‘ഏറ്റുമാനൂരില്‍ എത്തിയാല്‍ കാറ്റും ജപിക്കും നമഃശിവായ’ എന്നാണ് ചൊല്ല്. പ്രകൃതി പോലും പഞ്ചാക്ഷരി ജപിക്കുന്ന ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ പരമപ്രധാന ചടങ്ങാണ് ഐതിഹ്യപ്രസിദ്ധമായ ഏഴരപ്പൊന്ന ദര്‍ശനം. ക്ഷേത്രത്തിലെ എട്ടാം ഉത്സവനാളായ കുംഭമാസത്തിലെ രോഹിണി നക്ഷത്രത്തിലാണ് പ്രസിദ്ധമായ ഏഴരപ്പൊന്നാന എഴുന്നള്ളിപ്പ്.
ഏഴ് വലിയ ആനകളുടെയും, ഒരു ചെറിയ ആനയുടെയും സ്വര്‍ണ്ണത്തില്‍ പണിത പൂര്‍ണകായ പ്രതിമകളാണ് ഏഴരപ്പൊന്നാന. പ്ലാവിന് തടിയില്‍ രൂപപ്പെടുത്തിയ ആനകളെ സ്വര്‍ണപാളികള്‍ കൊണ്ട് പൊതിഞ്ഞിരിക്കുന്നു. വലിയ ആനകള്‍ക്ക് രണ്ടടി ഉയരമുണ്ട്. ‘അര ആന’യ്ക്ക് ഒരടിയാണ് ഉയരം.
ക്ഷേത്രത്തില്‍ കുംഭമാസത്തിലെ രോഹിണിയില്‍ രാത്രി 12 ന് ആസ്ഥാന മണ്ഡപത്തില്‍ ഏഴരപ്പൊന്നാനകള്‍ ഭക്തര്‍ക്ക് അനുഗ്രഹവര്ഷവുമായ് അണിനിരക്കും. അപ്പോഴേക്കും ലക്ഷക്കണക്കിനു ഭക്തര്‍ കാണിക്കയിട്ട് ഏറ്റുമാനൂരപ്പന്റെ അനുഗ്രഹം തേടാനെത്തിയിരിക്കും. ക്ഷേത്രമതില്‍ക്കകത്തെ പടിഞ്ഞാറെ മൂലയിലാണ് ആസ്ഥാന മണ്ഡപം.അഷ്ടദിക്ഗജങ്ങളുടെ പ്രതീകങ്ങളാണ് ഏഴരപൊന്നാനകള്‍. ഐരാവതം, പുണ്ഡീരകം, കൗമുദം, അഞ്ജന, പുഷ്പദന്തം, സുപ്രദീകം, സാര്‍വഭൗമന്‍, വാമനന് എന്നിവയാണ് ദിഗ്ഗജങ്ങള്‍. കൂട്ടത്തില്‍ വാമനന് ചെറുതാകയാല്‍ അരപൊന്നാനയായി മാറി.
ഏഴരപ്പൊന്നാന ദശര്‍നത്തിലൂടെ സര്‍വൈശ്വര്യവും സിദ്ധിക്കുമെന്നാണ് വിശ്വാസം. ബ്രഹ്മഹത്യാപാപത്തില്‍ നിന്ന് ഇന്ദ്രന് മോചനം നല്കാന് കുംഭമാസത്തിലെ രോഹിണിനാളില്‍ അര്‍ധരാത്രി ശരഭമൂര്‍ത്തിയായി ഭഗവാന് അവതരിച്ചെന്നാണ് വിശ്വാസം. ദേവന്മാരെല്ലാം ആ വേളയില്‍ സന്നിഹിതരാകുകുന്നു.
ഏഴരപ്പൊന്നാന ദര്‍ശനത്തിനു തലേന്നാള്‍ തങ്കത്തില്‍ തീര്‍ത്ത കുട വൈകിട്ട് നടക്കുന്ന സേവയില്‍ എഴുന്നള്ളിക്കുക പതിവുണ്ട്. എട്ടും പത്തും ഉത്സവ ദിവസങ്ങളിലാണ് ഏഴര പൊന്നാനയെ ദര്‍ശനത്തിനായി പുറത്തെടുക്കുന്നത്. അരപൊന്നാനയെ വിഷുവിന് ദര്‍ശനത്തിനുവയ്ക്കും.
തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ഭരണകാലത്താണ് ഏഴരപ്പൊന്നാനകളെ നടയ്ക്കു വച്ചതെന്നാണ് ചരിത്രം. മലയാള വര്‍ഷം 929ല്‍ വടക്കുംകൂര്‍ രാജ്യം പിടിച്ചടക്കാനിറങ്ങിയ തിരുവിതാംകൂര്‍ മഹാരാജാവിന്റെ സൈന്യങ്ങള്‍ ഏറ്റുമാനൂരിലെ മാധവിപ്പളളിനിലത്തില് കടന്ന് അവിടെയുള്ള വൃക്ഷങ്ങളും മാധവിപ്പള്ളിമഠവും നശിപ്പിച്ചു. ഇതോടെ തിരുവിതാംകൂര്‍ മഹാരാജാവ് ഏറ്റുമാനൂര്‍ മഹാദേവന്റെ അനിഷ്ടത്തിനിരയായി. പല അനര്‍ത്ഥങ്ങളും സംഭവിച്ചു. മഹാദേവന്റെ കോപത്തില്‍ നിന്ന് രക്ഷതേടാനായി മഹാരാജാവ് നടയ്ക്കുവെച്ചതാണ് ഏഴരപ്പൊന്നാനകള്‍. എട്ടുമാറ്റില്‍ ഏഴായിരത്തി ഒരുന്നൂറ്റി നാല്പത്തിമൂന്നേ അരയ്ക്കാല് കഴഞ്ചു സ്വര്‍ണ്ണം കൊണ്ട് ഏഴര ആനകളെ നിര്‍മിച്ചു. ഏഴു കഴഞ്ചു സ്വര്‍ണ്ണം കൊണ്ട് തോട്ടിയും വളറുമുണ്ടാക്കി. തൊണ്ണൂറ്റാറര കഴഞ്ചു സ്വര്‍ണ്ണം കൊണ്ട് ഒരു പഴുക്കാക്കുലയും നടയ്ക്കുവെച്ചുവെന്നും ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു. പ്രായശ്ചിത്തച്ചാര്‍ത്ത് കൊല്ലവര്‍ഷം 964 ഇടവം പന്ത്രണ്ടിന് തയാറാക്കിയെന്നതിന് ദേവസ്വത്തിലും പുരാവസ്തു വകുപ്പിലും ഇപ്പോഴും രേഖകളുണ്ട്.
മറ്റൊരു ചരിത്രംകൂടിയുണ്ട് ഏഴരപ്പൊന്നാനയ്ക്ക്. 973-മാണ്ട് നാടുനീങ്ങിയ തിരുവിതാംകൂര്‍ ധര്‍മ്മരാജാ കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ മഹാരാജാവ് ഏഴരപ്പൊന്നാനകളെ വൈക്കം ക്ഷേത്രത്തിലേക്ക് വഴിപാടായി കൊടുത്തയച്ചതാണെന്നാണ് ഈ കഥ. ആനകളെ കൊണ്ടു പോയവര്‍ക്ക് ഏറ്റുമാനൂരെത്തിയപ്പോള്‍ അവിടെ നിന്നു മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയാതെ വന്നു. പിന്നീടത് ഏറ്റുമാനൂരപ്പനു സമര്‍പ്പിച്ചെന്നാണ് ഇതിന്റെ പൊരുള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: