ക്രമീകൃതമായ നഗരാസൂത്രണത്തിന്റെ ദൃഷ്ടാന്തമായിരുന്നു ഹാരപ്പന്‍ സംസ്കൃതി. പാക് പഞ്ചാബു മുതല്‍ ഗുജറാത്തു വരെ നീളുന്ന ഹാരപ്പന്‍ ചരിത്രാവശിഷ്ടങ്ങളില്‍ വിഖ്യാതമാണ് ധൊളാവിര തുറമുഖ പട്ടണം. 5000 ത്തിലേറെ വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രതാപത്തോടെ നിലനിന്ന ധൊളാവിരയെ നാമാവശേഷമാക്കിയത് അതി ശക്തമായൊരു സുനാമിയെന്നാണ് പുരാവസ്തു ഗവേഷകരുടെ നിഗമനം. സുനാമിയെ ചെറുക്കാന്‍ സഹസ്രാബ്ദങ്ങള്‍ക്കു മുമ്പേ ശാസ്ത്രീയമായി തയ്യാറെടുത്തിരുന്ന ഒരു ജനത നമ്മുടെ സംസ്കൃതിയുടെ ഭാഗമായിരുന്നു.
അതി ഭീകരമായ സുനാമികള്‍ മുന്‍പും ഇന്ത്യന്‍ തീരങ്ങള്‍ തകര്‍ത്തെറിഞ്ഞതിനുള്ള സൂചകങ്ങള്‍ പലതുണ്ട് ഈ പുരാതന തുറമുഖ നഗരിയില്‍. സുനാമിയുടെ താണ്ഡവത്തെക്കുറിച്ച് ബദ്ധശ്രദ്ധരായിരുന്നു ഹാരപ്പന്‍ ജനത. മണ്ണടിഞ്ഞുപോയ സംസ്കൃതിയുടെ അവശിഷ്ടങ്ങള്‍ അത് ശരിവയ്ക്കുന്നു. കടലോരത്തോടു ചേര്‍ന്നുള്ള നിര്‍മിതികളെല്ലാം ശത്രുക്കളെയും സുനാമി ഉള്‍പ്പെടെയുള്ള പ്രകൃതിക്ഷോഭങ്ങളെയും ചെറുക്കാന്‍ പോന്നവയായിരുന്നു. സുദൃഢമായി കെട്ടിയൊരുക്കിയ ഒരു കോട്ടയുടെ ബാക്കിയിരിപ്പുകള്‍ മാത്രം മതി ഹാരപ്പയുടെ നഗര പ്രതാപം എത്രയെന്ന് അറിയാന്‍. 14 മുതല്‍ 18 മീറ്റര്‍ വീതിയുണ്ട് കോട്ടയുടെ ചുമരുകള്‍ക്ക്. കോട്ടവാതിലുകളിലെ നാമഫലകങ്ങളാണ് മറ്റൊരു പ്രത്യേകത. മരപ്പാളികളിലെഴുതിയ ഈ ഫലകങ്ങള്‍ എത്രയോ അകലെ നിന്നുപോലുംദൃശ്യമാകുന്ന വിധത്തിലാണ് ഉറപ്പിച്ചിരുന്നത്.
പലപ്പോഴായി ഈ തുറമുഖം അതിശക്തമായ കടല്‍ക്ഷോഭങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നും അത് ചെറുക്കാനാണ് തകര്‍ക്കാനാവാത്ത കെട്ടുറപ്പോടെ ഇത്തരമൊരു ‘സംരക്ഷിത കവചം’പണിതതെന്നുമാണ് ഗവേഷകരുടെ കണ്ടെത്തല്‍.
മൂന്നു ഭാഗങ്ങളായാണ് ധൊളാവിര നഗരക്രമീകരണം. നഗരത്തെ കാക്കാന്‍ കെട്ടിയുയര്‍ത്തിയ വലിയൊരു ദുര്‍ഗം. അത് നഗരത്തെ രണ്ട് അടരുകളായി തിരിച്ചിരിക്കുന്നു. ആധുനിക കാലത്തെ വെല്ലുന്ന ഉറപ്പുള്ള കെട്ടിടാവശിഷ്ടങ്ങള്‍ കാട്ടി ധൊളാവിര നമ്മെ വിസ്മയിപ്പിക്കുന്നു. നാലു മുറികളെങ്കിലുമില്ലാത്ത വീടുകള്‍ ധൊളാവിരയിലില്ല. വീടുകള്‍ക്കെല്ലാം വിശാലമായ മുറ്റങ്ങള്‍.സൗകര്യങ്ങളെല്ലാമുള്ള ശൗചാലയങ്ങള്‍, വലിയ അടുക്കള. നഗരത്തില്‍ വിശേഷാവസരങ്ങളില്‍ ജനങ്ങള്‍ക്ക് ഒത്തുകൂടാന്‍ പ്രത്യേകയിടങ്ങളുണ്ട്. സ്റ്റേഡിയം, വിപണി, വിശാലമായ നെല്ലറകള്‍ എന്നിവ വേറെ. ലവണാംശമില്ലാതെ ശുദ്ധജലം ജനങ്ങള്ക്കെത്തിക്കാനായി പണിത ജലസംഭരണികളാണ് ധൊളാവിരയുടെ നഗരാസൂത്രണത്തിന് മാറ്റുകൂട്ടുന്നത്. എത്രകാലം മുമ്പെന്ന് ഓര്‍ക്കുമ്പോള്‍ അതെല്ലാം അവിശ്വസനീയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: