തമോഗുണത്തെപ്പറ്റിയുള്ള വിവരണം തുടരുന്നു
ശ്ലോകം 114
പ്രജ്ഞാവാനപി പണ്ഡിതോളപി ചതുരോപ്യത്യന്ത
സൂക്ഷ്മാര്ത്ഥദൃഗ്
വ്യാലീഢസ്തമസാ ന വേത്തി ബഹുധാ
സംബോധിതോളപി സ്ഫുടം
ഭ്രാന്ത്യാരോപിതമേവ സാധു
കലയത്യാലംബതേ തദ്ഗുണാന്‍
ഹന്താസൗ പ്രബലാ ദുരന്ത തമസഃ
ശക്തിര്മഹത്യാവൃതിഃ
ബുദ്ധിമാനോ പണ്ഡിതനോ ശാസ്ത്രങ്ങളുടെ ഗൂഢാര്‍ത്ഥം ഗ്രഹിക്കാന്‍ സമര്‍ത്ഥനോ ആയാല്‍ പോലും തമസ്സിന്റെ പിടിയില്‍ പെട്ടാല്‍ എത്രകണ്ട് വിസ്തരിച്ച് ഉപദേശിച്ചാലും ആത്മതത്ത്വം അറിയില്ല. ആത്മാവില്‍ കല്പിതമായ ഉപാധികള്‍ സത്യമെന്ന് കരുതി ജീവന് ആ ധര്‍മ്മങ്ങളെ ആശ്രയിച്ചു കഴിയും. കഷ്ടം, അനര്‍ത്ഥമുണ്ടാക്കുന്ന തമസ്സിന്റെ ആവരണശക്തി കഠിനമാണ്.
എത്ര വലിയ കേമനായ ആളായാലും തമോഗുണത്തിന്റെ പിടിയില്‍പെട്ടാല്‍ പിന്നെ ആത്മതത്വത്തെ അറിയാനാവില്ലെന്ന് ഇവിടെ വ്യക്തമാക്കുന്നു. ബുദ്ധിശക്തിയും കഴിവുകളും പാണ്ഡിത്യവുമൊന്നും തമോഗുണബാധ ഉണ്ടായാല്‍ ശോഭിക്കുകയില്ല. തമോഗുണം തീണ്ടിയ ആള്‍ക്ക് ഉപദേശങ്ങള്‍ കൊണ്ടൊന്നും ഒരു പ്രയോജനവുമില്ല. തമസ്സിനെ തുടര്‍ന്ന് ഭ്രാന്തി മൂലം ശരീരം മുതലായ ഉപാധികളും അവയിലൂടെയുള്ള അനുഭവങ്ങളും സത്യമെന്ന് കരുതും. ഉപനിഷത്തുക്കള്‍ മുഴുവന്‍ പഠിച്ചാലും ജഗത്ത് സത്യമാണെന്ന് തോന്നിക്കും. തമസ്സിന്റെ ശക്തി ബുദ്ധിയില്‍ കട്ടപിടിച്ച മറ പോലെയിരിക്കുകയാണ്. അതിനാല്‍ യഥാര്‍ത്ഥസത്യത്തെ തിരിച്ചറിയാനാവില്ല.
ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്സ്, ബുദ്ധി തുടങ്ങിയ ഉപാധികളുടെ ധര്‍മ്മങ്ങള്‍ തന്റെതെന്ന് തെറ്റിദ്ധരിക്കാനിടയാവുകയും? ജീവന് അവയ്ക്ക് അടിമയായി മാറുകയും ചെയ്യുന്നു. ശരീരത്തിന് രോഗം വന്നാല്‍ ഞാന്‍ രോഗിയാണ് എന്നും ദുഃഖമുണ്ടായാല്‍ ഞാന്‍ ദുഃഖിയാണെന്നുമൊക്കെ കരുതും.ഇങ്ങനെ ഉപാധികളുടെ ധര്‍മ്മങ്ങള്‍ തന്റെ ധര്‍മ്മങ്ങളായി കരുതുന്നു. ഇത് വലിയ കഷ്ടമാണ്. വളരെ പ്രബലമാണ് ദുരന്തമായ തമസ്സിന്റെ ശക്തി. അറിവുള്ള ആളുകള്‍ പോലും തമോഗുണത്താല്‍ സത്യമറിയാനാകാതെ നിസ്തേജരായി പോകുമ്പോള്‍ സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ?തമോഗുണത്തിന്റെ ശക്തി അത്രയും കടുത്തതാണ്.
ശ്ലോകം 115
അഭാവനാ വാ വിപരീത ഭാവനാ
അസംഭാവനാ വിപ്രതിപത്തിരസ്യാഃ
സംസര്ഗ്ഗയുക്തം ന വിമുഞ്ചതി ധ്രുവം
വിക്ഷേപ ശക്തിഃ ക്ഷപയത്യജസ്രം
അഭാവന, വിപരീത ഭാവന, അസംഭാവന, വിപ്രതിപത്തി എന്നിവ ആവരണ ശക്തിയുമായി ബന്ധമുള്ളവരെ വിട്ടു പോകില്ല. അയാളെ വിക്ഷേപ ശക്തിയും അലട്ടുമെന്നതും ഉറപ്പാണ്.
എന്താണെന്ന് ഉറപ്പിക്കാനാകാതിരിക്കലാണ് അഭാവന. വിധി നിര്‍ണ്ണയത്തില്‍ പാകപ്പിഴവരും. ആത്മാവിന്റെ അസ്തിത്വത്തില്‍ വിശ്വാസമില്ലായ്മയാണത്. ഉള്ളതിനെ മറ്റൊന്നായി കാണലാണ് വിപരീത ഭാവന. അനാത്മാക്കളായ ശരീരം മുതലായവില്‍ ആത്മ ബുദ്ധിയുണ്ടാകലാണിത്.ഒരു വസ്തുവിനെക്കുറിച്ച് ചെറിയ ധാരണയുണ്ടെങ്കിലും മതിയായ ഉറപ്പില്ലായ്മയാണ് അസംഭാവന.
ജീവ ബ്രഹ്മ ഐക്യത്തെപ്പറ്റി ശാസ്ത്രം പറഞ്ഞാലും അതേപ്പറ്റി ശരിയായ ബോധമില്ലാത്തതാണ് അസംഭാവന. സംശയത്തെയാണ് വിപ്രതിപത്തി എന്ന് വിളിക്കുന്നത്. തമോഗുണത്തിന്റെ ആവരണ ശക്തിയില്‍ കുടുങ്ങിയവരെ ഇവയെല്ലാം വിടാതെ പിടികൂടും. ആവരണശക്തിയുടെ പിടിയില്‍ നിന്ന് പുറത്ത് കടക്കുക എന്നത് വളരെ പ്രയാസമാണ്. രജസ്സിന്റെ വിക്ഷേപ ശക്തിയും ഇക്കൂട്ടരെ കഷ്ടപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: