ഒരാള്‍ക്ക് സാഹിത്യം ജീവവായു ആകുന്നതെപ്പോള്‍? കുട്ടിക്കാലത്തെ ഏകാന്തതയില്‍നിന്നു രക്ഷനേടാന്‍ വായനയെ കവചമാക്കുമ്പോള് എന്നൊരുത്തരം. ചെറുവായനയില്നിന്നു വളര്‍ച്ചപ്രാപിച്ച ഗൗരവാവഹമായ വായനയിലേക്ക് വായനക്കാരന് പോലുമറിയാതെ ലയിച്ചുചേരുമ്പോള്‍ എന്നതു മറ്റൊന്ന്. അപ്പോള്‍ ചിന്തയുടെ ചാലുകള്‍ മസ്തിഷ്കത്തില്‍ പുതിയ പന്ഥാവു തുറക്കും.അതിലൂടെ ജീവിതത്തെക്കുറിച്ചും ലോകഗതിയെക്കുറിച്ചും സ്വയം രൂപപ്പെടുത്തിയ ദര്‍ശനങ്ങളുടെ അകമ്പടിയുണ്ടാകും. ഉത്തരം ഇവിടെ അവസാനിക്കുന്നില്ല; തുടരുകയാണ്.
ഒരാള്‍ക്ക് എപ്പോഴും സാഹിത്യത്തെപ്പറ്റി മാത്രം ചിന്തിക്കാന്‍ കഴിയുമോ? എഴുത്തുകാരന് ധൈഷണികജീവിതം മാത്രമല്ലല്ലോ ഉള്ളത്. വൈകാരികലോകവുമുണ്ട്. കുടുംബം,സുഹൃത്തുക്കള്‍, ബന്ധുക്കള്‍, അയല്‍ക്കാര്‍, സഹപ്രവര്‍ത്തകര്‍ എന്നിങ്ങനെയുളള തീവണ്ടിനീളം അയാള്‍ക്കു മുന്പിലുണ്ട്. യഥാര്‍ത്ഥ നിരൂപകന്റെ റോള്‍ എന്താണ്? കാണായ ലോകത്തിലേക്കു വായനക്കാരനെ നയിക്കുക. മാത്രമോ? നൂതനാശയങ്ങളുടെ, ലാവണ്യാവബോധത്തിന്റെ മായക്കാഴ്ചകള്‍ സൃഷ്ടിക്കുക എന്നതാണ്.
”A critic must be emotionally alive, in every fibre,intellectually capable and skilled in essential logic and then morally honest”- എന്ന ഡി.എച്ച്. ലോറന്‍സിന്റെ പ്രശസ്തവാക്യം ഓര്‍മ്മിക്കുക. സമകാലിക നിരൂപണസാഹിത്യത്തില്‍ എം.കെ.ഹരികുമാര്‍ എന്ന നിരൂപകന് പല റോളുകളില്‍ നമുക്കു മുന്പില് പ്രത്യക്ഷനാകുന്നു. പത്രപ്രവര്ത്തകന്, കവി, നോവലിസ്റ്റ്, നിരൂപകന്, കോളമിസ്റ്റ് എന്നിങ്ങനെ. ഓരോന്നിലും അനന്യ സ്വഭാവം പുലര്‍ത്തിക്കൊണ്ടാണ് ഈ പുറപ്പാട്. പ്രധാനമായും കോളമിസ്റ്റ് എന്ന നിലയില്‍ അദ്ദേഹം വായനക്കാരുമായി സംവദിക്കുന്നത് സാഹിത്യസൗന്ദര്യാദി വിഷയങ്ങളെപ്പറ്റിയാണ്. ചിത്രകല അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. പൊതുവേ,സാഹിത്യനിരൂപകര്‍ ചിത്രകലയെപ്പറ്റി ആഴത്തില്‍ സംസാരിക്കാറില്ല. അതല്ല ഹരികുമാറിന്റെ സ്ഥിതി. ക്ലോദ് മോനേ, വിന്‍സന്റ് വാന്‍ഗോഗ് തുടങ്ങിയ ചിത്രകാരന്മാരുടെ ചിത്രങ്ങളിലെ അന്തശ്ചൈതന്യം മലയാളം വായനക്കാര്‍ക്കു പകര്ന്നുനല്കുന്നതില് ദത്തശ്രദ്ധനാണദ്ദേഹം. എഡ്വേഡ് മുങ്കിനെപ്പറ്റി എന്തുകൊണ്ട് എഴുതുന്നില്ല എന്നു ചോദിച്ചാല്‍, അത്തരം അതിവൈകാരികതയില്‍ തനിക്കു താത്പര്യമില്ല എന്നാകും അദ്ദേഹത്തിന്റെ ഉത്തരം.
നവാദൈ്വതം എന്ന സ്വയം വികാസം
”Be like a postage stampstick to one thing until you get there.” (American humourist Josh Billings) നമ്മുടെ നിരൂപണപദ്ധതി ആകെയൊന്നു പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാകുന്നതെന്താണ്? നിരൂപകന് ഒരാശയമണ്ഡലത്തിന്റെ തലത്തില്‍നിന്നു കൃതിയുടെ ഗുണമേന്മയോ ദോഷമോ വായനക്കാരനു മുന്പില് വയ്ക്കുകയാകും പതിവ്. പൗരസ്ത്യരോ പാശ്ചാത്യരോ ആയ ഏതെങ്കിലും സൈദ്ധാന്തികരുടെ മസ്തിഷ്കത്തില്‍ രൂപപ്പെട്ടതാകും ഗുണദോഷവിചിന്തനത്തിന്റെ ഭൂമിക. നവാദൈ്വതം എന്ന പരികല്‍പ്പന മലയാളനിരൂപണ സാഹിത്യത്തില്‍ അനന്വയമായി നിലകൊള്ളുന്നത് അതൊരു മലയാളനിരൂപകന്റെ സംഭാവന എന്ന നിലയിലാണ്. അതിന് അതിന്റേതായ പദാവലിയുണ്ട്. അവിടെ ചെറിയ ഉദാഹരണങ്ങള്‍ മുതല്‍ കാലികപ്രസക്തമായ ഇലക്ട്രോണിക് ഉപകരണങ്ങള്‍, വ്യക്തിയുടെ നിരാസാത്മകത,അതീതസഞ്ചാരം എന്നിവയെല്ലാം കടന്നുവരുന്നു.
സമകാലപ്രസക്തിയാണു നവാദൈ്വതത്തിന്റെ പ്രസക്തി. നവാദൈ്വതം അദൈ്വതസിദ്ധാന്തത്തിന്റെ പുതിയ പതിപ്പെന്നു തെറ്റിദ്ധരിച്ചവരാണ് ഏറെയും. തന്റെ നാമനിര്മിതിക്കു പിന്നിലുള്ള ക്ലേശത്തെയും തത്വചിന്തയെയും ഹരികുമാര്‍ സമര്‍ഥിക്കുന്നതു യുക്തിഭദ്രമായാണ്. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷമുളള അരക്ഷിതാവസ്ഥയില്‍നിന്നു ‘ആധുനികത’യും രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുളള അരക്ഷിതാവസ്ഥയില്‍നിന്നു ഉത്തരാധുനികതയും രൂപപ്പെട്ടു. അങ്ങനെയെങ്കില്‍, ഉന്നയിക്കപ്പെടാവുന്ന ചോദ്യം ‘നവാദൈ്വതം’ രൂപപ്പെടാന്‍ എന്തു ലോകസാഹചര്യം ഉണ്ടായി എന്നതാണ്. ഇവിടെ പ്രസക്തമാകുന്നത് നിരൂപകന്റെ വാക്കുകള്‍ തന്നെയാകും. ”സ്വയം ആയിരിക്കുക എന്നതാണു മൗലികവാദം. സ്വയം ചിന്തിക്കുക എന്നതാണ് അസ്തിത്വവാദം. ഇതിനു രണ്ടിനും ഒരു തിരുത്ത് പരിശോധിക്കുകയാണ് ഇവിടെ. ശിവം, സത്യം, സൗന്ദര്യം, അസ്തിത്വം, അനുഭവം തുടങ്ങിയ ആശയങ്ങളെല്ലാം അവയുടേതായ ഭാവത്തില്‍, നിലനില്പ്പില് മൗലികവാദത്തെ ചൂഴുന്നു. ശിവത്തിനും സത്യത്തിനും സ്വയം അതതിന്റെ സ്ഥാനത്തുനിന്നു മാറാനൊക്കില്ല…എന്നാല്‍ ശിവമാകട്ടെ,സത്യമാകട്ടെ അതതിനെ നിഷേധിക്കുമ്പോഴേ മൗലികവാദമല്ലാതാകുന്നുളളൂ. കുറേക്കൂടി പ്രാപഞ്ചികവും അതിരുകള്ക്കപ്പുറത്തുളളതും വികസിതവുമായ ലോകത്തെ തേടുക എന്നത് ഏത് ആശയത്തിന്റെയും വിധിയാണ്. അതുകൊണ്ടു സത്യത്തിനും സൗന്ദര്യത്തിനും സ്വയം നിരസിക്കേണ്ടതുണ്ട്. ഏത് ആശയവും സ്വയം നിരസിക്കാതിരിക്കുന്നതു പരിമിതിയാണ്.” (എന്റെ മാനിഫെസ്റ്റോ, ഗ്രീന്‍ ബുക്സ്)
അദൈ്വതം ലക്ഷ്യവേധിയാണ്. ഓട്ടമത്സരത്തില്‍ പങ്കെടുക്കുന്ന വ്യക്തി ലക്ഷ്യസ്ഥാനമായ ഒരു ബിന്ദുവിലേക്ക് ഓടുന്നു. അതുപോലെ അദൈ്വതിയുടെ ലക്ഷ്യം ബ്രഹ്മമാണ്. താന്‍ ഓട്ടക്കാരനല്ല എന്നദ്ദേഹം മറ്റൊരിടത്തു പറയുന്നു. ”നവാദൈ്വതം ഒരിടത്തും എത്തിച്ചേരാതിരിക്കുന്ന പലതരത്തിലുള്ള വസ്തുക്കളുടെയും ചിന്തകളുടെയും സ്വാഭാവികമായ സ്വയം നിരാസവും സ്വയം നിര്‍മാണവുമാണ്. ഏതാശയവും അതിനെത്തന്നെ നിരാകരിക്കുമ്പോഴാണ് അതു പുതുതാകുന്നത്.” (സാഹിത്യത്തിന്റെ നവാദൈ്വതം, ഗ്രീന്‍ ബുക്സ്) ഇത്തരത്തില്‍ പുതുമയുള്ള ചിന്ത ആവിഷ്കരിച്ച്, അതിലൂന്നിയുളള വിമര്‍ശനമാണ് ഹരികുമാര്‍ നടത്തുന്നത്.
തലക്കെട്ടുകളുടെ ധ്വനനശക്തി
”വാക്ക് എനിക്കു ജ്ഞാനോദയം ലഭിച്ച ബുദ്ധനാണ്” എന്നൊരു നിരൂപകന് പറയുമ്പോള്‍ വാക്കിന്റെ പവിത്രതയില്‍ സ്വന്തം മനസ് എത്രമാത്രം ആമജ്ജനം ചെയ്തിരിക്കുന്നുവെന്നു നാമറിയുന്നു.
ഹരികുമാര്‍ ‘നഗരം ഒരു കലാരൂപം’ എന്ന തലക്കെട്ടില്‍ ലേഖനം രചിക്കുമ്പോള്‍ നഗരം കൃത്രിമമായി രൂപപ്പെടുന്നുവെന്നും, ഗ്രാമം സ്വാഭാവികനിര്മിതിയാണെന്നും വായനക്കാരന് പെട്ടെന്നറിയാനാകും. ആശയത്തിന്റെ ഗഹനതയെ എത്ര ലാളിത്യത്തോടെയാണ് അവതരിപ്പിക്കുന്നത്. മറ്റൊരുദാഹരണം കൂടി കാണുക. ”ഒറിജിനലായി ഒരു തെരുവ് പോലുമില്ല”-ഇവിടെയും കൃത്രിമനിര്മിതിയുടെ അനുഭവം സൃഷ്ടിക്കപ്പെടുന്നു. എഴുതുക എന്നതും വായിക്കുക എന്നതും പരസ്പരപൂരകങ്ങളാണ്. എഴുത്തുകാരന് തന്റെ രചനകളില്‍ ഒളിപ്പിച്ചുവയ്ക്കുന്ന ധ്വനികള്‍ കണ്ടെത്തുക മാത്രമല്ലല്ലോ നിരൂപകന്റെ കര്‍ത്തവ്യം. അതിനെ കൃതിയെപ്പോലെ തന്നെ കാലാതീതമാക്കാനും കഴിയണമല്ലോ. ഇതൊരു ധര്‍മാനുഷ്ഠാനം കൂടിയാണ്. മറ്റൊരു തരത്തില്പറഞ്ഞാല് സാഹിത്യകൃതിയുടെ വിജയത്തില്‍ മുഖ്യപങ്കാളി നിരൂപകനാണ്. പരസ്യങ്ങള്‍ അതു നിവര്ത്തിച്ചുതരുന്നുണ്ടല്ലോ എന്നു ചിലര്‍ക്കെങ്കിലും തോന്നിയേക്കാം.അതു പരിമിതിയിലേ നിലകൊളളൂ. നിരൂപകനിലുളള വിശ്വാസ്യതയാണു മുഖ്യം. അയാള്‍ക്കു പ്രമാദം സംഭവിക്കില്ല എന്ന ഉറച്ച വിശ്വാസം വായനക്കാരനുണ്ട്. നിരൂപകന് കാട്ടിക്കൊടുക്കുന്ന കൃതിയുടെ അന്തശ്ചൈതന്യത്തിനും ആന്തരഗുരുതയ്ക്കും പ്രാധാന്യമേറും.
മൗലികചിന്തയില്നിന്ന് ആശയലോകത്തേക്കുളള പ്രയാണം എന്നു പറയുമ്പോള്‍ എന്താണ്? ഗ്രന്ഥകാരന്റെ വാക്കുകള്‍തന്നെ വീണ്ടും ഉദ്ധരിക്കുന്നതാകും മനസിലാക്കാന്‍ എളുപ്പം.
”എന്തിനാണു വ്യക്തിയുടെ കല മറ്റുള്ളവര്‍ സ്വീകരിക്കുന്നത്? അതുകൊണ്ടുള്ള പ്രയോജനമെന്താണ്? നമ്മുടെ ജീവിതത്തെ വികസിപ്പിക്കുന്നതിനോ, നന്നാക്കുന്നതിനോ, ഏതെങ്കിലും കലാകാരന്റെ ചിന്തകള്‍ ഉപകരിക്കുമെന്നതിന് അടിസ്ഥാനമില്ല. ജീവിതത്തിന്റെ തീവ്രനിമിഷങ്ങളില്‍ മനുഷ്യന് ഒറ്റയ്ക്കാണ്.” ഏകാകിത എന്ന ആശയത്തിലേക്കു വാക്കുകള്‍ നമ്മെ അനായാസം കൂട്ടിക്കൊണ്ടുപോകുന്നതു നോക്കുക. ‘ഡൈ’ ചെയ്ത സംസ്കാരം’ എന്നൊരു ശീര്‍ഷകത്തില്‍ മനുഷ്യര്‍ തങ്ങളുടെ കാപട്യത്തെ മറച്ചുവയ്ക്കുന്നതിനെ പരിഹസിച്ചിരിക്കുന്നു. ആ ലേഖനത്തിന്റെ അന്തര്ധാരയായുളളതു ഫലിതബോധമാണ്. ഡൈ എന്നത് ഉദ്ധരണിയില്‍ നല്കിയിരിക്കുന്നതു ശ്രദ്ധിക്കൂ. അതാണ് ഉപഹാസത്തിന്റെ കേന്ദ്രബിന്ദു. (അക്ഷരജാലകം)
സാഹിത്യവാരഫലവും അക്ഷരജാലകവും
മലയാളിയെ സാഹിത്യലോകത്തേക്ക് ആനയിച്ച രണ്ടു പോപ്പുലര്‍ കോളങ്ങളാണു ‘അക്ഷരജാലക’വും ‘സാഹിത്യവാരഫല’വും. സമാനതകള്‍ ഏറെയുണ്ട് രണ്ടു കോളങ്ങള്‍ക്കും; വ്യത്യസ്തതയും അതുപോലെ. പാശ്ചാത്യസാഹിത്യത്തിന്റെ ‘സൗന്ദര്യസാരാകൃതി’ മലയാളി വായനക്കാരന്റെ വായനമുറിയില്‍ എത്തിച്ചതാണു സമാനത. ചിലപ്പോള്‍ നിരീക്ഷണങ്ങള്ക്കുപോലും സമാനത കാണാം. ചോദ്യം, ഉത്തരം എന്നിവ സാഹിത്യവാരഫലത്തിലെ പ്രധാനഘടകമായിരുന്നു. ചിലര്‍ അതുമാത്രം വായിച്ചു രസിച്ചിരുന്നു. ‘അക്ഷരജാലക’ത്തില്‍ അതു കാണാനാകില്ല വായനക്കാര്‍ക്ക്. പക്ഷേ, ഓരോ ലേഖനത്തിലും ആദ്യന്തപ്പൊരുത്തം നിലനിര്‍ത്തുന്നു എന്നതാണ് അക്ഷരജാലകത്തിന്റെ വേറിട്ട കാഴ്ച. ഇതു ‘സാഹിത്യവാരഫല’ത്തില്‍ കാണുക സാധ്യമല്ല. അവിടെ വര്‍ണ്ണക്കാഴ്ചയില്‍ നമ്മുടെ മനസ്സു ലീനമാകുന്നു. സമകാലിക കഥ, കാവ്യം, ലേഖനം എന്നീ സാഹിത്യരൂപങ്ങളുടെ ‘നല്പുതില്പു’കള്‍ ഇഴകീറി പരിശോധിക്കുന്നതില്‍ രണ്ടു പംക്തികളും അസാമാന്യ പാടവം പ്രദര്‍ശിപ്പിക്കുന്നുമുണ്ട്. അതുകൊണ്ടാണ്, ഒന്നു നിലനിന്നതും മറ്റൊന്നു നിലനില്ക്കുന്നതും.
സമൂഹത്തില്‍ സാംസ്കാരിക പ്രവര്‍ത്തകനു വളരെയേറെ പ്രാധാന്യമുണ്ടെന്നു കേരളജനത വിശ്വസിക്കുന്നു. എന്നാല്‍, വാസ്തവം അതാണോ? കക്ഷിരാഷ്ട്രീയവും മതവും ആധിപത്യം പുലര്‍ത്തുന്ന സമൂഹമായി കേരളം മാറിയിരിക്കുന്നുവെന്നതിന്റെ തെളിവുകള്‍ നമുക്കു പ്രത്യക്ഷമാണ്. അതറിയാന്‍ ആഗ്രഹിക്കുന്ന പ്രേക്ഷകരുമുണ്ട്. സമ്പൂര്‍ണ വാര്ത്താച്ചാനലുകള് അതിന്റെ ഉദാഹരണങ്ങളാണല്ലോ. അവിടെ അവസാനിക്കുന്നതായി മലയാളിയുടെ സാംസ്കാരിക ജീവിതം.അതായത് സാംസ്കാരിക പ്രവര്‍ത്തനമെന്നാല്‍ രാഷ്ട്രവ്യവഹാരം എന്ന സംജ്ഞയിലേക്കു മാറ്റിയെഴുതിയ ജീവിതം!
അക്ഷരജാലകത്തിലെ നിരൂപക ധര്‍മം
സാംസ്കാരിക മേഖലയില്‍ തലയെടുപ്പോടെ നിന്ന പല ഗ്രന്ഥങ്ങളും ഇന്ന് അപ്രത്യക്ഷമായി. അവ വിപണിയില്‍ ലഭ്യവുമല്ല. പുതുതായി വരുന്നവ ആശയപ്രകാശനത്തിലെ ലഘുത്വംകൊണ്ട് നിലവാരമില്ലാത്തവയും. പ്രഭാഷണവേദിയില്‍ കത്തിയമരുന്ന നനഞ്ഞ പടക്കങ്ങളാകുന്നു നിരൂപകര്‍. ഇത്തരമൊരു സാഹചര്യത്തിലാണു ഹരികുമാറിനെപ്പോലെയൊരു നിരൂപകന് സാംസ്കാരികരംഗത്തും രചനാലോകത്തും മുന്പില്നിന്നു കേരളീയര്‍ക്കു വഴികാട്ടിയാകുന്നത്. വിമര്‍ശനത്തോട് അസഹിഷ്ണുത പുലര്‍ത്തുന്ന എഴുത്തുകാര്‍ ഏറെയുണ്ട്. ഇന്നത്തെ എഴുത്ത് വെറും നിരൂപണമായി താഴേക്കു നിപതിച്ചത് അതിനാലാണ്. വിമര്‍ശനം ആലോചനാവിഷയമാണ്. സാഹിത്യകാരന്മാര് തങ്ങളുടെ ആന്തരഗൗരവമില്ലായ്മയുടെ അതിവ്യാഖ്യാനങ്ങള്‍ പ്രതീക്ഷിക്കുന്നു; പലപ്പോഴും. പ്രാമാണികരായ എഴുത്തുകാരെ വിമര്‍ശിക്കുന്നവര്‍ക്കു നേരേ വായനക്കാര്‍ രംഗത്തു വരുന്നതും ശരിയല്ല.ബഷീറിനെ വിമര്‍ശിച്ച എ.ബി.രഘുനാഥന് നായരുടെ അനുഭവം ഓര്‍മിക്കുക. അവനവനോടു സത്യസന്ധനായിരിക്കുകയാണു നിരൂപകധര്‍മം. അതൊറ്റയ്ക്കു പലരെ നേരിടുന്ന പടയാളിയുടെ ധീരതയാണ്. ഏകാഭിപ്രായം തിന്മയാണ്.
ഈ അടുത്തകാലത്ത് എം.കെ.ഹരികുമാറിന്റെ ‘അക്ഷരജാലക’ത്തിന്റെ രണ്ടുവാല്യം (സുജിലി പബഌക്കേഷന്‍സ്) പ്രസിദ്ധപ്പെടുത്തി. പേപ്പര്‍ ബാക്ക് എഡിഷനാണ് എന്നതാണ് ഒരു പോരായ്മ. ഇത്രയധികം വലുപ്പമുളളപ്പോള് ഹാര്‍ഡ്ബൗണ്ട് എഡിഷനായിരുന്നു അഭികാമ്യം. വാക്കുകളുടെയും വ്യക്തിനാമങ്ങളുടെയും ഇന്‍ഡക്സ് ഇല്ലായ്മയും പോരായ്മയെന്നു പറയാം. ഇതൊരു ലാഘവവായനയ്ക്കുളള പുസ്തകമല്ലല്ലോ. പല ഗവേഷകര്‍ക്കും പഠനത്തിനു റെഫറന്‍സ് ആകേണ്ട ഗ്രന്ഥമാണിത്. അത്തരത്തിലൊരു ഗൗരവം പ്രസാധകര് സ്വീകരിക്കണമായിരുന്നു. എന്നാലും വിജ്ഞാനതല്‍പരരായ ഓരോ മലയാളിയും വായനയ്ക്കായി സ്വന്തം ഷെല്‍ഫില്‍ സൂക്ഷിക്കേണ്ട അമൂല്യമായ അനന്വയമാണ് ‘അക്ഷരജാലകം’ ഒന്നും രണ്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: