മൂലമറ്റം: കൊറോണ കാലത്ത് സൗജന്യ ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയ റേഷന്‍ കടകളുടെ ലൈസന്‍സ് പുന:സ്ഥാപിക്കാനുള്ള അണിയറ നീക്കം തകൃതിയായി നടക്കുന്നു. ആയിരകണക്കിന് കിലോ അരിയുടെ ക്രമക്കേടുകളാണ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധനയില്‍ കണ്ടെത്തി നടപടി സ്വീകരിച്ചത്.
തൊടുപുഴ താലൂക്കില്‍ മാത്രം 9 റേഷന്‍ കടകളാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ സസ്പെന്റ് ചെയ്തത്. കേന്ദ്ര സര്‍ക്കാര്‍ നല്കിയ സൗജന്യ അരിയാണ് പാവങ്ങള്‍ക്ക് നല്‍കാതെ മറിച്ച് വിറ്റ് കൊള്ളലാഭം കൊയ്യുവാന്‍ ചില റേഷന്‍ കടയുടമകള്‍ ശ്രമിച്ചത്. ദുരിതകാലത്ത് തങ്ങള്‍ക്ക് ലഭിക്കേണ്ട അര്‍ഹതപ്പെട്ട ഭക്ഷ്യധാന്യങ്ങള്‍ മറിച്ച് വിറ്റ കടയുടമകള്‍ക്കെതിരെ ശക്തമായ ജനരോഷമാണ് ഉയര്‍ന്നത്.
ജനരോഷം അല്പം ശമിച്ചുവെന്ന് മനസിലാക്കിയാണ് നടപടി നേരിട്ട റേഷന്‍ കടയുടമകള്‍ പിന്‍വാതിലിലൂടെ ഭരണകക്ഷിയെ സ്വാധീനിച്ച് വീണ്ടും ലൈസന്‍സ് പുനസ്ഥാപിക്കുവാനുള്ള നീക്കം നടത്തുന്നത്. വകുപ്പ് കൈകാര്യം ചെയ്യുന്ന ഭരണകക്ഷിയില്‍പെട്ട പാര്‍ട്ടിയുടെ നേതാക്കളാണ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വഴിവിട്ട ഇടപാടിലൂടെ വീണ്ടും അഴിമതി നടത്തുവാന്‍ നടപടി നേരിട്ട കടയുടമകള്‍ക്ക് ഒത്താശ ചെയ്യുന്നത്. ഇതിനായി വന്‍ തുക പാര്‍ട്ടി ഫണ്ടിലേക്ക് എന്ന പേരില്‍ നേതാക്കള്‍ വാങ്ങുന്നതായിട്ടാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
കൊറോണക്കാലത്ത് റേഷന്‍ കടകളില്‍ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥര്‍ക്ക് വരെ അത്ഭുതം തോന്നുന്ന വിധത്തിലാണ് പല തിരിമറികളും നടന്നത്. അത്തരം ഗൗരവമേറിയ ക്രമക്കേട് കണ്ടെത്തിയ റേഷന്‍ കടകളാണ് ധൃതി പിടിച്ച് വീണ്ടും പ്രവര്‍ത്തിപ്പിക്കുവാനുള്ള നീക്കം അണിയറയില്‍ പുരോഗമിക്കുന്നത്.
ദുരിതകാലത്ത് സര്‍ക്കാര്‍ നല്കിയ സൗജന്യ അരി വരെ മറിച്ച് വിറ്റ റേഷന്‍ കടകളുടെ ലൈസന്‍സ് തിരികെ നല്‍കാനുള്ള കുത്സിത നീക്കത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നതതലത്തില്‍ പരാതി നല്കുവാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: