രജോഗുണം സ്വഭാവം, പ്രവര്‍ത്തനം
അടുത്ത രണ്ട് ശ്ലോകങ്ങളില്‍ രജോഗുണത്തിനെ വിവരിക്കുന്നു.
ശ്ലോകം 111
വിക്ഷേപശക്തീ രജസഃ ക്രിയാത്മികാ
യതഃ പ്രവൃത്തിഃ പ്രസൃതാ പുരാണീ
രാഗാദയോളസ്യാഃ പ്രഭവന്തി നിത്യം
ദു:ഖാദയോ യേ മനസോ വികാരാഃ
വിക്ഷേപ ശക്തി രജോഗുണത്തിന്റെതാണ്. പ്രവൃത്തിയാണ് അതിന്റെ സ്വഭാവം. ഇതില്‍ നിന്നാണ് പുരാതന കാലം മുതല്‍ക്ക് സകല പ്രവര്‍ത്തനങ്ങളും തുടങ്ങിയത്. മനസ്സിന്റെ വികാരങ്ങളായ രാഗം മുതലായ വൃത്തികളും ദുഃഖം തുടങ്ങിയ ഭാവങ്ങളും നിരന്തരമുണ്ടാകുന്നതും ഇതില്‍ നിന്നാണ്. മായയുടെ രജോഗുണമാണ് മനസ്സില്‍ വിക്ഷേപങ്ങള്‍ സൃഷ്ടിക്കുന്നത്. മായ മനസ്സിലൂടെ വിക്ഷേപ ശക്തിയായി പ്രകടമാകും. രജോഗുണത്തില്‍ നിന്നാണ് എല്ലാ പ്രവൃത്തികളും ഉണ്ടാകുന്നത്.
രജോഗുണം കൊണ്ട് പ്രക്ഷുബ്ധമായ മനസ്സ് കര്‍മ്മോന്മുഖമാവുമ്പോള്‍ ലോകത്ത് പ്രവൃത്തികള്‍ ചെയ്യും. മനസ്സിലാണ് പ്രവൃത്തി ആദ്യമായി രൂപം കൊള്ളുക. ഇഷ്ടപ്പെട്ട വസ്തു കിട്ടുംവരേയും ആഗ്രഹം സാധിക്കും വരേയും മനസ്സിന് ഒരു സ്വസ്ഥതയുമുണ്ടാകില്ല. മനസ്സാകെ കലങ്ങിമറിഞ്ഞിരിക്കും. കാമനകളെ ജയിക്കുക എന്നത് വളരെ പ്രയാസമേറിയതാണ്. പലരും അതിന് വഴങ്ങുന്നവരാണ്.
കാമങ്ങളെ തുടര്‍ന്ന് പലതരത്തിലുള്ള കര്‍മ്മങ്ങളില്‍ പെട്ട് പോകുന്നതിനാല്‍ മനസ്സില്‍ ഒട്ടനവധി വാസന ഉണ്ടാകുന്നു. അവിദ്യയുടെ സ്വരൂപം തന്നെയാണ് രാജോ ഗുണം. അത് മനസ്സില്‍ വിക്ഷേപങ്ങളെ ഉണ്ടാക്കി കര്‍മ്മത്തെ ചെയ്യിപ്പിക്കുന്നു. രാഗം, ദുഃഖം മുതലായവയ്ക്കൊക്കെ കാരണം രജോഗുണമാണ്.
ശ്ലോകം 112
കാമഃ ക്രോധോ ലോഭദംഭാദ്യസൂയാ
ഹങ്കാരേര്ഷ്യാ മത്സരാദ്യാസ്തു ഘോരാഃ
ധര്‍മ്മാ ഏതേ രാജസാഃ പുംപ്രവൃത്തിഃ
യസ്മാദേഷാ തദ്രജോ ബന്ധ ഹേതുഃ
കാമം, ക്രോധം, ലോഭം, ദംഭം, അസൂയ, അഹങ്കാരം, ഈര്‍ഷ്യ, മത്സരം തുടങ്ങിയ ഘോര ധര്‍മ്മങ്ങള്‍ രജോഗുണത്തില്‍ നിന്ന് ഉണ്ടാകുന്നവയാണ്. ഇവ മനുഷ്യനെ ലൗകിക കര്‍മ്മങ്ങളില്‍ മുക്കുന്നു. അതിനാല്‍ രജസ്സ് ബസനത്തിന് കാരണമാണ്.
മായയുടെ രജോഗുണത്തില്‍ നിന്ന് കര്‍മ്മങ്ങള്‍ ഉണ്ടാകുന്നത്. രജോഗുണം മൂലം ഓരോരുത്തരുടേയും ഉള്ളില്‍ ആഗ്രഹങ്ങള്‍ കാമം, കോപം ക്രോധം, എത്ര കിട്ടിയാലും മതിവരായ്ക ലോഭം,തനിക്കില്ലാത്ത ഗുണം ഉണ്ടെന്ന നാട്യം ദംഭം, മറ്റുള്ളവരുടെ ഉത്കര്‍ഷം സഹിക്കാനാവാതിരിക്കല് അസൂയ, താന്‍ കേമനാണെനഭാവം അഹങ്കാരം, മറ്റുള്ളവരുടെ ഉയര്‍ച്ചയിലും മറ്റും ദോഷം കാണല്‍ ഈര്‍ഷ്യ, മറ്റുള്ളവരോട് മല്സരംവെച്ചു പുലര്‍ത്തല്‍ മാല്‍സര്യം തുടങ്ങിയവ രജോഗുണത്തിന്റെ ധര്‍മ്മങ്ങളാണ്. ഇവ മനസ്സിനെ ഇളക്കി മറിയ്ക്കും. വിക്ഷേപത്താല്‍ ജീവനെ ബന്ധിക്കുന്നതിനാലാണ് ഘോരധര്‍മ്മങ്ങള്‍ എന്ന് വിശേഷിപ്പിച്ചത്.
എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കാരണം രജോഗുണമാണ്. കര്‍മ്മത്തില്‍ നിന്ന് വിട്ടുപോരാനാകാതെ ബന്ധിപ്പിച്ചുകളയും. രജോഗുണത്തിന്റെ പിടിയില്‍ പെട്ടാല്‍ നികൃഷ്ട വികാരങ്ങള്ക്കിടമയാകും. രജോഗുണം തമോഗുണത്തിലേക്ക് നയിക്കും. കഠിനമായി അദ്ധ്വാനിക്കുന്നയാള് ക്ഷീണം കൊണ്ട് തളര്‍ന്ന് ഉറങ്ങുന്നത് പോലെയാണിത്. തമോഗുണം എന്നത് രജോഗുണത്തിനും കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: