കാസര്‍കോട്: മൂന്നര പതിറ്റാണ്ടുകാലമായി കടുത്ത അവഗണനയാണ് കാസര്‍കോട് ജില്ലയോട് കേരളത്തിലെ ഭരണകര്‍ത്താക്കള്‍ കാണിച്ചു വരുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് പറഞ്ഞു. ജില്ലാ രൂപീകരണ വാര്‍ഷികത്തോടനുബന്ധിച്ച് ബിജെപി സംഘടിപ്പിക്കുന്ന കാസര്‍കോട് ഇന്നലെ, ഇന്ന്, നാളെ എന്ന ഒരു മാസക്കാലം നീളുന്ന സ്വാഭിമാന്‍ കാസര്‍കോട് കാമ്പയിന് വീഡിയോ കോണ്ഫറന്സു വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുപ്പത്തിയാറ് വര്‍ഷത്തെ ജില്ലയുടെ ചരിത്രം പരിശോധിച്ചാല്‍ സര്‍ക്കാരുകള്‍ കാണിച്ച ചിറ്റമ്മനയം വ്യക്തമാകും. സംസ്ഥാനത്തെ നടപടിക്ക് വിധേയരാകുന്ന ഉദ്യോഗസ്ഥരെ നാടുകടത്താന്‍ ഉള്ള പ്രദേശമായി മാത്രമേ മാറി മാറി ഭരിച്ചവര്‍ കാസര്‍കോടിനെ കണ്ടിട്ടുള്ളൂ. പതിനൊന്ന് പുഴകള്‍ കൊണ്ട് സമ്പന്നമാണ് കാസര്‍കോട്. കാസര്‍കോട് ഭരണ സിരാകേന്ദ്രമുള്പ്പെടുന്ന സിവില്‍ സ്റ്റേഷനില്‍ പോലും വേനല്‍ക്കാലത്ത് ഉപ്പില്ലാത്ത കുടിവെള്ളം പോലും നല്കാന് അധികാരികള്‍ക്ക് നാളിതുവരെ സാധിച്ചിട്ടില്ല.
കടലോരം കൊണ്ടും, മലയോരം കൊണ്ടും സമ്പുഷ്ടമായ ജില്ലക്ക് ആ മേഖലകളിലെ ജനങ്ങളെ ഉന്നതിയിലെത്തിക്കാന്‍ സാധിച്ചിട്ടില്ല. ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ പിന്നോക്കാവസ്ഥ കാരണം അന്യസംസ്ഥാനത്തെ ആശ്രയിക്കേണ്ട ഗതികേടില്‍ നിന്നും ജില്ലയിലെ ജനങ്ങള്‍ക്ക് ഇന്നും മോചനമില്ല. സമസ്ത മേഖലകളിലും വികസന പിന്നോക്കാവസ്ഥയാണ് ജില്ലക്ക്. ഈ സാഹചര്യത്തിലാണ് ബിജെപി സ്വാഭിമാന്‍ കാമ്പയിന് നടത്തുന്നത്. കക്ഷിരാഷ്ട്രീയത്തിനും, ജാതിമതഭാഷാ വ്യത്യാസത്തിനും അതീതമായി വരും കാലത്ത് ജില്ലയില്‍ നടക്കേണ്ട വികസനക്കുതിപ്പിന് ബിജെപി സംഘടിപ്പിക്കുന്ന സ്വാഭിമാന്‍ കാസര്‍കോട് എന്ന കാമ്പയിന് സാധിക്കും. ജില്ലാ രൂപീകരിക്കുന്നതിന് കരുത്തുറ്റ പോരാട്ടം നടത്തിയ സംഘടന എന്ന നിലക്ക് ബിജെപിക്ക് അതിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് അധ്യക്ഷനായി. ദേശീയ സമിതിയംഗം പ്രമീള.സി. നായിക്, സംസ്ഥാന സമിതി അംഗങ്ങളായ വി.ബാലകൃഷ്ണ ഷെട്ടി, എം.സജ്ജീവ ഷെട്ടി, മുതിര്‍ന്ന അംഗങ്ങളായ ടി.ആര്.കെ.ഭട്ട്, സുബ്രഹ്മണ്യ കടമ്പളിത്തായ, ഡോ:സപ്ന.ജെ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ.വേലായുധന് സ്വാഗതവും, സുധാമ ഗോസാഡ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: