കൊച്ചി: കേസ് വഞ്ചനക്കുറ്റത്തിനാണ്, അന്വേഷണം ഗൗരവമാകണം, തട്ടിപ്പുകാരെ സിപിഎം സംരക്ഷിക്കുമെന്ന് ആശങ്കയുണ്ട്, അതിനാല്‍ വലിയ പ്രതീക്ഷയില്ല. പ്രളയ ബാധിതരെ സഹായിക്കാനെന്ന പേരില്‍ ആഷിഖ് അബുവും കൂട്ടരും നടത്തിയ കരുണ സംഗീത നിശയുടെ തട്ടിപ്പ് പുറത്തു കൊണ്ടുവന്ന യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യര്‍ ‘ജന്മഭൂമി’യോട് പറഞ്ഞു.
കൊച്ചി മ്യൂസിക് ഫൗേണ്ടഷന്‍ നടത്തിയ സംഗീത പരിപാടി നടത്തിപ്പിലെ ക്രമക്കേട് മാത്രമല്ല കേസ്. വഞ്ചനയാണ് കുറ്റം. വഞ്ചിച്ചത് പ്രളയ ദുരിതത്തിനിരയായ പാവങ്ങളെയാണ്. വഞ്ചിച്ചത് സംഘാടകരെ വിശ്വസിച്ച കലാകാരന്മാരെയാണ്, കേരളത്തിലെ ജനങ്ങളെയാണ്, സംസ്ഥാന മുഖ്യമന്ത്രിയെയാണ്. കേസന്വേഷിക്കുന്നത് ആ തരത്തിലാകണം.
പ്രളയബാധിതരുടെ പേരില്‍ നടത്തിയ ഒരു തട്ടിപ്പിനെക്കുറിച്ച് അതിന്റെ സംഘാടകരില്‍ നിന്നുതന്നെയാണ് ആദ്യ വിവരം ലഭിച്ചത്. ഉത്തരവാദിത്തമുള്ള ഒരു പൊതുപ്രവര്ത്തകന് എന്ന നിലയില്‍ അക്കാര്യം പൊതുജനശ്രദ്ധയിലും സര്‍ക്കാരിന്റെ ശ്രദ്ധയിലും കൊണ്ടുവരികയായിരുന്നു. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തിമനസ്സിലായത്.
പാവങ്ങളുടെ പേരില്‍ പണം പിരിച്ച്തട്ടിപ്പ് നടത്തിയിട്ട്, മാനവികതയും മാനുഷികതയും സംബന്ധിച്ച് വ്യാജപ്രസംഗം നടത്തുകയും ഭരണഘടനയ്ക്കും ഭരണകൂടത്തിനുമെതിരേ കലാപങ്ങള്‍ക്ക് കോപ്പു കൂട്ടുകയും ചെയ്യുന്നവരുടെ പൊയ്മുഖം തുറന്നു കാട്ടുകയാണ് ഉദ്ദേശ്യം. അതിന് എന്തു ചെയ്യാനും തയാറാണ്.
ഇതൊരു രാഷ്ട്രീയ ആരോപണം മാത്രമല്ല. അങ്ങനെ കാണാന്‍ ശ്രമിച്ചതാണ് തട്ടിപ്പുകാരുടെ ആദ്യ പരാജയം. ഈ വിഷയത്തില്‍ സഹായവുമായി സമൂഹത്തിലെ വലിയൊരു വിഭാഗം വരുന്നുണ്ട്. അവര്‍ എനിക്ക് വിവരങ്ങള്‍ നല്‍കുന്നുണ്ട്. വിവരാവകാശ നിയമപ്രകാരം രേഖകള്‍ ശേഖരിക്കാന്‍ സഹായിക്കുന്നവരുണ്ട്. ചിലര്‍ കോടതി നടപടിക്കും നിയമ സഹായത്തിനും ഉപദേശങ്ങള്‍ നല്കുന്നു. ഇത് നല്ല ലക്ഷണമാണ്.
പ്രതികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം കിട്ടുമെന്ന് ഉറപ്പാണ്. സിപിഎമ്മിന്റെ ബൗദ്ധിക മേഖലയിലെ ഉപദേശികളും പിണിയാളുകളുമാണ് ഈ തട്ടിപ്പുകാര്‍. ഇവരെ എങ്ങനെയും സിപിഎംസംരക്ഷിക്കും. തട്ടിപ്പ് നടത്തിയ ഫൗണ്ടേഷന് ഭാരവാഹികളുടെ ഉറ്റ മിത്രങ്ങളാണ് എറണാകുളം ജില്ലയിലെ സിപിഎം ഭാരവാഹികള്‍. അതിനാല്‍, സിപിഎമ്മിന്റെ പതിവ് ശൈലി അനുസരിച്ചാണെങ്കില്‍ തട്ടിപ്പുകാരെ സംരക്ഷിക്കാന്‍ പാര്‍ട്ടിയും സര്‍ക്കാരും എന്തും ചെയ്യും. പൊതുപ്രവര്‍ത്തകര്‍ക്ക് ചെയ്യാനാവുന്നതിന് പരിധിയുണ്ട്. ഈ കേസില്‍ പോലീസ്വേണം തുടരന്വേഷണം നടത്താന്‍. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷിക്കണം. ബാങ്കിടപാട്രേഖകള് വിവരാവകാശ നിയമപ്രകാരം കിട്ടില്ല. സ്ഥാപനത്തിന്റെ ഓഫീസ് റെയ്ഡ് ചെയ്യണം. രേഖകള്‍ പിടിക്കണം. കേസന്വേഷണത്തില്‍, വാദിയെന്ന നിലയില്‍ ആവുന്ന എല്ലാ സഹകരണവും നല്‍കും. വ്യാജരേഖയുണ്ടാക്കി, കളക്ടറുടെ പേരില്‍ കള്ള പ്രചാരണം നടത്തി, സംസ്ഥാന ജനതയെയും മുഖ്യമന്ത്രിയെയും പ്രളയ ദുരിത ബാധിതരെയും വഞ്ചിക്കുകയായിരുന്നു. കേസില്‍ തട്ടിപ്പുകാരെ പിടികൂടുമെന്ന് അമിത വിശ്വാസമില്ല, എന്നാല്‍, മുന്‍വിധിയുമില്ല, സന്ദീപ്വാര്യര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: