കൊച്ചി: തട്ടിപ്പുകേസിലെ പ്രതി രാജ്കുമാര് നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ആറു പേര് കൂടി അറസ്റ്റില്‍. അഞ്ചു പോലീസുകാരെയും ഒരു ഹോം ഗാര്‍ഡിനെയുമാണ് സിബിഐ അറസ്റ്റ് ചെയ്തത്.
എഎസ്ഐമാരായ സിബി റജിമോന്‍, റോയ് പി. വര്‍ഗീസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ എസ്. നിയാസ്, സജീവ് ആന്റണി, കെ.എം. ജെയിംസ്, ജിതിന് കെ. ജോര്‍ജ് എന്നിവരാണ് അറസ്റ്റിലായത്. കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീംകോടതി റദ്ദാക്കിയതിന്റെ അടിസ്ഥാനത്തില്‍ എസ്ഐ സാബുവിനെ തിങ്കളാഴ്ച സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. സിബിഐയുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കേസില്‍ ഉന്നതര്‍ക്ക് ബന്ധമുണ്ടെന്ന് എസ്ഐ സാബു ഇന്നലെ വ്യക്തമാക്കിയിരുന്നു. സാബുവിന്റെ മുന്‍കൂര്‍ ജാമ്യം മാത്രമാണ് സുപ്രീംകോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയത്.
മറ്റു പ്രതികളുടെ ജാമ്യവും റദ്ദാക്കണമെന്ന ആവശ്യവുമായി സിബിഐ വിവിധ കോടതികളെ സമീപിക്കാനിരിക്കെയാണ് ഈ ഉത്തരവില്‍ മറ്റു പ്രതികളുടെ കാര്യവും പരാമര്‍ശിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
2019 ജൂണ്‍ 12നാണ് രാജ്കുമാറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ജൂണ്‍ 15നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി റിമാന്‍ഡ് ചെയ്ത രാജ്കുമാര് 21ന് ആശുപത്രിയില്‍ വച്ച് മരിക്കുകയായിരുന്നു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം ന്യുമോണിയ മൂലമാണെന്ന് പറഞ്ഞിരുന്നെങ്കിലും ജുഡീഷ്യല്‍ കമ്മീഷന്റെ നിര്‍ദേശപ്രകാരം നടത്തിയ രണ്ടാം പോസ്റ്റുമോര്‍ട്ടത്തില്‍ രാജ്കുമാറിന്റെ ശരീരത്തില്‍ 22 മുറിവുകള്‍ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: