കരിപ്പൂര്‍: മലബാറിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് പുത്തന്‍ ചിറക് മുളപ്പിച്ചുകൊണ്ട് എയര്‍ ഇന്ത്യയുടെ ജംബോ വിമാനം കരിപ്പൂരില്‍ പറന്നിറങ്ങി. കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് സര്‍വീസ് നടത്തുന്ന ആദ്യ വിമാനത്തിലെ ക്യാപ്റ്റന്‍ എന്‍.എസ്. യാദവിനും യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും കേന്ദ്ര വിദേശകാര്യ പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തില്‍ ഇന്നലെ സ്വീകരണം നല്‍കി. ജിദ്ദയില്‍ നിന്ന് രാവിലെ 7.05ന് കരിപ്പൂരിലെത്തിയ വിമാനത്തെ റണ്‍വെയില്‍ വിമാനത്താവള അതോറിറ്റി വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് സ്വീകരിച്ചത്.
അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് എയര്‍ ഇന്ത്യയുടെ ജംബോ ബോയിങ് വിമാനം കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് പുനരാരംഭിച്ചത്. 423 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് ജിദ്ദ സര്‍വീസിനായി ഉപയോഗിക്കുന്നത്. 20 ടണ്‍വരെ കാര്‍ഗോ കയറ്റുമതിക്കും സൗകര്യമുണ്ട്. ജിദ്ദയില്‍ നിന്ന് ഞായര്‍, വെള്ളി ദിവസങ്ങളില്‍ രാത്രി 11.15ന് പുറപ്പെടുന്ന വിമാനം തിങ്കള്‍, ശനി ദിവസങ്ങളില്‍ രാവിലെ 7.05ന് കരിപ്പൂരിലെത്തും. ഇതേ ദിവസങ്ങളില്‍ വൈകിട്ട് 5.30ന് പുറപ്പെട്ട് രാത്രി 9.15ന് വിമാനം ജിദ്ദയിലെത്തും.
ജിദ്ദ-കോഴിക്കോട് വ്യോമപാതയില്‍ ജംബോ വിമാന സര്‍വീസ് പുനരാരംഭിച്ചത് മലബാറിന്റെ സമ്പദ്രംഗത്തിന് കരുത്താവും. കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങളാരംഭിച്ചു. കണ്‍വെയര്‍ ബെല്‍റ്റ്, കസ്റ്റംസ് കൗണ്ടറുകള്‍ എന്നിവയുടെ കുറവ് നികത്താന്‍ വ്യോമയാന വകുപ്പ് ഇടപെടല്‍ നടത്തി വരികയാണെന്ന് മന്ത്രി വി. മുരളീധരന്‍ പറഞ്ഞു. വിനോദസഞ്ചാര മേഖലയുടെ ശാക്തീകരണം ലക്ഷ്യമിട്ട് പ്രത്യേക പരിഗണന നല്‍കുന്ന രാജ്യത്തെ 18 വിമാനത്താവളങ്ങളില്‍ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളവും ഉള്‍പ്പെട്ടതായും മന്ത്രി പറഞ്ഞു.
എംപിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി. അബ്ദുള്‍ വഹാബ്, എം.കെ. രാഘവന്‍, വിമാനത്താവള ഡയറക്ടര്‍ എ. ശ്രീനിവാസ റാവു, എയര്‍ ഇന്ത്യ സോണല്‍ ജനറല്‍ മാനേജര്‍ ഭുവനാ റാവു തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ താള വാദ്യങ്ങളും സ്വീകരണത്തിന് മാറ്റുകൂട്ടി.
















