കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസ് ഭീകരവിരുദ്ധ സ്ക്വാഡിന് കൈമാറുന്നു. നിലവില്‍ എറണാകുളം ക്രൈംബ്രാഞ്ച് ആണ് നിലവില്‍ കേസ് അന്വേഷിച്ചിരുന്നത്. അധോലോക കുറ്റവാളിയായ രവി പൂജാരി പ്രതിയായ കേസാണിത്.
എറണാകുളം ക്രൈംബ്രാഞ്ച് കേസില്‍ രവി പൂജാരിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഭീകരവിരുദ്ധ സ്ക്വാഡ് ഇതിന്റെ തുടര്‍ അന്വേഷണമാകും നടത്തുക. ഇതോടൊപ്പം രവിപൂജാരി പ്രതിയായ സംസ്ഥാനത്തെ മറ്റ് കേസുകള്‍ കൂടി കൈമാറും. സെനഗലില്‍ വെച്ച് പിടിയിലായതിനാല്‍ കേസിലെ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ ഭീകര വിരുദ്ധ സ്ക്വാഡിനാകും. ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസില്‍ രവി പൂജാരിക്ക് പങ്കുള്ളതായി വ്യക്തമായതോടെ ഉന്നത പോലീസ് സംഘവും ഇത് നിരീക്ഷിക്കുന്നുണ്ട്.
2018 ഡിസംബര്‍ 15നാണ് നടി ലീന മരിയ പോള്‍ നടത്തുന്ന ‘നെയില്‍ ആര്‍ട്ടിസ്ട്രി’ എന്ന ബ്യൂട്ടി പാര്‍ലറിനു നേരെ ബൈക്കിലെത്തിയ രണ്ടുപേര്‍ വെടിവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് നാല് ദിവസം കഴിഞ്ഞ് രവി പൂജാരി ഒരു വാര്‍ത്താ ചാനലില്‍ വിളിച്ച് തന്റെ അറിവോടെയാണ് ആക്രമണം എന്ന് അറിയിക്കുകയായിരുന്നു.
വെടിവയ്പ് ഉണ്ടാകുന്നതിന് ഒരുമാസം മുന്‍പ് ലീന മരിയ പോളിനെ വിളിച്ച് രവി പൂജാരി 25 കോടി രൂപ ആവശ്യപ്പെട്ടു. ഗോവ, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലുളളവര്‍ക്ക് കേസുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: