തിരുവനന്തപുരം: കടകത്തിന് മറുകടകവുമായി മുഖ്യമന്ത്രി പിണറായി വിജയന്. യുഡിഎഫ് സര്‍ക്കാരിലെ ഒരു മുന്‍ മന്ത്രിയെ വിജിലന്‍സ് ചോദ്യം ചെയ്ത് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ മറ്റൊരു മുന്മന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ഇതോടെ പോലീസ് മേധാവി ബെഹ്റക്കെതിരെ ആരോപണവുമായി രംഗത്ത് വന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും യുഡിഎഫും പ്രതിരോധത്തിലായി. ഇനി മുഖ്യമന്ത്രിയുമായി ഒത്തുതീര്‍പ്പല്ലാതെ കോണ്‍ഗ്രസിന് വേറെ വഴിയില്ല.
സിഎജി റിപ്പോര്‍ട്ടില്‍ പോലീസ് മേധാവി ബെഹ്റക്കെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ സര്‍ക്കാരിനെതിരെ ആയുധമാക്കാനുള്ള നീക്കം നടത്തുന്നതിനിടയിലാണ് ശിവകുമാറിനെതിരെ ഓര്‍ക്കാപ്പുറത്തുള്ള വിജിലന്‍സ് അന്വേഷണം. അതും ബെഹ്റ നടത്തിയ കൂട്ടുകച്ചവടത്തിന്റെ വിശദാശംങ്ങള്‍ പുറത്തുവന്ന് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ശിവകുമാറിനെതിരെ വിജിലന്‍സ് അന്വേഷണമായി. ബെഹ്റക്കെതിരായ ആരോപണങ്ങള്‍ കോണ്‍ഗ്രസ് രാഷ്ട്രീയ ആയുധമാക്കി മുന്നോട്ടു പോയാല്‍ ശിവകുമാറിനെതിരെ പിണറായി കുരുക്ക് മുറുക്കും.
ബെഹ്റക്കെതിരായ ആരോപണം ചെന്നു നില്‍ക്കുന്നത് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയിലാണ്. ഇത് പാര്‍ട്ടിയില്‍ പിണറായിയുടെ ഇമേജിന് കോട്ടം തട്ടിച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഭയം മൂലം അംഗങ്ങള്‍ വിഷയം ചര്‍ച്ച ചെയ്തില്ലെങ്കിലും ആരോപണത്തിന്റെ മുനയൊടിക്കേണ്ടത് മുഖ്യമന്ത്രിയുടെ ആവശ്യമാണ്. അതിനാല്‍ കോണ്‍ഗ്രസുമായി രഹസ്യ ഒത്തുതീര്‍പ്പ് നടത്തണം. അതിനുള്ള ഉപാധിയായിട്ടു കൂടിയാണ് വിജിലന്‍സിനെ ഉപയോഗിച്ചുള്ള നാടകം കളി. പാലാരിവട്ടം അഴിമതിക്കേസില്‍ മുസ്ലിം ലീഗിന്റെ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ഇന്നലെ ചോദ്യം ചെയ്തു. യുഡിഎഫിലെ രണ്ടാമത്തെ കക്ഷിയാണ് ലീഗ്. ഇബ്രാഹിംകുഞ്ഞിനെ പ്രതിയാക്കിയതു മുതല്‍ സര്‍ക്കാരിനെതിരായ ആരോപണങ്ങളില്‍ ലീഗ് പിന്‍വലിയുന്നുണ്ട്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലും ഇത് പ്രകടമായിരുന്നു. ബെഹ്റക്കേസിലും ലീഗ് മൗനം പാലിച്ചു. പിണറായിയുമായി ഒത്തുതീര്‍പ്പുണ്ടാക്കി ഇബ്രാഹിംകുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള നീക്കത്തിലാണ് ലീഗ്. ഇപ്പോള്‍ ശിവകുമാറിനെകൂടി പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തതോടെ കോണ്‍ഗ്രസിനും കുരുക്കില്‍ നിന്ന് ഊരേണ്ടി വരും. സമരം വേണ്ടെന്ന് ലീഗും കോണ്‍ഗ്രസില്‍ സമ്മര്‍ദ്ദം ചെലുത്തും. ശിവകുമാറിനെതിരെ സിപിഎം ഇനി സമരത്തിനിറങ്ങും. ഇതോടെ ഇരുകൂട്ടരും ഒത്തുതീര്‍പ്പ് ചര്‍ച്ചകളിലേക്ക് നീങ്ങി എല്ലാം പര്യവസാനിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: