ന്യൂദല്‍ഹി: സമരനായകന് കെ. സുരേന്ദ്രന് ബിജെപി സംസ്ഥാന അധ്യക്ഷന്‍. ദല്‍ഹിയില്‍ ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. ഇടത്-വലത് മുന്നണികളുടെ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിനെതിരെ കേരളത്തില്‍ ഉയര്‍ന്ന ഏറ്റവും കരുത്തുറ്റ ശബ്ദമാണ് സുരേന്ദ്രന്റേത്.
സോളാര്‍ ഉള്‍പ്പെടെയുള്ള അഴിമതികള്‍ക്കെതിരായ സമരപരമ്പരകള്‍ അദ്ദേഹത്തെ ജനകീയ നേതാവാക്കി മാറ്റി. ശബരിമലയില്‍ ആചാരലംഘനത്തിനെതിരെ പോരാടി ഒരു മാസത്തോളം ജയില്‍വാസമനുഷ്ഠിച്ചു. ഇടത് സര്‍ക്കാരിന്റെ ഭരണകൂട ഭീകരതയെ ചെറുത്തു തോല്‍പ്പിച്ച് സുരേന്ദ്രന് ജയില്‍ മോചിതനായത് അയ്യപ്പഭക്തരുടെയും അമ്മമാരുടെയും പ്രിയങ്കരനായാണ്. കഴിഞ്ഞ പത്തു വര്‍ഷമായി ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. ഒക്ടോബര്‍ 25ന് അഡ്വ. പി.എസ്. ശ്രീധരന് പിള്ള മിസോറാം ഗവര്‍ണറായതിന് ശേഷം അധ്യക്ഷ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.
കോഴിക്കോട് ഉള്ളിയേരിയിലെ കര്‍ഷക കുടുംബത്തില്‍ കുന്നുമ്മല്‍ വീട്ടില്‍ കുഞ്ഞിരാമന്റെയും കല്ല്യാണിയുടെയും മകനായി 1970 മാര്‍ച്ച് 10നാണ് കെ. സുരേന്ദ്രന്റെ ജനനം. എബിവിപിയിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത്. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനായിരിക്കെ നേതൃത്വം നല്കിയ പ്രക്ഷോഭങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന് സ്വന്തമായ മേല്‍വിലാസം നല്കി. മുന്നണികളുടെ അഴിമതികള്‍ക്കെതിരെ നിരന്തരം തെരുവിലിറങ്ങിയ സുരേന്ദ്രന് പാര്‍ട്ടിക്കതീതമായ ജനപിന്തുണയും നേടിയെടുത്തു. ബിജെപി ജനറല്‍ സെക്രട്ടറിയായപ്പോഴും സമരമുഖത്തു തന്നെയായിരുന്നു കെ.എസ്.
കോവളം കൊട്ടാരം, കേരള യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ഗ്രേഡ് അഴിമതി, ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്, മലബാര്‍ സിമന്റ്സ് അഴിമതി, സോളാര്‍ തട്ടിപ്പ് തുടങ്ങിയ വിഷയങ്ങളില്‍ സമരം നയിച്ചു. ശബരിമലയില്‍ സിപിഎം സര്‍ക്കാര്‍ ആചാരലംഘനത്തിന് മുതിര്‍ന്നപ്പോള്‍ പ്രതിരോധവുമായി അദ്ദേഹം മലകയറാനൊരുങ്ങി. പ്രതികാരമായി അദ്ദേഹത്തെ അറസ്റ്റു ചെയ്ത സര്‍ക്കാര്‍ 22 ദിവസം ജയിലിലടച്ചു. ജാമ്യം നല്കാതിരിക്കാന് ഭരണകൂടം നടത്തിയ ഹീനമായ ശ്രമങ്ങള്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടു.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും സുരേന്ദ്രന് ശക്തമായ സാന്നിധ്യമായി. കാസര്‍കോട് മണ്ഡലത്തില്‍ നിന്ന് രണ്ടു തവണയും പത്തനംതിട്ടയില്‍ നിന്ന് ഒരു തവണയും ലോക്സഭയിലേക്ക് മത്സരിച്ചു. നിയമസഭയിലേക്ക് മഞ്ചേശ്വരത്ത് നിന്നു രണ്ട് തവണയും കോന്നിയില്‍ നിന്ന് ഒരു തവണയും മത്സരിച്ച സുരേന്ദ്രന് 2016ല്‍ മഞ്ചേശ്വരത്ത് 89 വോട്ടിനാണ് പരാജയപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: