തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി വി.എസ്. ശിവകുമാറിനെതിരെ വിജിലന്‍സ് അന്വേഷണം. ഗവര്‍ണര്‍ അനുമതി നല്‍കിയതിനെത്തുടര്‍ന്ന് ആഭ്യന്തര സെക്രട്ടറി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ശിവകുമാര്‍ ബിനാമി പേരില്‍ സ്വത്തുക്കള്‍ സമ്പാദിച്ചെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യ, ദേവസ്വം മന്ത്രിയായിരുന്നു ശിവകുമാര്‍. നിലവില്‍ തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എ. 2016ല്‍ ജേക്കബ് തോമസ് വിജിലന്‍സ് മേധാവിയായിരുന്ന സമയത്താണ് ശിവകുമാറിനെതിരെയുള്ള അന്വേഷണം തുടങ്ങിയത്. സ്വത്ത് സമ്പാദനക്കേസില്‍ 105 പരാതികളാണ് വിജിലന്‍സിന് ലഭിച്ചത്. തുടര്‍ന്ന് വിജിലന്‍സിന്റെ ഇന്റലിജന്‍സ് വിഭാഗം അന്വേഷണം നടത്തി. തിരുവനന്തപുരത്ത് ഒരു സ്വകാര്യ ആശുപത്രി ശിവകുമാര്‍ ബന്ധുക്കളുടെ പേരില്‍ വാങ്ങിയെന്നാണ് പ്രധാന ആരോപണം. പെഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍, സുഹൃത്തുക്കള്‍ തുടങ്ങിയവരുടെ ബിനാമി പേരില്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയെന്നും അനധികൃതമായി വിദേശ യാത്രകള്‍ നടത്തിയെന്നും പരാതികളില്‍ പറയുന്നു.
ഇതില്‍ ഏഴ് പേരുടെ സ്വത്ത് വിവരങ്ങള്‍ പരിശോധിച്ചതില്‍ പരാതികളില്‍ കഴമ്പുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തി. ശിവകുമാര്‍ മന്ത്രിയായിരുന്നപ്പോള്‍ ഇവരുടെയെല്ലാം സ്വത്തില്‍ ഇരട്ടി വര്‍ധനയുണ്ടായതായും വിജിലന്‍സ് കണ്ടെത്തി. ശിവകുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: