ഭ്രൂണത്തിന്റെ പടിപടിയായുള്ള വളര്‍ച്ചയെ ഗര്‍ഭോപനിഷത്തില്‍ വിവരിക്കുന്നുണ്ട്. അതനുസരിച്ച് ഏഴാം മാസത്തിലാണ് ജീവന്റെ പ്രവേശം. ഒന്‍പതാം മാസത്തില്‍ പൂര്‍വജന്മസ്മൃതി ഉണ്ടാകുന്നു. പാപകര്‍മ്മങ്ങളെ ഓര്‍ത്ത് ദുഃഖിക്കുന്നു. ഈ ജന്മം സാംഖ്യയോഗമാര്‍ഗം പിന്തുടരാന് നിശ്ചയിക്കുന്നു. പക്ഷേ പ്രസവം നടന്ന ഉടനെ തന്നെ വൈഷ്ണവവായുവിന്റെ സ്പര്‍ശം ഉണ്ടാകുകയും അതോടെ പൂര്‍വജന്മം, ഗര്‍ഭാശയത്തില്‍ വെച്ചെടുത്ത തീരുമാനം എന്നിവയെല്ലാം വിസ്മരിക്കുകയും ചെയ്യുന്നു എന്നാണ് ഈ ഉപനിഷത്ത് പറയുന്നത്. സുശ്രുതനും ചരകനും ഭ്രൂണത്തിന്റെ ക്രമമായ വികാസത്തെയും പ്രസവകര്മ്മത്തെയും വിസ്തരിച്ചു പറയുന്നുണ്ട്. ഭൗതികഘടകങ്ങളും സൂക്ഷ്മശരീരവും ആത്മാവും ചേര്‍ന്ന ഭ്രൂണം ആണ് ചരകാദികളുടെ ശാസ്ത്രത്തില്‍ അനുദിനം വികാസപരിണാമങ്ങള്‍ക്കു വിധേയമാകുന്നത്. സുശ്രുതപക്ഷം അനുസരിച്ച് സോമാംശ (ജലാംശം) മായ ശുകഌവും ആഗ്നേയമായരക്തവും പഞ്ചഭൂതങ്ങളുടെ സൂക്ഷ്മകണങ്ങളും കൂടിച്ചേര്‍ന്ന് പരസ്പരം സഹകരിച്ചാണ് ശരീരമായി പരിണമിക്കുന്നത്. സുശ്രുതന്റെ അഭിപ്രായപ്രകാരംസ്ത്രീപുരുഷസംയോഗത്തിലുണ്ടാകുന്ന ചൂട് വായുവിനെ ഉദ്ദീപിപ്പിക്കുകയും അവ രണ്ടും ചേര്‍ന്ന് ശുകഌക്ഷേപത്തിനു കാരണമാകുകയും ചെയ്യുന്നു. എന്നാല്‍ ചരകന്‍ പറയുന്നത് ശുകഌക്ഷേപത്തിനു കാരണം ആനന്ദഹര്ഷം ആണെന്നാണ്. ശരീരമാസകലം വ്യാപിച്ചു നിലക്കൊള്ളുന്ന ശുകഌധാതു ഈ ഹര്‍ഷം മൂലം പുറത്തുവന്ന് ഗര്‍ഭാശയത്തില്‍ പ്രവേശിക്കുകയും അവിടെ വെച്ച് രക്തവുമായി കൂടിച്ചേരുകയും ചെയ്യുന്നു. ചരകന്റെ ഈ നിലപാട് ആനന്ദമാണ് സൃഷ്ടികാരണം എന്ന അദൈ്വതതന്ത്രത്തിന്റെ നിലപാടുമായി ഒത്തുപോകുന്നതാണ്. ഈ സന്ദര്‍ഭത്തില്‍, സുശ്രുതപക്ഷപ്രകാരം, സൂക്ഷ്മശരീരിയായ ആത്മാവ്സത്വരജസ്തമോഗുണങ്ങളുടെയും ദൈവികാസുരങ്ങളുടെയും ഭൗതികസ്വഭാവങ്ങളും മറ്റു സവിശേഷതകളും ആയി കൂടിച്ചേരുന്നു. ചരകന്റെ അഭിപ്രായത്തില്‍ ആത്മാവ് ഭൗതികഭാഗങ്ങളുമായി കൂടിച്ചേരുന്നത് മനസ്സ് അഥവാ സത്വം എന്ന അവയവം (സത്വകരണം) വഴിക്കാണ്. വ്യാഖ്യാതാവായ ചക്രപാണി അതിനെ ഇങ്ങനെ വിശദമാക്കുന്നു ആത്മാവ് നിഷ്പന്ദമാണ്. അതിനോടു ചേര്‍ന്നു നില്ക്കുന്ന മനസ്സ് എന്ന കരണത്തിന്റെ പ്രവര്‍ത്തിയെ ആത്മപ്രവൃത്തിയായികരുതുകയാണ് ചെയ്യുന്നത് എന്നാണ്. ദാസ്ഗുപ്തയുടെ അഭിപ്രായത്തില്‍ ചക്രപാണി ഇവിടെ സാംഖ്യദര്‍ശനത്തിന്റെ നിലപാടുമായി സഖ്യം ചെയ്യുകയാണ്.
ചരകസംഹിതയിലെ വരികളില്‍ ആത്മാവ് നിശ്ചലമാണ് എന്നു പറയുന്നില്ല. ആത്മാവ് കര്‍ത്താവാണ്, പ്രവര്‍ത്തിക്കുന്നവനാണ്, വിശ്വകര്‍മ്മാവാണ്, സത്വം ഒരു ഉപകരണമാണ് അവയവമാണ് എന്നാണ് ചരകന്‍ (സത്വകരണോ ഗുണഗ്രഹണായ പ്രവര്‍ത്തതേ ചരകസംഹിതാ 4. 4. 8) പറയുന്നത്. ക്രമേണ ഭ്രൂണം പരിണാമവിധേയമാകുന്നു. ശിശുവിന്റെ അവയവങ്ങള്‍ പ്രകടമായി വരുന്നു. ഓരോ മാസത്തെയും ഇത്തരത്തിലുള്ള വളര്‍ച്ചയെ ചരകസംഹിതയും മറ്റുംവിശദമാക്കുന്നുണ്ട്. നാലാം മാസം ഹൃദയം വ്യക്തമാകുന്നു. അതോടെ ബോധവും തെളിയുന്നു. കാരണം ഹൃദയമാണ് ബോധത്തിന്റെ ഇരിപ്പിടം. എട്ടാം മാസത്തില്‍ മാതാവില്‍നിന്നും ഓജസ്സിന്റെ സംക്രമണം തുടങ്ങുന്നു. തന്മൂലം എട്ടാം മാസത്തിലെ പ്രസവം ആയുസ്സു കുറയാന്‍ ഇടയാക്കും. ആകാശാദിപഞ്ചഭൂതങ്ങളില്‍ നിന്നും ഇന്ദ്രിയങ്ങളും ശരീരത്തിന്റെ പ്രത്യേകതകളും എങ്ങിനെ രൂപപ്പെടുന്നു എന്നു ചരകന്‍ സംഹിതയില്‍ വര്‍ണ്ണിക്കുന്നുണ്ട്. അതാതു ഭൂതങ്ങളില്‍ നിന്നുമുടലെടുക്കുന്ന ഇന്ദ്രിയങ്ങളും സവിശേഷതകളും പിന്നീട് അതാതു ഭൂതങ്ങളെ ഭക്ഷണാദികള്‍ വഴി സ്വാംശീകരിച്ച് വളരുകയും നിലനില്ക്കുകയും ചെയ്യുന്നു. അവയവങ്ങളുടെ ഉല്പ്പത്തിക്രമത്തെപ്പറ്റി അഭിപ്രായഭേദങ്ങള്‍ കാണാം. കുമാരശിരസ്സ്, ശൗനകന്, കാങ്കായനന്‍,കൃതവീര്യന്, ഭദ്രകാപ്യന്‍, പാരാശരന്‍, ഭദ്രശൗനകന്‍, ബഡിശന്‍, മാര്ക്കണ്ഡേയന്, വൈദേഹജനകന്‍, മാരിചി, സുഭൂതി ഗൗതമന്, ധന്വന്തരി എന്നീ ആചാര്യന്മാരുടെ ഭിന്നാഭിപ്രായങ്ങള്‍ ചരകനും സുശ്രുതനും രേഖപ്പെടുത്തിയിട്ടുണ്ട്. ചരകനെപ്പോലെ സുശ്രുതനും ഭ്രൂണം, അവയവങ്ങള്‍,സപ്തധാതുക്കള്‍ മുതലായവയുടെ വളര്‍ച്ചയുടെ അതിസൂക്ഷ്മതലങ്ങളുടെ വിവരണം നല്‍കുന്നുണ്ട്. ശാരീരികവും മാനസികവുമായ ഈ മാറ്റങ്ങളൊന്നും തന്നെ ആത്മാവിനെ ബാധിക്കുന്നില്ല എന്നു ചരകന്‍ പറയുന്നു. (നിര്വികാരപരസ്ത്വാത്മാ സര്‍വഭൂതാനാം നിര്വിശേഷസത്വശരീരയോസ്തുവിശേഷാദ് വിശേഷോപലബ്ധി: ചരകസംഹിതാ 4. 4. 34). സുഖദു;ഖങ്ങളും ആത്മാവിന്റേതല്ല സത്വം അഥവാ മനസ്സ്, ശരീരം എന്നിവയുടേതാണ്.
ശരീരവുമായി ബന്ധപ്പെട്ട്്് വാതം, പിത്തം, ശ്ളേഷ്മം (കഫം) എന്നീ മൂന്നു ദോഷങ്ങളും സത്വം അഥവാ മനസ്സുമായി ബന്ധപ്പെട്ട് രജസ്സ്, തമസ്സ്എന്നീ രണ്ടു ദോഷങ്ങളുമുണ്ടെന്നും ചരകന്‍ പറയുന്നു. ആദ്യത്തെ മൂന്നെണ്ണത്തിന്റെ വൈകല്യം കൊണ്ട് ശരീരത്തിനും രണ്ടാമത്തെ രണ്ടെണ്ണം കൊണ്ട് മനസ്സിനും രോഗാവസ്ഥ ഉണ്ടാകുന്നു. വാത, പിത്ത, കഫങ്ങളെ ധാതുക്കളായും ദോഷങ്ങളായും കരുതുന്നു. ധാതുക്കള്‍ എന്നാല്‍ ശരീരത്തെ നിലനിര്‍ത്തുന്ന ഘടകങ്ങള്‍ ആണ്. പഞ്ചഭൂതങ്ങള്‍ പരിണമിച്ചുണ്ടായ വസ്തുക്കളുടെ (ധാതുക്കള്‍) സമുദായമാണ് ശരീരം. രസം, രക്തം, മാംസം,മേദസ്സ്, അസ്ഥി, മജ്ജാ, ശുക്ലം എന്നിവയെ സപ്തധാതുക്കള്‍ എന്നു പറയുന്നു. വാതപിത്തകഫങ്ങളെപ്പോലെ ഇവയും പഞ്ചഭൂതങ്ങളുടെഉല്പ്പന്നങ്ങളാണ്. ഈ സപ്തധാതുക്കളെ കൂടാതെ പത്ത് ഉപധാതുക്കളെയും ഭോജന് പറയുന്നുണ്ട്. സിരാ, സ്നായു, ആര്‍ത്തവരക്തം, ത്വക്കിന്റെ ഏഴ്അടരുകള് എന്നിവയാണവ. ദഹനപ്രക്രിയ വഴി കഴിച്ച ഭക്ഷണം മുഴുവന്‍ രസമായി മാറുന്നില്ല. മാറാത്ത ശേഷവസ്തുക്കളെ കിട്ടം (ശിഷ്ടം) അഥവാ മലം എന്നു ചരകസംഹിതയില്‍ പറയുന്നു. ഈ കിട്ടത്തില്‍ നിന്നാണ് വാതം, പിത്തം, കഫം, വിയര്‍പ്പ്, മൂത്രം, അമേധ്യം, ചെവി, കണ്ണ്, മൂക്ക്, വായ്,രോമകൂപങ്ങള്‍ എന്നിവയിലടിയുന്ന അഴുക്കുകള്‍, ശരീരത്തിലെ രോമങ്ങള്‍, നഖം തുടങ്ങിയവ ഉണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: