കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് തുടര്‍ക്കഥയാവുന്നു. കോവിഡ് രോഗ പ്രതിരോധ മേഖലയില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെയും സാമൂഹ്യസംഘടനകളെയും അടുപ്പിക്കാതെ സിപിഎം അധികാരങ്ങള്‍ കയ്യിലെടുത്ത് പോലീസിനെ പോലും കാഴ്ചക്കാരാക്കി പല ഭാഗങ്ങളിലും അഴിഞ്ഞാടുകയാണ്. സന്നദ്ധ സേവനത്തിന് രജിസ്റ്റര്‍ ചെയ്ത സിപിഎം ഇതര പാര്‍ട്ടിയില്‍പ്പെട്ട ആളുകളെ മുഴുവന്‍ ഒഴിവാക്കി ഡിവൈഎഫ്ഐയുടെ പ്രവര്‍ത്തകര്‍ക്ക് സന്നദ്ധസേന പാസ് നല്‍കുകയായിരുന്നു. പാസ് ഉപയോഗിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സര്‍വ്വ ലോക്ഡൗണ്‍ നിയമങ്ങളും ലംഘിച്ച് പ്രവര്‍ത്തിക്കുകയാണ്. സന്നദ്ധസേന പ്രവര്‍ത്തനം പാര്‍ട്ടിക്കാര്‍ക്ക് മാത്രമാക്കിയതിന് പിന്നാലെ സാമൂഹ്യ അടുക്കളകളുടെ നിയന്ത്രണവും പാര്‍ട്ടിക്ക് കീഴിലാക്കി. തങ്ങള്‍ മാത്രമാണ് പ്രതിരോധ പ്രവര്‍ത്തന രംഗത്തുളളതെന്ന് വരുത്തിത്തീര്‍ക്കാനുളള ശ്രമമാണ് സിപിഎം നടത്തുന്നത്. പാസിന്റെ മറവില്‍ ഡിവൈഎഫ്ഐ നേതാക്കള്‍ ഇരുചക്രവാഹനങ്ങളിലും കാറുകളിലും കറങ്ങുന്നത് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പതിവായിട്ടുണ്ട്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ മുന്നില്‍ പോലീസ് നോക്കുകുത്തിയായി മാറുകയാണ് പലപ്പോഴും.
ലോക്ഡൗണില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സര്‍ക്കാറിതര സന്നദ്ധ സംഘടനകള്‍ സൗജന്യ ഭക്ഷ്യധാന്യങ്ങളും മറ്റും വിതരണം ചെയ്യുന്നത് തടസ്സപ്പെടുത്തുന്ന സംഭവങ്ങളും ജില്ലയില്‍ വര്‍ധിച്ചിട്ടുണ്ട്. ഇത്തരക്കാരെ തടഞ്ഞ് പോലീസിനെ കൊണ്ട് കേസെടുപ്പിക്കുന്ന പ്രവണതയും പലയിടങ്ങളിലുമുളളതായി ആരോപണമുയര്‍ന്നിട്ടുണ്ട്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ അധികാരത്തിന്റെ പിന്‍ബലത്തില്‍ നിയമങ്ങളെയും പോലീസ് നിര്‍ദേശങ്ങളെയും തൃണവല്‍ഗണിച്ചുകൊണ്ട് സിപിഎമ്മും ഡിവൈഎഫ്ഐയും അവരുടെ അജണ്ടകള്‍ ലോക്ഡൗണിന്റെ മറവില്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന ആരോപണം ശക്തമാവുകയാണ്.
കഴിഞ്ഞദിവസം തലശ്ശേരിക്കടുത്ത് കതിരൂരില്‍ വീട്ടില്‍ അത്യാവശ്യ മരുന്ന് കൊടുക്കാന്‍ പോയ സിവില്‍ പോലീസ് ഓഫീസറെ സന്നദ്ധ പ്രവര്‍ത്തകരെന്നവകാശപ്പെടുന്ന ഡിവൈഎഫ്ഐ സംഘം ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവമുണ്ടായി. സിപിഎം ശക്തികേന്ദ്രങ്ങളില്‍ സന്നദ്ധസേവനത്തിന്റെ മറവില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ നേര്‍ചിത്രമാണ് പോലീസിന് നേരെ നടന്ന ഭീഷണി. സഹായങ്ങള്‍ ചെയ്യുന്ന മറ്റ് പാര്‍ട്ടിക്കാരെ തടഞ്ഞ് തങ്ങള്‍ മാത്രമാണ് സഹായിക്കുന്നവരെന്ന് പ്രഖ്യാപിക്കുകയാണ്. കതിരൂര്‍ സംഭവത്തില്‍ മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
പാനൂര്‍ പന്ന്യന്നൂരില്‍ വനിതാ ആരോഗ്യ വകുപ്പ് ജീവനക്കാരിക്ക് യാത്രയയപ്പ് നല്കിയതും കഴിഞ്ഞദിവസം ചെമ്പിലോട് പഞ്ചായത്തിന്റെ വക ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് യാത്രയയപ്പ് നല്കിയതും സിപിഎം നേതൃത്വത്തിന്റെ അറിവോടെ നടന്ന കടുത്ത ലോക്ഡൗണ്‍ ലംഘനങ്ങളാണ്. ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ ജില്ലാഭരണകൂടം അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ പ്രതിഷേധ പരിപാടികളുമായി രംഗത്ത് വരാനുളള തയ്യാറെടുപ്പിലാണ് വിവിധ യുവജന സംഘടനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: