പരമശിവന്‍ പാര്‍വതീ ദേവിയോട് പരമാത്മരൂപനായ രാമന്റെ കഥ തുടരുന്നു. ഈ ഉമാമഹേശ്വരസംവാദത്തിലൂടെയാണ് രാമായണത്തില്‍ ആരണ്യകാണ്ഡം ആരംഭിക്കുന്നത്.
അത്രിമഹര്‍ഷിയുടെ ആശ്രമത്തില്‍ അടുത്തദിവസം കാലത്ത് രാമന്‍ യാത്രയ്‌ക്ക് ഒരുങ്ങി. ബ്രഹ്മാവിന്റെ മാനസപുത്രനായ അത്രിമഹര്‍ഷിയോട് രാമന്‍ പറയുന്നു; ‘മുനിമണ്ഡലങ്ങള്‍ നിറഞ്ഞ ദണ്ഡകാരണ്യത്തിലേക്ക് ഞങ്ങള്‍ പോവുകയാണ്. അതിന് അങ്ങയുടെ അനുഗ്രഹം വേണം. വഴികാട്ടുന്നതിനായി അങ്ങയുടെ ശിഷ്യന്മാരില്‍ ചിലരേയും അയയ്‌ക്ക
ണം ‘എന്നാവശ്യപ്പെടുന്നു. സമസ്തലോകങ്ങള്‍ക്കും നേര്‍വഴി കാട്ടുന്ന അങ്ങേയ്‌ക്ക് വഴികാട്ടാന്‍ ആരുണ്ട് എന്ന് ചോദിച്ചുവെങ്കിലും തന്റെ ശിഷ്യരെ അത്രിമഹര്‍ഷി കൂടെ അയയ്‌ക്കുന്നു. അവിടെ നിന്ന് ഒരു വിളിപ്പാട് എത്തിയപ്പോള്‍ മഹാനദി കാണുന്നു. എങ്ങനെ മറുകര കടക്കുമെന്ന് ശങ്കിച്ച രാമനോട് തോണിയുണ്ട് എന്ന് ശിഷ്യന്മാര്‍ അറിയിക്കുന്നു. തോണി കടന്ന് അവര്‍ ദണ്ഡകവനത്തിന് ഉള്ളിലേക്ക് പ്രവേശിക്കുന്നു. സിംഹം, കടുവ, മുള്ളന്‍പന്നി തുടങ്ങിയ ഘോരമൃഗങ്ങളും രാക്ഷസന്മാരും വസിക്കുന്ന ഇടമാണ് ദണ്ഡകവനം. അവര്‍ ജാഗ്രതയോടെയാണ് നടക്കുന്നത്. വില്ല് കുലച്ച് ശരം തയ്യാറാക്കിപ്പിടിച്ച് മുന്നില്‍ ലക്ഷ്മണന്‍, മധ്യത്തില്‍ സീത, പിന്നില്‍ രാമന്‍. സീതാദേവിക്ക് ഭയമുണ്ടാവാതിരിക്കാനും സംരക്ഷിക്കുവാനും വേണ്ടിയാണ് ഈ ക്രമീകരണം എന്ന് നമുക്ക് തോന്നാം. രാമന് വഴി തെളിച്ച് മുന്നില്‍ നടന്നിരുന്ന ജ്ഞാനമാണ് സീത. ഇപ്പോള്‍ ജീവാത്മാവിന്റെയും പരമാത്മാവിന്റെയും മദ്ധ്യത്തിലെ പരാശക്തിയേക്കൂടിയാണ് സീതാദേവി സൂചിപ്പിക്കുന്നത് എന്ന് നാം മനസ്സിലാക്കണം. അവര്‍ ഒരു താമരപൊയ്‌കയുടെ സമീപത്ത് എത്തി ഒരു വൃക്ഷത്തിന്റെ തണലില്‍ വിശ്രമിച്ചു.
പിഎന്‍ ഭട്ടതിരി
















