ശിരസ്സും ഹൃദയവും
ശിരസ്സും ഹൃദയവും വസ്തിയുമാണ് ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങള്‍. പ്രാണങ്ങളും ജ്ഞാനേന്ദ്രിയങ്ങളും ശിരസ്സില്‍ സ്ഥിതി ചെയ്യുന്നതായി കരുതുന്നു. അഥര്‍വവേദത്തില്‍ തന്നെ ശിരസ്സും മസ്തിഷ്‌കവും വേറെവേറെയാണെന്നുമനസ്സിലാക്കിയിരുന്നതായി കാണാം. തലച്ചോറിന് മസ്തുലുംഗം എന്നാണ് ചരകത്തില്‍ പറയുന്നത്. ചരകനും ദൃഢബലനും ജ്ഞാനേന്ദ്രിയങ്ങളുടെയും പ്രാണങ്ങളുടെയും കേന്ദ്രമായി ശിരസ്സിനെ കരുതുന്നതോടൊപ്പം ഹൃദയത്തെയും പ്രാണമനസ്സുകളുടെ കേന്ദ്രമായി പറയുന്നു. ചരകന്റെ സമകാലികനായ ഭേളന്‍ആകട്ടെ മസ്തിഷ്‌കത്തെയാണ് മനസ്സിന്റെ കേന്ദ്രമായി (ശീര്‍ഷതാല്വന്തരഗതം) കരുതുന്നത്. സംസ്‌കൃതസാഹിത്യത്തില്‍ തന്നെ ഈ ആശയം പുതുമയാര്‍ന്നതാണെന്നാണ് ദാസ്ഗുപ്ത പറയുന്നത്. മനസ്സിന്റെ മൂലകാരണവും ജ്ഞാനേന്ദ്രിയങ്ങളുടെ ഊര്‍ജ്ജസ്രോതസ്സും വികാരവിചാര (ബുദ്ധി,തീരുമാനം) ങ്ങളുടെ കാരണവും ആയ ചിത്തം ഹൃദയത്തിലാണ് സ്ഥിതി ചെയ്യുന്നത്. നല്ല ചിത്തമുള്ളവര്‍ സന്മാര്‍ഗത്തില്‍ ചരിക്കുകയും അസച്ചിത്തമുള്ളവര്‍ ദുഷ്ടമാര്‍ഗത്തില്‍ ചരിക്കുകയും ചെയ്യും. മനസ്സ് ചിത്തത്തെ അറിഞ്ഞിട്ട് കര്‍മ്മത്തെ തിരഞ്ഞെടുക്കുന്നു. ബുദ്ധി എന്നാല്‍ ശുഭാശുഭവിവേചനമാണ്.
അതായത് ഭേളന്‍ മനസ്സ്, ചിത്തം, ബുദ്ധി എന്നിവയെ വേര്‍തിരിച്ചു കാണുന്നു എന്നര്‍ത്ഥം. മസ്തിഷ്‌കത്തിലെ ദോഷങ്ങള്‍ മനസ്സിനേയും അതു വഴി ഹൃദയത്തേയും അത് ബുദ്ധിയേയും ബാധിച്ച് കാര്യകാരണബോധം നശിച്ച് ഉന്മാദാവസ്ഥ ഉണ്ടാകുന്നു എന്നാണ് ഭേളന്‍ പറയുന്നത്. ഭേളന്റെ അഭിപ്രായത്തില്‍, ആലോചകപിത്തത്തിന്റെ ഒരു വകഭേദമായ ചക്ഷുര്‍വൈശേഷികം ആത്മാവിനെ മനസ്സുമായി ബന്ധപ്പെടുത്തുന്നു. ഇത് അറിവിനെ ഉണ്ടാക്കുകയും ചിത്തത്തിനു കൈമാറുകയും ചെയ്യുന്നു. അതു വഴി കണ്ണുകള്‍ വസ്തുക്കളെ വേര്‍തിരിച്ചു കാണുന്നു. തീരുമാനത്തിലെത്തുന്നതാകട്ടെ ആലോചകപിത്തത്തിന്റെ മറ്റൊരു വകഭേദമായ ബുദ്ധിവൈശേഷികമാണ്. ഇതാകട്ടെ ഭ്രൂമധ്യത്തില്‍ സ്ഥിതി ചെയ്യുന്നു. ഈ ബുദ്ധിവൈശേഷികം ആത്മാവില്‍ നിന്നുതിരുന്ന സൂക്ഷ്മരൂപങ്ങളെ ഒരുമിപ്പിക്കുകയും (സൂക്ഷ്മാനര്‍ത്ഥാന്‍ ആത്മകൃതാന്‍) വിവര (Data) ത്തെ യോജിപ്പിക്കുകയും (ധാരയതി) സദൃശങ്ങളും മുമ്പറിഞ്ഞവയും ആയ യാഥാര്‍ത്ഥ്യങ്ങളുമായി ചേര്‍ത്തുവെക്കുകയും (പ്രത്യുദാഹരതി, integrates) മുന്‍കാലത്തെ അനുഭവത്തെ ഓര്‍ക്കുകയും നമ്മുടെ അറിവിന്റെ ആശയപരമായും നിശ്ചയപരമായും ഉള്ള രൂപങ്ങളെ സൃഷ്ടിക്കുകയും ഭാവിസാക്ഷാല്‍ക്കാരത്തിനായി ഇച്ഛിക്കുകയും കര്‍മ്മനിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്നു. ധ്യാനത്തിലും ധാരണയിലും ഈശക്തിയാണ് പ്രവര്‍ത്തിക്കുന്നത് (ഭേളസംഹിതാ, പുരുഷനിശ്ചയം, പുറം 81). സുശ്രുതന് ചിലപ്രത്യേകനാഡികള്‍ അതാത് ജ്ഞാനേന്ദ്രിയകര്‍മ്മങ്ങളുമായിബന്ധമുണ്ടെന്നറിയാമായിരുന്നു. എല്ലാ ജ്ഞാനനാഡികളും ഭ്രൂമധ്യത്തിനെ ശൃംഗാടകത്തില്‍ സന്ധിക്കുന്നു എന്നു സുശ്രുതന്‍ പറയുന്നു. ചരകന്‍ പ്രാണങ്ങള്‍ക്കു മറ്റു പല അധിഷ്ഠാനങ്ങളും പറയുന്നുണ്ടെങ്കിലും ആത്മാവിന് ഒരു സ്ഥാനമേ പറയുന്നുള്ളൂ. അത് ഹൃദയമാണ് (ഹൃദയം ചേതനാധിഷ്ഠാനമേകം ചരകസംഹിതാ, 4. 7. 8). ചക്രപാണിയുടെ അഭിപ്രായത്തില്‍ സുഖദുഃഖങ്ങള്‍, ചിന്ത എന്നിവ ഹൃദയത്തെ സ്വാധീനിക്കുന്നു എന്നതിനാല്‍ മനസ്സ്, ആത്മാവ് എന്നിവയുടെ അധിഷ്ഠാനം ഹൃദയമാണ്. പരമമായ ഓജസ്സിന്റെയും സ്ഥാനം അതാണ്. ചൈതന്യസംഗ്രഹവും അവിടെയാണ്. പ്രാണവാഹികളായ സ്രോതസ്സുകളുടെ മൂലവും അന്തരാത്മാവിന്റെ ആയതനവും ഹൃദയമാണ് എന്നും ചരകന്‍ പറയുന്നു. തൈത്തിരീയോപനിഷത്തി (1. 6. 1)) ല്‍ മനോമയപുരുഷന്റെ സ്ഥാനം ഹൃദയമാണ് എന്നു പറയുന്നുണ്ട്.
















