സുപ്രസിദ്ധ ചിന്തകനും ഗ്രന്ഥകര്‍ത്താവും ഗവേഷകനുമായ രാജീവ് മല്‍ഹോത്ര ക്രൈസ്തവ ദൈവശാസ്ത്ര പണ്ഡിതയായ എസ്തര് ധന്‍രാജുമായി നടത്തിയ അഭിമുഖ സംഭാഷണത്തിന്റെ ആദ്യഭാഗം മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. പാസ്റ്റര്‍മാരുടെ നിറം പിടിപ്പിച്ച കഥകളിലും ദൈവരാജ്യ വാഗ്ദാനത്തിലും വിശ്വസിച്ച് സ്വധര്‍മ്മം ഉപേക്ഷിച്ച് ക്രൈസ്തവ സഭയില്‍ അഭയം തേടിയ ഒരു തെലുങ്ക് ബ്രാഹ്മണ കുടുംബത്തിലെ അംഗമാണ് എസ്തര് ധന്‍രാജ്. തന്നെ ആകര്‍ഷിച്ച ക്രൈസ്തവ വിശ്വസത്തിന്റെ ചരിത്രപരവും ആത്മീയവുമായ എല്ലാ തലങ്ങളേയും കുറിച്ച് വിശദമായി പഠിയ്ക്കാന്‍ എടുത്ത തീരുമാനം എസ്തറിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായി മാറി. നാലു വര്‍ഷം നീണ്ടു നിന്ന അമേരിക്കന്‍ സെമിനാരിയിലെ ദൈവശാസ്ത്ര പഠനം, എസ്തറിലെ ക്രിസ്തുമത വിശ്വാസത്തെ ആറടി മണ്ണില്‍ കുഴിച്ചു മൂടുകയാണുണ്ടായത്.
താനും തന്നെപ്പോലെ നിഷ്കളങ്കരായ അനേകരും സ്വന്തം ബുദ്ധിയും യുക്തിയും ഉപയോഗിച്ചുള്ള വേണ്ടത്ര പരിശോധനകള്‍ കൂടാതെ മതത്തെ കണ്ണുമടച്ച് സ്വീകരിക്കുകയാണ് ചെയ്യുന്നത്. പിന്നീട് പല കാരണങ്ങള്‍ കൊണ്ടും അതില്‍ നിന്നും പുറത്തു കടക്കാനാവാതെ ജീവിതം തള്ളി നീക്കുന്നു. എന്നാല്‍ ഈ തിരിച്ചറിവ് ഉണ്ടാകുന്നവര്‍ക്കു പോലും അത് പുറത്തു പറയാനോ, സ്വതന്ത്രമായി ജീവിക്കാനോ കഴിയുന്നുമില്ല. ഒരു തരം ഇരട്ട ജീവിതം നയിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി തീരുന്നു. ഈ ദുരവസ്ഥക്കു പരിഹാരമായി താന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഈ സംഭാഷണത്തില്‍ എസ്തര് പങ്കു വയ്ക്കുന്നത്.
അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം
രാജീവ് മല്‍ഹോത്ര: ഹിന്ദുമതത്തില്‍ നിന്നും ക്രിസ്തുമതത്തിലേക്കുള്ള എസ്തറിന്റെ വ്യക്തിപരമായ യാത്ര കഴിഞ്ഞ സംഭാഷണങ്ങളില്‍ നമ്മള് ചര്‍ച്ച ചെയ്തിരുന്നു. പിന്നീട് അന്ധയായ വിശ്വാസിയില്‍ നിന്നും പഠനോല്സുകയായ വിദ്യാര്‍ത്ഥിനിയും ഗവേഷകയും ആയി മാറി, അവിടെ നിന്നും വിശ്വാസം നഷ്ടപ്പെട്ടതും ക്രിസ്തുമതത്തിലെ ഇരട്ടത്താപ്പ് തിരിച്ചറിഞ്ഞതും നമ്മള് കണ്ടു. അങ്ങനെ എസ്തര് ഒരു മുന്‍ ക്രിസ്ത്യാനിയായി മാറി. പിന്നീട് ഇന്ത്യന്‍ ക്രിസ്ത്യാനികള്‍ക്കുള്ള എസ്തറിന്റെ ഉപദേശം അടുത്ത എപ്പിസോഡില്‍ കണ്ടു. ഇപ്പോള്‍ ഞാന്‍ അവരോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നത് ഭാവി പരിപാടികളെ കുറിച്ചാണ്. ഇന്നത്തെ അവസ്ഥയില്‍ എന്താണ് ഭാവിയെക്കുറിച്ചുള്ള നിങ്ങളുടെ വീക്ഷണം. എന്താണ് അടുത്ത പ്രവര്‍ത്തന ലക്ഷ്യം ?
എസ്തര് ധന്‍രാജ്: ഇന്ത്യയില്‍ ഇന്നത്തെ ക്രൈസ്തവ ജനസംഖ്യ വളരെ വലുതാണ്. ശതമാന കണക്കില്‍ അതൊരു പക്ഷേ ഒരക്കത്തിലായിരിക്കാം. എന്നാലും സംഖ്യയില്‍ വലുതാണ്.
രാജീവ്: ഇപ്പോഴും വളര്‍ന്നു കൊണ്ടിരിക്കുകയുമാണ്
എസ്തര് : അതെ. എന്നാല്‍ എന്നെപ്പോലെ വിശ്വാസം നഷ്ടപ്പെട്ടവര്‍ ധാരാളം ഉണ്ടെന്ന കാര്യം ഉറപ്പാണ്. പല കാരണങ്ങള്‍ കൊണ്ടും അവര്‍ക്കത് തുറന്നു പറയാന്‍ കഴിയുന്നില്ല എന്നു മാത്രം. സ്വന്തം കുടുംബവും സുഹൃത്തുക്കളും പോലും എന്നെ നാണം കെടുത്തിയതു പോലുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ എനിയ്ക്കത് മനസ്സിലാകും. ഒരു ക്രിസ്ത്യാനിയല്ല എന്ന് തുറന്നു പറയുന്നതൊക്കെ വളരെ വിദൂരമായ കാര്യം. ‘എനിക്കിതില്‍ സംശയമുണ്ട്’ എന്നു പറയുന്നതു പോലും ക്രിസ്തുമതത്തില്‍ വലിയൊരു സംഭവമാണ്. എന്തെന്നാല്‍ അപ്പോഴേക്കും നിങ്ങള്‍ സാത്താന്റെ പിടിയില്‍ പെട്ട ആളായി ചിത്രീകരിക്കപ്പെടും എന്നതാണ്.
രാജീവ്: ‘സാത്താന് നിങ്ങളുടെ മനസ്സില്‍ സംശയം വിതച്ചിരിക്കുന്നു. നിങ്ങള്‍ ഒരു മോശപ്പെട്ട വ്യക്തിയാണ്’.
എസ്തര് : അതെ
രാജീവ്: ‘നിങ്ങളുടെ അടുത്തിരിക്കാന്‍ പോലും എനിക്ക് താല്‍പ്പര്യമില്ല’.
എസ്തര് : അതെ അതെ… ‘നിങ്ങള്‍ എന്തോ മോശപ്പെട്ട കാര്യം ചെയ്തു… സാത്താനെ നിങ്ങളുടെ ജീവിതത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ചു…’
രാജീവ്: ‘നിങ്ങള്‍ക്ക് സംശയമുണ്ടായിട്ടുണ്ടെങ്കില്‍ അത് നിങ്ങളുടെ കുറ്റമാണ്’.
എസ്തര് : അതെ…’യേശുവുമായി ഒരു നല്ല ബന്ധം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. യേശുവിനെ ഒരിയ്ക്കലും മനസ്സിലാക്കിയില്ല. അത് നിങ്ങളുടെ കുറ്റമാണ്’. ഇതെല്ലാം പലരും എന്നോടും പറഞ്ഞിരുന്നു. ഇപ്പോഴും പറയുന്നു. എന്നെ അറിയാവുന്ന ധാരാളം പേര്, അഥവാ എന്നെപ്പറ്റി പരിഗണനയുള്ളവര്, ഇപ്പോഴും എനിക്കു വേണ്ടി ഉപവാസം എടുക്കുകയും പ്രാര്‍ഥിക്കുകയും ഒക്കെ ചെയ്യുന്നു. അവരില്‍ ധാരാളം പേര് എന്റെ ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയാ പോസ്റ്റുകളിലും വന്ന് എന്നെ വെല്ലു വിളിക്കുക പോലും ചെയ്യുന്നു. അവര്‍ പറയുന്നത് ‘സഹോദരീ, ഒരുനാള്‍ യേശു നിങ്ങളെ തിരികെ കൊണ്ടു വരും എന്ന കാര്യത്തില്‍ നമുക്ക് ഉറപ്പുണ്ട്’. എന്നൊക്കെയാണ്. അതുകൊണ്ട് എന്റെ ഭാവി പരിപാടികളെ പറ്റി പറയുമ്പോള്‍ എനിക്കുറപ്പുണ്ട് എന്നെപ്പോലെ ധാരാളം പേര് വേറെയും ഉണ്ട്. ഈയവസരത്തില്‍ എന്നെപ്പോലെ ഒരു മുന്‍ ക്രിസ്ത്യന്‍ എന്ന അവസ്ഥയിലേയ്ക്കുള്ള പരിവര്‍ത്തനത്തിന്റെ ഏത് സ്റ്റേജില്‍ നില്ക്കുന്ന ഏതൊരു വ്യക്തിയേയും ഞാനീ വേദിയിലേക്ക് ക്ഷണിയ്ക്കുകയാണ്. ‘ഞാന്‍ യേശുവിനെ സ്നേഹിക്കുന്നു. അതില്‍ ഒരു സംശയവുമില്ല. പാസ്റ്റര്‍മാര്‍ ഞായറാഴ്ചകളില്‍ പറയുന്ന കാര്യങ്ങളിലും എനിക്കു വിശ്വസമുണ്ട്. ‘എന്നാല്‍’….’ ഇങ്ങനെയൊക്കെ പറയുന്ന ചിലരുണ്ട്. ഇതുപോലെ സ്വന്തം നിലപാടില്‍ ഒരു ‘എന്നാല്‍’ വച്ചിരിക്കുന്ന ഒരാളായിക്കോട്ടെ, അഥവാ പൂര്‍ണ്ണമായും മതം വിട്ട ഒരാളായിക്കോട്ടെ. ക്രിസ്തുമതത്തില്‍ നിന്നും പുറത്തേക്കുള്ള പാതയില്‍ എവിടെ നില്ക്കുന്ന ഏതൊരാളേയും ഈയവസരത്തില്‍ ഞാന്‍ ക്ഷണിക്കുകയാണ്. നിങ്ങളുടെ കുടുസ്സുമുറിയില്‍ നിന്ന് പുറത്തേക്ക് വരൂ… മുന്‍ ക്രിസ്ത്യാനികള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നതിനുള്ള ഒരു സംവിധാനത്തിന്റെ പണിപ്പുരയിലാണ് ഞങ്ങള്‍
രാജീവ്: അതെ അത്തരമൊരു വലിയ സംവിധാനം ഒരുക്കേണ്ടത് ആവശ്യമാണ്.
എസ്തര് : ഇക്കാര്യത്തില്‍ ഒന്നുകൂടി ഇവിടെ പങ്കു വയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇക്കാര്യത്തിനായി quitchristianity.org എന്നൊരു വെബ്സൈറ്റ് ഡൊമൈന്‍ തന്നെ ഞങ്ങള്‍ രെജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.
രാജീവ്: ഓക്കെ.
എസ്തര് : ഇത് ക്രിസ്തുമതം വിടുന്നു എന്നുള്ളവര്‍ക്കും, ക്രിസ്തുമതം വിടാന്‍ ആഗ്രഹിക്കുന്നു എന്നുള്ളവര്‍ക്കും, ക്രിസ്തുമതം വിട്ടു കഴിഞ്ഞു എന്നുള്ളവര്‍ക്കും ചേരും. ഞാന്‍ അങ്ങനെയുള്ള എല്ലാവരേയും ഈ വേദിയിലേക്ക് ക്ഷണിക്കുകയാണ്. അവിടെ അത്തരക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടാവും. എല്ലാവര്ക്കും സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തില്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാം. അതേ സമയം ആരും തങ്ങളുടെ പേരോ മറ്റു സ്വകാര്യ വിവരങ്ങളോ വെളിപ്പെടുത്തേണ്ട കാര്യവുമില്ല.
രാജീവ്: ഒരുപക്ഷേ ഈ വിഷയത്തില്‍ കോണ്‍ഫെറന്‍സുകളും മറ്റും സംഘടിപ്പിക്കാനായി നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞേക്കും.
എസ്തര് : തീര്‍ച്ചയായും
രാജീവ്: ഞങ്ങള്‍, ഇന്‍ഫിനിറ്റി ഫൗണ്ടേഷന് മത സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്നു. ഞങ്ങളെ സംബന്ധിച്ച് മതസ്വാതന്ത്ര്യം എന്നത് ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യമാണ്. അതാണ് സ്വാതന്ത്ര്യം എന്നതിന്റെ അര്‍ത്ഥം. അല്ലാതെ ഞങ്ങള്‍ക്ക് (സഭയ്ക്ക്) ഒരു സിദ്ധാന്തം ഉണ്ട്. ശക്തരായ ഞങ്ങള്‍ നിങ്ങളെ ആ സിദ്ധാന്തത്തിലേക്ക് ചേര്‍ക്കും. ഞങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി പോരാടും. നിങ്ങളെ മറ്റുള്ളവരില്‍ നിന്നും പ്രതിരോധിക്കും. അതൊന്നുമല്ല മത സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥം. സ്വാതന്ത്ര്യം എന്നാല്‍, അധീശത്വത്തോട് വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണ്.
എസ്തര് : അതെ
രാജീവ്: നിങ്ങള്‍ക്കറിയുമോ ഒരാള്‍ ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനിയാണെങ്കില്‍ നമ്മുടെ പാരമ്പര്യം അനുസരിച്ച് അയാള്‍ ചര്‍ച്ചകളില്‍ തന്റെ ആശയങ്ങള്‍ പങ്കു വയ്ക്കാന്‍ തയ്യാറാവണം. എതിര് അഭിപ്രായങ്ങള്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കണം. ഏറ്റവും മഹാത്മാക്കള്‍ പലപ്പോഴും വിപ്ലവം ഉയര്‍ത്തുന്നവര്‍ ആയിരുന്നു. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ വെളിച്ചം കണ്ടെത്തിയവരായിരുന്നു. ഇവിടെ അവരെ വഴിപിഴച്ചവര്‍ എന്നാരോപിച്ച് അടിച്ചമര്‍ത്തുകയല്ല ചെയ്തിട്ടുള്ളത്. അതുകൊണ്ട് ക്രിസ്തുമതത്തിലെ മതവിയോജനം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. സഭ അതിനെതിരെ നില്ക്കുകയാണെങ്കില്, നിങ്ങള്‍ക്ക് പറയാം ‘ഞങ്ങള്‍ ഞങ്ങളുടെ അഭിപ്രായ സ്വാതന്ത്യവും മതസ്വാതന്ത്യവും ഉപയോഗപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്’. അത് ഭരണഘടന തന്നിട്ടുള്ള അവകാശങ്ങളാണ്. ഒപ്പം ഇക്കാര്യത്തില്‍ നല്ല നിയമ സഹായവും മാധ്യമ സഹായവും ബൗദ്ധിക സഹായവും തേടണം. നിയമ സഹായത്തിന്റെ കാര്യത്തില്‍ എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല. എന്നാല്‍ ബൗദ്ധിക സഹായം ചെയ്യാന്‍ കഴിയും. ഈ പോരാട്ടം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയാം. അതുകൊണ്ട് ഞങ്ങളോടുള്ള സമ്പര്‍ക്കം നിലനിര്‍ത്തുക. നിങ്ങളുടെ ക്വിറ്റ് ക്രിസ്ത്യാനിറ്റി പ്രസ്ഥാനത്തിന്റെ പുരോഗതികള്‍ ഞങ്ങളെ അറിയിക്കുക. നമുക്ക് ഇക്കാര്യത്തില്‍ സാദ്ധ്യമാവുന്നിടത്തെല്ലാം ഒരുമിച്ച് പ്രവര്‍ത്തിക്കാം.
എസ്തര് : എന്റെ ഈ ലക്ഷ്യം ഞാന്‍ നിശ്ചയിച്ചതിനു പിന്നില്‍ ചില നിമിത്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. എനിക്ക് അറിയാവുന്ന കുറച്ചു ക്രിസ്ത്യാനികള്‍ ഉണ്ട്. അവര്‍ വളരെ അടിയുറച്ച വിശ്വാസികള്‍ ആയിരുന്നപ്പോള്‍ മുതല്‍ ഞാന്‍ അവരുമായി സംഭാഷണങ്ങളില്‍ ഏര്‍പ്പെടുമായിരുന്നു. രണ്ടു വര്‍ഷങ്ങളോളം ഈ ചര്‍ച്ചകള്‍ അങ്ങനെ തുടര്‍ന്നുപോയി. ഒടുവില്‍ അവര്‍ വെളിച്ചം കണ്ടെത്തി. ഇരുട്ടില്‍ നിന്നും പുറത്തുവന്നു. എന്നാല്‍ നേരത്തേ പറഞ്ഞതുപോലുള്ള ഊരുവിലക്കും സാമൂഹ്യമായ നാണം കെടുത്തലും ഭയന്ന് അവര്‍ സ്വന്തം അറകള്‍ക്കുള്ളില്‍ തന്നെ ഒതുങ്ങിക്കൂടിയിരിക്കുകയാണ്.
രാജീവ്: ഇത്തരം സന്ദര്‍ഭങ്ങളില്‍ ഹിന്ദുക്കള്‍ എന്ന നിലയ്ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയില്ലേ ? അവരെല്ലാം ഹിന്ദുക്കള്‍ ആയി മാറിയാലേ സഹായിക്കൂ എന്ന് നമ്മള് പറയാന്‍ പാടില്ല. നിങ്ങള്‍ക്ക് സ്വതന്ത്ര വ്യക്തിയായോ, ഒരു മുന്‍ ക്രിസ്ത്യാനി ആയോ ജീവിക്കണമെങ്കില്‍ അങ്ങനെയാവാം. ഞങ്ങള്‍ നിങ്ങളെ പിന്തുണയ്ക്കാം. നിങ്ങളുടേതായ സമയമെടുത്ത് തീരുമാനിക്കാം. ഒരുനാള്‍ നിങ്ങള്‍ ഹിന്ദുവായേക്കാം. ആയില്ലെന്നുമിരിക്കാം. അത് പ്രധാനമല്ല. എന്നാല്‍ ഒരു മാനസിക പിന്തുണ അര്‍ഹിക്കുന്ന ഒരു മനുഷ്യന്റെ വിഷയമായതു കൊണ്ട് ഞങ്ങള്‍ സഹായിക്കാന്‍ ആഗ്രഹിക്കുന്നു. ക്രൈസ്തവസഭയുടെ ഭാഗമായി തുടരാന്‍ തയ്യാറല്ല എന്ന അവരുടെ നിലപാടിന്റെ പേരില്‍ അവരെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍, നിരുപാധികമായി തന്നെ അവരെ പിന്തുണയ്ക്കാന്‍ നമ്മള് മുന്നോട്ടു വരണം. അല്ലാതെ നിങ്ങള്‍ മതം മാറൂ ഞങ്ങള്‍ സഹായിക്കാം എന്നൊരു നിലപാട് നമുക്കുണ്ടാവാന്‍ പാടില്ല.
എസ്തര് : ഞാന്‍ കരുതുന്നത് അതൊരു ക്രിസ്ത്യന്‍ നിലപാടാണ് എന്നാണ്.
രാജീവ്: അതെ.. അതൊരു ക്രിസ്ത്യന്‍ നിലപാടാണ്. ആളുകള്‍ക്ക് ക്രൈസ്തവസഭ ഉപേക്ഷിച്ച് പുറത്തു വന്ന് പ്രത്യേകിച്ച് ഒന്നിനോടും ചേരാതെ നില്‍ക്കണം എന്നാഗ്രഹമുണ്ടെങ്കിലും നമ്മള് അതിന് പിന്തുണ കൊടുക്കണം. ഹിന്ദുക്കള്‍ അവരെ സഹായിക്കണം.
എസ്തര് : അത് വളരെ സഹകരണം ആവശ്യമുള്ള ഒരു പരിശ്രമമായിരിക്കും.
രാജീവ്: നിങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എന്റെ ആശംസകളും പിന്തുണയും. തീര്‍ച്ചയായും നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം. നമസ്തേ
എസ്തര് : ഇത്തരം ഒരവസരം എനിക്കു തന്നതിന് അങ്ങയ്ക്ക് വളരെ നന്ദി. നമസ്തേ
ഇംഗ്ളീഷിലുള്ള അഭിമുഖത്തിന്റെ വീഡിയോ :
കടപ്പാട്: ഇന്‍ഫിനിറ്റി ഫൗണ്ടേഷന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: