യോഗാത്മക കവികളും പ്രസിദ്ധിപെറ്റ ആത്മീയാചാര്യന്മാരുമാണ് ആത്മീയ നവോത്ഥാനത്തിന്റെ ഭാഗമായ വിവിധ ഭക്തി സമ്പ്രദായങ്ങള്‍ ആവിഷ്ക്കരിക്കാനും സമൂഹത്തെ പ്രബുദ്ധമാക്കാനും ഉണര്‍ന്നു നിന്നത്. ഭക്തിസമ്പ്രദായം വിഭിന്ന മാര്‍ഗങ്ങളേയും ദര്‍ശന മാര്‍ഗങ്ങളേയും മുന്‍നിര്‍ത്തി കര്‍മപഥത്തില്‍ ചരിക്കുകയായിരുന്നെങ്കിലും ഈ പരിവര്‍ത്തന കാഹളങ്ങളുടെ മഹാലക്ഷ്യം ഏകമായിരുന്നു. കാലതമസ്സില്‍ നിന്നുള്ള മോചനം, ധര്‍മസ്നേഹ മൂല്യങ്ങളില്‍ നിന്നും ഈശ്വരീയ പ്രത്യയങ്ങളില്‍ നിന്നും ഊര്‍ജം നേടിയ പുതിയ മനുഷ്യനും നവസമൂഹവുമായിരുന്നു അവരുടെ സ്വപ്നം. ആത്മമുക്തിയോടൊപ്പം നാടിന്റെ മോക്ഷസാധ്യതകളും അവര്‍ അറിയുകയും ആരായുകയും കണ്ടെത്തുകയുമായിരുന്നു.
വ്രജഭൂമിയുടെ സാന്ദ്രനീലിമയില്‍ വിരിഞ്ഞ ‘സഖീസമ്പ്രദായം’ ഇത്തരം ലക്ഷ്യ പ്രമാണങ്ങളുമായി സഞ്ചരിക്കാന്‍ തുടങ്ങി. നിംബാര്‍ക്ക സമ്പ്രദായത്തിന്റെ ശാഖീപുഷ്പമെന്നു മാത്രം അംഗീകാര മുദ്ര പതിച്ച ഈ ഭക്തി ദൗത്യസംഘം പ്രായോഗിക കര്‍മസരണിയിലൂടെ മൗലികത്വം നേടി അസാധാരണമായ ശ്രേയസ്സും പ്രേയസ്സും ആര്‍ജിക്കുകയായിരുന്നു. ഈ ഈശ്വരീയധാരയുടെ മുഖ്യപ്രണേതാവാണ് സ്വാമി ‘ഹരിദാസ്’. ‘ഹരിദാസീ സമ്പ്രദായം’ എന്നും വിളികൊണ്ട സഖീ സമ്പ്രദായം അതിന്റെ വൃന്ദാവന ദൗത്യത്തിന്റെ വൈഷ്ണവശ്രേണിയില്‍ മധുരസംഗീതം പൊഴിക്കുകയായിരുന്നു. നിജ്മത് സിദ്ധാന്ത് എന്ന ഗ്രന്ഥത്തിലാണ് ഹരിദാസ സ്വാമികളുടെ മിഴിവാര്‍ന്ന ജീവിതചിത്രം തെളിയുന്നത്. മഥുരയും വൃന്ദാവനവും ജയ്പൂരിന്റെ ഭാഗമായിരുന്ന കാലം. പ്രശസ്തനായ രാജാ ജയസിംഹനാണ് ഭരണാധിപന്. 1512 ലാണ് ജയ്പൂര്‍ ഗ്രാമം ഹരിദാസിന് ജന്മം നല്‍കിയത്. ഗംഗാധറും ചിത്രയുമാണ് അച്ഛനമ്മമാര്‍. അദ്ദേഹത്തിന്റെ പിതാവും ഗുരുവും ആശുധീര്‍ജിയാണെന്ന വാദവുമുണ്ട്. വൃന്ദാവനത്തിന്റെ വിവിധ വൈഷ്ണവ സമ്പ്രദായക്കാരുടെ വൈദിക പ്രമാണങ്ങള്‍ ഹാജരാക്കാന്‍ രാജകല്‍പനയുണ്ടായപ്പോള്‍ നിംബാര്‍ക്ക സമ്പ്രദായത്തിന്റെ ശാഖയാണ് തങ്ങളെന്ന് ബോധിപ്പിച്ച് ഹരിദാസി സമ്പ്രദായക്കാര്‍ എളുപ്പം അംഗീകാരം നേടുകയായിരുന്നു. പക്ഷേ പില്ക്കാലം ശ്രേഷ്ഠകവിയായ ഭഗവത് രസിക് ഈ സമ്പ്രദായം മൗലികമായ ഭക്തിമാര്‍ഗമാണെന്ന് പ്രമാണരേഖകളോടെ വാദിച്ച് അംഗീകാരം നേടിയെടുക്കുകയായിരുന്നു.
കൗമാരത്തില്‍ വിവാഹിതനായ ഹരിദാസിനെ പത്നിയുടെ അകാല ചരമം വിരക്തനാക്കി. വൃന്ദാവനത്തിലെത്തി സംന്യാസ ദീക്ഷ നേടി. നിമിവന്‍ മലര്‍വാടികയില്‍ തപസ്സിരുന്നു. ബാംകേ ബിഹാരി രൂപത്തില്‍ കൃഷ്ണ സാക്ഷാത്ക്കാരം നേടി സംഗീതശാസ്ത്രത്തിന്റെ ആഴങ്ങളില്‍ സഞ്ചരിച്ചു. ഗുരുനാനാക്കിന്റെ അനുയായി മര്‍ദാനയായിരുന്നു സംഗീതഗുരു. സംഗീതകലയുടെ വിസ്മയ വിദ്യ സ്വായത്തമാക്കിയ ഹരിദാസ് തന്ത്രിവാദ്യമായ കിന്നരിയും സിതാറും താളവാദ്യമായ മൃദംഗവും ദഫും ആത്മാവില്‍ ചാലിച്ചു ചേര്‍ത്തു. രാഗമര്‍മത്തിനുപരി ആ രാഗമര്‍മത്തിന്റെ നറുവീചികള്‍ കേദാര്‍, ഗൗരി, മല്‍ഹാര്‍, ബസന്ത് എന്നീ പ്രിയ രാഗവൈഭവമായി സാമ്രാജ്യത്തിലുടനീളം കതിര് വീശി നിന്നു. അഭിലാഷം മാനിച്ച് ദര്‍ബാറിലെ മഹാഗായകനായ താന്‍സനെ സ്വാമി ഹരിദാസ് ശിഷ്യനായി സ്വീകരിച്ചു. സംഗീതശാസ്ത്രത്തിന്റെ അതീതാധ്യായങ്ങളാണ് ഗുരുശിഷ്യന് പകര്‍ന്നു നല്‍കിയത്. ഈ മഹാഗായകന്റെ ‘സാധാരണ്’, ‘സിദ്ധാന്ത് കെ പദ്’, ‘കേളീമാല്‍’ എന്നീ രചനകള്‍ മധുരഭക്തിയുടെ ഛന്ദോബദ്ധമായ വിഷ്ണുപദങ്ങളാണ്.
രാധാകൃഷ്ണന്മാരുടെ രതിലാസ്യപ്രണയത്തിന്റെ മധുരവിഭൂതിയും ധര്‍മപ്രോജ്വലനവുമാണ് സഖീസമ്പ്രദായത്തിന്റെ മഹാലക്ഷ്യം. ജഗന്നാഥ് ഗോസ്വാമി, വിഠല്‍ ബിപുല്‍, ബിഹാരിന്‍ദാസ് തുടങ്ങി ഈ സമ്പ്രദായത്തിലെ ആത്മീയ ജ്യോതിസ്സുകള്‍ മധുരഭക്തിയുടെ അനന്തനീലിമയില്‍ ജീവിത വിശുദ്ധി നേടുകയായിരുന്നു. യോഗാത്മക സംഗീതത്തിന്റെ നിത്യമുരളികയായ സ്വാമി ഹരിദാസ് കൃഷ്ണപാദം പൂകിയത് അറുപത്തിയേഴാം വയസ്സിലാണെന്നും അതല്ല തൊണ്ണൂറ്റിയഞ്ചാം വയസ്സിലാണെന്നും കണ്ടെത്തുന്ന ഗവേഷകന്മാരുണ്ട്. ആ ഹരിമുരളീരവം ഇന്നും വൃന്ദാവനലീലയുടെ പശ്ചാത്തല സംഗീതികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: