ചെങ്ങന്നൂര്‍: മുളക്കുഴയില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ട്യൂഷന് അധ്യാപകന്റെ മര്‍ദ്ദനം. അങ്ങാടിക്കല്‍ മുരളിയാലത്തില് മുരളിക്ക് എതിരെ ചെങ്ങന്നൂര്‍ പോലീസ് കേസെടുത്തു. ക്രൂരമായ മര്‍ദ്ദനത്തിന് കുട്ടി ഇരയായ വിവരം മുളക്കുഴ ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാര്‍ഡ് മെമ്പര്‍ പി.വി ഐശ്വര്യയെ അയല്‍വാസികള്‍ അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ മെമ്പര്‍ കുട്ടിയോട് എന്ത് കാരണത്താലാണ് മര്‍ദ്ദിച്ചതെന്ന് ചോദിച്ചു. ഗുണന പട്ടിക പഠിക്കാത്തതിന്റെ പേരിലായിരുന്നു എന്നെ അടിച്ചതെന്ന് കുട്ടി പറഞ്ഞു. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ഗുണന പട്ടിക പഠിച്ചു കൊണ്ട് വരാന്‍ ട്യൂഷന് അദ്ധ്യാപകന് പറയുകയും അത് എഴുതി കാണിച്ചപ്പോള്‍ ഒരു പട്ടിക തെറ്റിച്ചതിനാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് ഐശ്വര്യ പറഞ്ഞു. തുടര്‍ന്ന് വാര്‍ഡ് മെമ്പറാണ് ചൈല്‍ഡ് ലൈനിലും പോലീസിലും പരാതി നല്‍കിയത്.
ചൂരല്‍ കൊണ്ട് തുടയിലും, വയറിലും കൈകാലുകളിലുമായി പതിനേഴ് അടിയുടെ പാടുകള്‍ കുട്ടിയുടെ ശരീരത്ത് കാണാന്‍ സാധിക്കും. ജുവനൈല്‍ നിയമപ്രകാരമാണ് കേസ്. ഇതോടൊപ്പം ലോക്ഡൗണ്‍ ലംഘിച്ച് ട്യൂഷന് നടത്തിയതിനും കേസെടുത്തിട്ടുണ്ട്.
ഫോട്ടോ: വിദ്യാര്‍ത്ഥിയുടെ കൈയിലെ അടിയേറ്റ പാടുകള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: