മലപ്പുറത്തെക്കുറിച്ച് മിണ്ടരുത് പോലും. മിണ്ടിയാല്‍ കൂട്ടം ചേര്‍ന്ന് നിങ്ങളെ മതേതര വിരുദ്ധരും സംസ്ഥാനദ്രോഹികളുമാക്കിക്കളയും. കൈതച്ചക്കയില്‍ പടക്കം വെച്ച് ഒരു അമ്മയാനയെ കൊന്നുകളഞ്ഞ ക്രൂരതയ്ക്ക് മറയിടാന്‍ മലപ്പുറം പ്രേമം വിളമ്പുകയാണ് ഒരു കൂട്ടം മാധ്യമങ്ങളും ബുദ്ധിജീവികളും. മൃഗങ്ങളും ലജ്ജിക്കുന്ന പൈശാചികതയെക്കുറിച്ച് ദേശീയ മാധ്യമങ്ങളും രാജ്യത്തെ പ്രമുഖ വ്യക്തികളും പ്രതികരിച്ചതോടെയാണ് ഇക്കൂട്ടരുടെ ഞരമ്പുകളില്‍ കേരളരാജ്യപ്രേമം നുരഞ്ഞുപൊന്തിയത്. പ്രതികരിച്ചത് ദേശീയതലത്തിലുള്ളവരായതുകൊണ്ട് കേരളത്തിലെ ഒരു ചാനല്‍ ചര്‍ച്ചിച്ചത് ‘മലപ്പുറത്തിനെതിരെ മതവാദികള്‍’ എന്ന പേരിലായിരുന്നു. മറ്റൊരു ചാനലിന് സംശയം ‘ലക്ഷ്യം കേരളമോ’ എന്നായിരുന്നു.
അതിനിടയില്‍ ഒരു നേതാവ് ആനകള്‍ ആരാധ്യമല്ല മലയാളിക്ക് വെറും കമ്പമാണെന്ന് തട്ടിവിടുന്നതും കണ്ടു… ‘പുല്‍കളും പുഴുക്കളും കൂടിത്തന് കുടുംബക്കാര്’ എന്ന ശ്രേഷ്ഠപാരമ്പര്യത്തിന്റെ ഉടമകള്‍ എത്ര പെട്ടന്നാണ് മലവെള്ളം പോലെ വരുന്ന മലപ്പുറം വാദത്തിനുമുന്നില്‍ പ്രതിരോധത്തിന്റെ മതേതര വേഷം കെട്ടുന്നതെന്നത് അതിശയമാണ്…
മലയാളനാടിന്റെ യശസ്സാണ്, അന്തസ്സാണ് ആനകള്‍. ഈ സംസ്ഥാനത്തിന്റെ ഔദ്യോഗിക അടയാളമെന്തെന്ന് സൊണാല്മാന്സിങിനെ പോലുള്ള അഭിവന്ദ്യര്‍ കേരളത്തിലെ ഒരു എംഎല്‍എയെ പഠിപ്പിക്കേണ്ടിവരുന്നു എന്നതാണ് ദൗര്‍ഭാഗ്യകരം. ഒരു പാവം മൃഗത്തെ കൊന്നുകളഞ്ഞ ക്രൂരതയ്ക്ക് മേല്‍ മൗനം കൊണ്ട് അടയിരുന്നവര്‍ മലപ്പുറത്തിന് വേണ്ടി ‘വാക്കത്തി’ എടുത്ത് ഇറങ്ങിയെങ്കില്‍ അതിന് പിന്നില്‍ അജണ്ട വേറെയാണെന്ന് അറിയാത്തതാണ് പ്രശ്നം.
കേരളം വേറെ റിപ്പബ്ലിക്കൊന്നുമല്ലെന്ന് കേന്ദ്രമന്ത്രിമാര്‍ക്ക് പറയേണ്ടിവരുന്ന സാഹചര്യത്തിലാണ് മലപ്പുറം ചര്‍ച്ചകള്‍ കനക്കുന്നതെന്നോര്ക്കണം. മലയാള നാടിന്റെ സാംസ്കാരിക പൈതൃകത്തിനുമേല്‍ അവകാശവാദമുന്നയിക്കുന്നതിന് ചിലര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് ഏറെക്കാലത്തെ പഴക്കമുണ്ട്. മലബാറിന്റെ ഭാഷയും കലയും ജീവിതവും അറബ് സാമ്രാജ്യവാദത്തിന്റെ അടുത്തൂണ്പറ്റുകാര് സൃഷ്ടിച്ചെടുത്തതാണത്രെ. എണ്ണപ്പെരുക്കത്തിന്റെ തിണ്ണമിടുക്കില്‍ മലപ്പുറത്തിന്റെ പച്ചപ്പിന്മേല് മതവാദത്തിന്റെ പച്ചകുത്തലിന് കളമൊരുക്കുകയാണത്തരക്കാര്.
മലപ്പുറമെത്തിയാല് ചെങ്കൊടിയും പച്ചയണിയുന്ന കാലത്ത് അധികാരത്തിന്റെ തണല്‍പറ്റി വിഘടനവാദത്തിന്റെ പുതിയ ചരിത്രമെഴുതുകയാണ് അഭിനവ ജിന്നമാര്‍. ദഫ്മുട്ടും ഒപ്പനയും മാപ്പിളപ്പാട്ടുമൊക്കെയായി തട്ടമിട്ടെത്തുന്ന കലാപാരമ്പര്യമാണുപോലും മലപ്പുറത്തെ രൂപപ്പെടുത്തിയത്. അതുകൊണ്ട് മലപ്പുറത്തിനെതിരെ മിണ്ടിയാല്‍ മലപ്പുറം കത്തിയൂരി തീര്‍ത്തുകളയുമെന്ന മട്ടിലാണ് ഒരു കൂട്ടമാളുകള്‍ കലിതുള്ളുന്നത്. പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുതെന്ന് പണ്ട് പറഞ്ഞുനടന്നിരുന്നവരും ഇപ്പോള്‍ മലപ്പുറം മല്ലൂസ് ചമയുകയാണ്.
എന്തൊരു വ്യാജപ്രചരണമാണ് ഒരു പ്രദേശത്തെ മുന്‍നിര്‍ത്തി ഈ നുണയുടെ വ്യാപാരികള്‍ നടത്തുന്നത്! കടത്തനാടന്‍ കളരികളില്‍ ഊറ്റം കൊണ്ടിരുന്ന ഒരു നാടിന് മതമുണ്ടെന്ന് സമര്‍ത്ഥിക്കുകയാണ് അവര്‍. ഒരു പാവം മൃഗത്തെ കൊന്നുകളഞ്ഞ പൈശാചികമായ മനോഭാവം തിരുത്തണമെന്ന് പറഞ്ഞാല്‍ അത് മതത്തിന് നേരെയാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് അവര്‍.
മേല്‍പ്പുത്തൂരും പൂന്താനവും പിറന്ന നാടിനുനേരെയാണ് മതപാരമ്പര്യത്തിന്റെ ഈ കള്ളക്കഥയുടെ കടന്നാക്രമണമെന്ന് ഓര്‍ക്കണം. മലയാളഭാഷയെ രാമകഥ പാടി ശുദ്ധീകരിച്ച ഭാഷാപിതാവ് തുഞ്ചത്ത് രാമാനുജനെഴുത്തച്ഛന്റെ നാട്, നിളയൊഴുകുന്ന പുണ്യഭൂമി, കടത്തനാടന്‍ കളരിയിലെ പോരാട്ടവീര്യത്തിന് അരങ്ങൊരുങ്ങിയ തിരുനാവായയിലെ മാമാങ്കത്തട്ട്, മതവെറിയന്മാരുടെ കടന്നാക്രമണങ്ങളെ നെഞ്ചുവിരിച്ച് ചെറുത്ത ദേശസ്നേഹികളുടെ നാട്. മലയാളത്തിനും ദേശീയതയ്ക്കും അഭിമാനമായ ഒരു നാടിന് മേല്‍ മതത്തിന്റെ മേലാട ചാര്‍ത്താനാണ് ശ്രമം. ഇത്രമേല്‍ ധീരമായ ദേശീയപാരമ്പര്യമുള്ള ഒരു മണ്ണിന് മേല്‍ പുത്തന്‍പണത്തിന്റെ ഹുങ്കില്‍ തീര്‍ത്ത ചങ്കൂറ്റം കൊണ്ട് വെല്ലുവിളിക്കുകയാണ് മതവെറിയന്മാര്. അവരുടെ പണം വാങ്ങി ഉണ്ണുന്ന കൂലിക്കാര് എഴുതിയും കൂവിയാര്‍ത്തും നാട്ടില്‍ മതവിഭാഗീയതയുടെ കുഴലൂത്ത് നടത്തുന്നു.
ഒടുവില്‍ ഉയരുന്നത് മലബാര്‍ പ്രത്യേക സംസ്ഥാനമാക്കണമെന്ന വാദമാണ്. വികസന ദാഹമാണ് വാദമുന്നയിക്കുന്നവര്‍ മുന്നോട്ടുവെയ്ക്കുന്ന കാരണം. ടിപ്പുവിന്റെ പടയോട്ടത്തിലും 21ലെ മാപ്പിളകലാപത്തിലും ആവേശം കൊള്ളുന്നവരുടെ വികസനദാഹത്തിന് തുല്യം ചാര്‍ത്തുകയാണ് ജിഹാദികളുടെ കൂലിക്കാര്.
തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ ഒരു ആനയെ പടക്കം വെച്ച് കൊന്നു എന്നത് ഇത്രയും മാനങ്ങളുള്ള പ്രശ്നമാണോ എന്ന് പിന്നെയും ‘നിഷ്കളങ്കര്‍’ ചോദിക്കുന്നു. പരിസ്ഥിതിയെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുന്ന കാലത്ത് ആ ക്രൂരത ചര്‍ച്ചയാകാത്തതെന്ത് എന്നതും ചര്ച്ചയാകേണ്ടതായിരുന്നില്ലേ…. പ്രശ്നം ദേശീയമാധ്യമങ്ങള്‍ ഉയര്‍ത്തിയപ്പോള്‍, വിരാട് കോഹ്ലി മുതല്‍ അമിതാഭ് ബച്ചന് വരെയുള്ളവര്‍ മൂക്കത്ത് വിരല്‍ വെച്ചപ്പോള്‍ മാത്രം ഞരമ്പിലെ രക്തം തിളയ്ക്കുന്നത് ഒരു പ്രത്യേകതരം അസുഖമാണെന്ന് മാത്രം.
കേരളത്തെ കേരളമല്ലാതാക്കാന് നടത്തുന്ന നീക്കങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ ഉയരുന്ന ഈ മലപ്പുറം വെറി. അതിന് മേനകാഗാന്ധിയെയും ഒരു നിമിത്തമാക്കുന്നു എന്ന് മാത്രം. മതം നോക്കി ജില്ല തിരിച്ചവര്‍, സംസ്ഥാനത്ത് ഉളുപ്പില്ലാതെ സര്‍ക്കാര്‍ മാപ്പിള സ്കൂളുകള്‍ക്ക് ബോര്‍ഡ് വെച്ചവര്‍, അതിനുള്ളിലിരുന്ന് മതമില്ലാത്ത ജീവനെക്കുറിച്ച് പ്രസംഗിച്ചവരൊക്കെ ഉന്നം വെയ്ക്കുന്നത് എന്താണെന്ന് അറിയാത്തവരല്ല മലയാളികള്‍. ഓണത്തിന് കാളനാകാമെങ്കില്‍ കാളയുമാകാമെന്ന് സിദ്ധാന്തിച്ചവരെ ആഘോഷിച്ചരാണ് മലപ്പുറത്തിന്റെ പ്രൗഢമായ ദേശീയ പാരമ്പര്യത്തെ ഒരു മതത്തിന് തീറെഴുതിക്കളയാമെന്ന് കരുതുന്നതെന്ന് മറന്നുപോകരുത്.
ഒന്ന് ഉറപ്പിച്ച് പറയാം… ആനകള്‍ മലയാളിയുടെ വികാരമാണ്. അവ ആരാധ്യവുമാണ്. മറ്റെല്ലാ ജീവജാലങ്ങളെയും പോലെ അവയ്ക്കും ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. കമ്പക്കാരുടെ ഇമ്പത്തിന് വേണ്ടിയുള്ള കാഴ്ചപ്പണ്ടങ്ങള്‍ മാത്രമല്ല അവ…. അമ്പലപ്പാറയില്‍ കൊല്ലപ്പെട്ടത് ഒരു അമ്മയാണെന്ന ബോധ്യത്തോടെ വേണം പ്രതികരണം. ചോദ്യം ചെയ്യലുണ്ടാവുമ്പോള് മതം എടുത്തും മലപ്പുറം എടുത്തും വേലികെട്ടാമെന്ന് ആരും കരുതരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: