ന്യൂദല്‍ഹി : എല്ലാ മത ആചാരങ്ങളിലും കോടതിക്ക് ഇടപെടാനാവില്ലെന്ന നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍. ശബരിമലയുമായി ബന്ധപ്പെട്ട ഏഴ് പരിഗണനാ വിഷയങ്ങളില്‍ സുപ്രീകോടതി വിശാല ബെഞ്ച് നാളെ വാദം കേള്‍ക്കാനിരിക്കെ ആണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
ക്രിമിനല്‍ സ്വഭാവം ഇല്ലാത്ത മതാചാരങ്ങളില്‍ കോടതി ഇടപെടരുതെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര നിയമ മന്ത്രാലയ വൃത്തങ്ങളാണ് ഇതുസംബന്ധിച്ച് അറിയിച്ചിരിക്കുന്നത്.
ഭരണഘടനയുടെ 26-ാം അനുച്ഛേദപ്രകാരം മതവിഭാഗത്തിനുള്ള അവകാശം ഭരണഘടനയുടെ പാര്‍ട്ട് മൂന്നില്‍ പൊതുക്രമം, ധാര്‍മികത, ആരോഗ്യം എന്നിവ ഒഴികെയുള്ള വകുപ്പുകള്‍ക്ക് വിധേയമാണോ, മതസ്വാതന്ത്ര്യത്തിനുള്ള വ്യക്തികളുടെ അവകാശം, മതവിഭാഗത്തിന്റെ അവകാശം എന്നിവ ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 25, 26 വകുപ്പുകള്‍ക്ക് കീഴില്‍ ധാര്‍മികത എന്ന വാക്കിന് എത്രത്തോളം വ്യാപ്തിയുണ്ട്, ഒരു മതവിഭാഗത്തിന്റെയോ വിശ്വാസിസമൂഹത്തിന്റെയോ ആചാരങ്ങളെ അതിന് പുറത്തുനിന്നുള്ള വ്യക്തിക്ക് പൊതുതാത്പര്യ ഹര്‍ജിവഴി ചോദ്യംചെയ്യാമോ, തുടങ്ങിയ ചോദ്യങ്ങളാണ് സുപ്രീം കോടതി വിശാല ബെഞ്ച് നാളെ വാദം കേള്‍ക്കുക.
ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സര്‍ക്കാരിന്റെ നിലപാടുകള്‍ വാദം കേള്‍ക്കുമ്പോള്‍ സുപ്രീംകോടതിയെ അറിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: