ആയുര്‍വേദ ചികിത്സാരംഗത്ത് കേരളത്തിന്റെ അഭിമാനമായ അഷ്ടവൈദ്യ പരമ്പരയില്‍ ശ്രദ്ധേയനായ ഭിഷഗ്വരനായിരുന്നു അന്തരിച്ച പത്മഭൂഷണ്‍ തൈക്കാട്ട് ഇ.ടി.നാരായണന് മൂസ്. ഭാരതത്തിന്റെ തനത് ചികിത്സാ സമ്പ്രദായമായ ആയുര്‍വേദത്തിന് കേരളത്തില്‍ വലിയ വേരോട്ടമുണ്ട്. അഷ്ടാംഗ മാര്‍ഗത്തെ അധികരിച്ച് ചികിത്സ നടത്തുന്നവരാണ് അഷ്ടവൈദ്യന്മാര്. പതിനെട്ട് കുടുംബങ്ങളായിരുന്നു കേരളത്തില്‍ ആദ്യകാലത്ത് ഉണ്ടായിരുന്നത്. പിന്നീടത് എട്ടായി. ഈ എട്ട് കുടുംബങ്ങളില്‍ പ്രധാനികളാണ് ഒല്ലൂര്‍ തൈക്കാട്ടുശ്ശേരി എളേടത്ത് തൈക്കാട്ട് മൂസ്. ആലത്തിയൂര്‍ നമ്പി, തൃശൂര്‍ പഴനെല്ലിപ്പുറത്ത് തൈക്കാട്ട് മൂസ്, കുട്ടഞ്ചേരി മൂസ്, കോട്ടയം വയസ്ക്കര മൂസ്, ഒളശ്ശ ചിരട്ടമണ്‍ മൂസ്, വെള്ളൂട്ട് മൂസ്, പുലാമന്തോള്‍ മൂസ് എന്നിവരാണ് മറ്റ് ഏഴ് കുടുംബങ്ങള്‍.
കായ ചികിത്സ, ബാല, ഗ്രാഹ, ഊര്‍ധ്വാംഗ, ശല്യ, ദംഷ്ട്ര (വിഷ),ജര, വൃഷ എന്നിവയാണ് അഷ്ടാംഗ ചികിത്സാ മാര്‍ഗത്തിലെ എട്ട് ചികിത്സാ രീതികള്‍. മധ്യ കേരളത്തിലാണ് ഈ ചികിത്സാ രീതി വികസിച്ചത് എന്നാണ് കരുതപ്പെടുന്നത് .അഷ്ടവൈദ്യ പാരമ്പര്യത്തിലെ പ്രമുഖ കണ്ണിയാണ് ഇ.ടി.നാരായണന് മൂസിന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്. ആയുര്‍വേദ ചികിത്സാരംഗത്ത് അദ്ദേഹത്തിന്റെ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണ്. ചികിത്സയെ ഒരനുഷ്ഠാനം പോലെ കണ്ടിരുന്ന ചികിത്സകനായിരുന്നു. മുത്തച്ഛന് നാരായണന് മൂസില്‍ നിന്നും അച്ഛന് നീലകണ്ഠന് മൂസില്‍ നിന്നും പാരമ്പര്യമായി പകര്‍ന്നു കിട്ടിയ അറിവുകളെ പഠനം കൊണ്ടും മനനം കൊണ്ടും അദ്ദേഹം വികസിപ്പിച്ചു . ഒപ്പം തൈക്കാട്ട് മൂസുമാരുടെ വൈദ്യശാലയെയും. ഇന്ന് തൈക്കാട്ട് മൂസ് എന്ന പേര് ആയുര്‍വേദ ചികിത്സാ രംഗത്തെ ഏറ്റവും വിശ്വസനീയമായ ബ്രാന്‍ഡുകളിലൊന്നായി മാറിയതിനു പിന്നില്‍ ഇ.ടി.നാരായണന് മൂസിന്റെ സമര്‍പ്പണമാണുള്ളത്. കച്ചവടമായിരുന്നില്ല അദ്ദേഹത്തിന്റെ ലക്ഷ്യം. പണമുണ്ടാക്കുന്നതിനു വേണ്ടി ചികിത്സയെ ഉപയോഗിച്ചില്ല എന്നു മാത്രമല്ല കാരുണ്യത്തോടെയുള്ള ഇടപെടലുകള്‍ കൊണ്ട് അനേകായിരങ്ങള്‍ക്ക് ആശ്വാസമേകുകയും ചെയ്തു.
ജ്ഞാനവും ഭക്തിയും സമര്‍പ്പണവും സമന്വയിച്ച വ്യക്തിത്വത്തിനുടമായിരുന്നു നാരായണന് മൂസ്. ഗുരുകുല രീതിയിലാണ് ചികിത്സ പഠിക്കുക. ഗുരുമുഖത്ത് നിന്ന് കേട്ട് പഠിക്കും. ഗുരുക്കന്മാരായ മുത്തച്ഛനും അച്ഛനും ഒപ്പമിരുന്ന് കണ്ട് പഠിക്കും. രാവിലെ അഷ്ടാംഗഹൃദയം മനഃപാഠമാക്കും. വൈകിട്ട് ലളിതാ സഹസ്രനാമവും. വര്‍ഷങ്ങള്‍ നീളുന്ന ഉപാ
സന കൊണ്ടാണ് ഒരു അഷ്ടവൈദ്യന്‍ പിറവിയെടുക്കുന്നത്. ആയുര്‍വേദത്തില്‍ പാഠങ്ങള്‍ മാത്രം പോര ചികിത്സ ഫലിക്കാന്‍. ചികിത്സകന്റേയും രോഗിയുടേയും മനസും പ്രധാനമാണെന്ന പക്ഷക്കാരനായിരുന്നു മൂസ്. രോഗികളോട് കാരുണ്യപൂര്‍വ്വമാകണം ചികിത്സകന്റെ ഇടപെടലെന്ന് അദ്ദേഹം വിശ്വസിച്ചു; ശിഷ്യരെ പഠിപ്പിച്ചു. പലപ്പോഴും മരുന്നുകളേക്കാളുപരി ഫലം കണ്ടത് നാരായണന് മൂസിന്റെ സാത്വികമായ ചികിത്സാരീതികള്‍ കൂടിയായിരുന്നു. ഭാരതീയ ദര്‍ശനങ്ങളിലും പാരമ്പര്യത്തിലും അതീവ തത്പരനായിരുന്നു അദ്ദേഹം. സാമൂഹ്യ ജീവിതത്തിലാകമാനം വെളിച്ചം വിതറുന്നതായിരുന്നു ആ ജീവിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: