഭൂതങ്ങളെയും തന്നിലും എല്ലാഭൂതങ്ങളിലും തന്നെയും കാണുന്ന ഏകത്വദര്‍ശനമാണ് ലല്ലേശ്വരി സാക്ഷാത്ക്കരിക്കുന്നത്. അവധൂതവൃത്തിയുടെ തിളക്കത്തില്‍ ആത്മാവിന്റെ നിത്യ സ്പനന്ദനമറിഞ്ഞ മഹായോഗിനി, ഭാരതീയാധ്യാത്മവിദ്യയുടെയും വേദപ്പൊരുളിന്റെയും ലിംഗാതീതപ്രതീകമായി നിലകൊള്ളുന്നു. ഉന്മാദിനിയുടെ ഭാവഹാവങ്ങളില്‍ സഞ്ചരിച്ച ശതായുസ്സായ അമ്മ ശിവവിഭൂതിയുടെ പൂര്‍ണിമയില്‍ വിലയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: