മണ്ണാറശ്ശാലയുടെ മാനസപുത്രി വലിയമ്മ ഉമാദേവി അന്തര്‍ജനത്തിന്റെ നവതി ഭക്തരുടെ ഹൃദയത്തില്‍ കുളിര്‍മ്മയായി നിറയുന്നു. ഏഴു പതിറ്റാണ്ടിനപ്പുറം കോട്ടയത്തു നിന്ന് വേളിയായി ഇല്ലത്തെത്തിയ ഉമാദേവി അന്തര്‍ജനം നാഗോപാസനയിലൂടെ സര്‍വ ചരാചരങ്ങളിലേക്ക് പകര്‍ന്നത് സാന്ത്വനത്തിന്റെ സ്പര്‍ശമാണ്. ശാന്തിയുടെ അലയൊലിയാണ്. നാഗദൈവങ്ങളുടെ അമ്മയായി, പൂജാരിണിയായി വാഴുന്ന ഉമാദേവിയുടെ ജീവിതം സഫലം, പുണ്യം. ആയിരം പൂര്ണചന്ദ്രന്മാരെ ദര്‍ശിച്ചതിന്റെ പിന്‍ബലത്തില്‍ അഞ്ചുവര്‍ഷം മുന്‍പ് ശതാഭിഷിക്തയായി അനുഗ്രഹം ചൊരിഞ്ഞ അമ്മ ഇതാ നവതിയുടെ നിറവില്‍. 2020 ഫെബ്രുവരി 18ന് വലിയമ്മയ്ക്ക് 90.
കോട്ടയം മാങ്ങാനം ചെമ്പകനല്ലൂര്‍ ഇല്ലത്തെ സുബ്രഹ്മണ്യന് നമ്പൂതിരിയുടെയും രുഗ്മിണി അന്തര്‍ജനത്തിന്റെയും മൂന്നാമത്തെ പുത്രി ഉമാദേവിയുടെ ജനനം കൊല്ലവര്‍ഷം 1105 കുംഭത്തിലെ മൂലം നാളില്‍. മണ്ണാറശ്ശാല ഇല്ലത്തെ എം.ജി.നാരായണന് നമ്പൂതിരിയുടെ വേളിയായി എത്തിയത് 1949ല്‍. ദാമ്പത്യം ആറു വര്‍ഷം മാത്രം. ഒരു മകള്‍ക്കു ജന്മമേകി. അന്നത്തെ വലിയ അമ്മ സാവിത്രി അന്തര്‍ജനത്തിന്റെ സഹായിയായി പിന്നീട് നാഗോപാസനയുടെ വഴിയിലേക്ക്. 1993 ഒക്ടോബര്‍ 24ന് വലിയമ്മ സാവിത്രി അന്തര്‍ജനം സമാധിയായതിനെ തുടര്‍ന്ന് ഉമാദേവി വലിയമ്മയായി സ്ഥാനമേറ്റു.
ആചാരപ്പെരുമയിലൂടെ നാഗദൈവങ്ങളുടെ മുഖ്യ പൂജാരിണിയായി മാറിയ അമ്മ ആര്‍ജിച്ച ചൈതന്യത്തിന്റെ വെളിച്ചം ജനഹൃദയങ്ങളിലേക്ക് പകരുകയാണ് വലിയമ്മ. സര്‍പ്പദൈവം ചിരംജീവിയായി വാഴുന്ന ഇല്ലത്തെ നിലവറയ്ക്കു സമീപം വസിക്കുന്ന അമ്മ വെളുപ്പിന് എഴുന്നേറ്റ് തേവാരപ്പുരയില്‍ വിളക്കു തെളിക്കുമ്പോള്‍ കാവ് ഉണരുകയായി. ക്ഷേത്രത്തില്‍ മന്ത്രോച്ചാരണങ്ങള്‍ ഉയരുകയായി; ഇല്ലത്തെ കുടുംബാംഗങ്ങളുടെയെല്ലാം മുത്തശ്ശി ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയാന്‍ 90ലും ഊര്‍ജസ്വലയാകുന്നു.
നാഗദൈവങ്ങളെ തൊഴുത് എത്തുന്നവര്‍ക്ക് ഇല്ലത്തിനു സമീപം പ്രതേ്യകം തയാറാക്കിയ മുറിയില്‍ അമ്മ ഭക്തര്‍ക്ക് ദര്‍ശനം നല്‍കും. പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കും. പൂജിച്ച ഭസ്മം നല്‍കും. വലിയമ്മയുടെ മുന്നില്‍ കൈ കൂപ്പി നില്ക്കുമ്പോള് ഭക്തരുടെ മനസ്സ് ലയിച്ച് ശുദ്ധമായ ബോധത്തിലേക്ക് നീങ്ങുന്നു. കര്‍മങ്ങള്‍ കെട്ടുകളായി വരിഞ്ഞു മുറുക്കിയ ഹൃദയങ്ങള്‍ മുക്തിയുടെ പാതയിലേക്ക് സഞ്ചരിക്കുകയായി. ഈശ്വര ചൈതന്യത്തിന്റെ സുഗന്ധം അനുഭവിക്കുന്ന അനര്‍ഘ നിമിഷം.
മണ്ണാറശ്ശാലക്കാവിലേക്ക് ഒഴുകിയെത്തുന്നവര്‍ക്ക് നാഗ ക്ഷേത്രവും കാവും കുളങ്ങളും, അവിടെയുളള സര്‍വ ചരാചരങ്ങളും ക്ഷേത്രാചാരങ്ങളുടെ അവസാന വാക്കായ വലിയമ്മയും എല്ലാം എന്നും വിസ്മയമാണ്, കൗതുകമാണ്. വഴിപാടുകള്‍ നടയ്ക്കുവെച്ച് തൊഴുത് കാവുകളും കുളങ്ങളും അതിരിടുന്ന ഇവിടത്തെ മണല്‍പ്പാതയിലൂടെ സഞ്ചരിക്കുമ്പോള്‍, കാലങ്ങള്‍ക്കപ്പുറം പരശുരാമന് നിര്‍മിച്ച ക്ഷേത്രവും പ്രതിഷ്ഠിച്ച നാഗദൈവങ്ങളും ജന മനസ്സുകളിലേക്ക് എത്തിക്കുന്നത് പ്രപഞ്ച ശക്തിയുടെ ലീലാവിലാസങ്ങളാണ്; പ്രണവ മന്ത്രത്തിന്റെ സ്ഫുരണങ്ങളാണ്.
ക്ഷേത്ര പൂജാരിണിയായി മാറിയ ആദ്യത്തെ വലിയ അമ്മ ശ്രീദേവി അന്തര്‍ജനത്തിന്റെ പരമ്പരയില്‍ ഇന്ന് ഉമാദേവി അന്തര്‍ജനം തിളങ്ങുമ്പോള്‍ ചരിത്രവും ഐതിഹ്യവും സമന്വയിച്ച് ഉളവാകുന്ന വെളിപാടുകളിലേക്ക് മനുഷ്യ മനസ്സ് പ്രയാണം തുടങ്ങുന്നു. ക്ഷേത്രത്തിന്റെ ആദ്യപൂജാരിയായി ഇവിടെയെത്തിയ വാസുദേവന്‍ നമ്പൂതിരിയും ഭാര്യ ശ്രീദേവി അന്തര്‍ജനവും ഓര്‍മയില്‍ വരുമ്പോള്‍ വിസ്മയച്ചെപ്പ് തുറക്കുകയായി. മണ്ണാറശ്ശാലക്കാവില് കാട്ടുതീ പടര്‍ന്നു പിടിച്ചപ്പോള്‍ സര്‍പ്പങ്ങളും മറ്റ് ജീവികളും രക്ഷയ്ക്കായി ഓടിയെത്തിയത് അന്തര്‍ജനത്തിന്റെ അടുത്തേക്കായിരുന്നു. അന്തര്‍ജനം അവയെ പാലൂട്ടി സാന്ത്വനിപ്പിച്ചു. ഭുജംഗ കുലാധിപനായി; ഭുവനത്തിന്റെ അധിപനായി വാഴുന്ന നാഗദൈവം ഏറെ നാളായി സന്താനസൗഭാഗ്യമില്ലാതിരുന്ന ദമ്പതികളുടെ മേല്‍ അനുഗ്രഹം ചൊരിഞ്ഞു.
ശ്രീദേവി അന്തര്‍ജനം ഒരേ സമയം അഞ്ചുതലയുളള സര്‍പ്പ ശിശുവിനും മനുഷ്യശിശുവിനും ജന്മം നല്കി. അവര്‍ ഒരുമിച്ചു കളിച്ചു വളര്‍ന്നു. കാവില്‍ നിന്ന് പലപ്പോഴും ഇല്ലത്തും ക്ഷേത്ര പരിസരത്തും വിഹരിച്ച സര്‍പ്പം ഭക്തരില്‍ ഭയം ജനിപ്പിച്ചു. ഇതു മനസ്സിലാക്കിയ നാഗം അമ്മയുടെ അനുമതിയോടെ നിലവറയിലേക്ക് പോയി. അമ്മ തന്നെ പൂജിക്കണമെന്ന അരുളപ്പാടുമുണ്ടായി. അങ്ങനെ ശ്രീദേവി അന്തര്‍ജനം ആദ്യത്തെ പൂജാരിണിയായി.
വലിയമ്മയ്ക്ക് പൂജാ ക്രമമുണ്ട്. എല്ലാ മാസവും ഒന്നാം തീയതി, മാസത്തിലെ പൂയം നാള്. മാഘമാസാരംഭം മുതല്‍ ശിവരാത്രിയുടെ തലേന്നാള്‍ വരെ. ചിങ്ങത്തിലെ തിരുവോണം. കര്‍ക്കടകം ഒന്നു മുതല്‍ പന്ത്രണ്ടുവരെ, കന്നി, തുലാം മാസങ്ങളില്‍ ആയില്യത്തിനു മുന്‍പ് പന്ത്രണ്ടു ദിവസം. എല്ലാ ആയില്യത്തിനും നിലവറയുടെ മുന്പില് പ്രതേ്യകമായി നടത്തുന്ന നൂറും പാല്. ശിവരാത്രി ദിനത്തില്‍ ക്ഷേതത്തില്‍ സര്‍പ്പബലി. പിറ്റേ ദിവസം നിലവറയിലും അപ്പൂപ്പന്‍കാവിലും നൂറുംപാല്‍. വലിയ അമ്മയ്ക്ക് പൂജകള്‍ ചെയ്യാന്‍ അസൗകര്യം നേരിട്ടാല്‍ പകരം ആരും നടത്തില്ല.
വലിയമ്മയ്ക്ക് ആര്യപുത്രന്റെ സമര്‍പ്പണം
നവതിയുടെ നിറവിലെത്തുന്ന മണ്ണാറശ്ശാല വലിയമ്മ ഉമാദേവി അന്തര്‍ജനത്തിന് സമര്‍പ്പണമായി നിയോഗം പോലെ ആര്യപുത്രന്റെ തിരുമുല്ക്കാഴ്ച. പിറന്നാള്‍ ദിനത്തിന്റെ തലേന്നാള്‍ രാത്രി ക്ഷേത്ര സങ്കേതത്തില്‍ കഥകളി വിളക്കു തെളിയുമ്പോള്‍ കലാമണ്ഡലത്തിലെ കലാകാരന്മാര് അമ്മയുടെ ഭര്‍ത്താവ് യശഃശരീരനായ എം.ജി. നാരായണന് നമ്പൂതിരി രചിച്ച വാമന വിജയം കഥകളിയാണ് അവതരിപ്പിക്കുന്നത്. മഹാബലിയായി കലാമണ്ഡലം കൃഷ്ണകുമാറും വാമനനായി കലാമണ്ഡലം കൃഷ്ണപ്രസാദും വേഷമിടും.
കുചേലവൃത്തവും അവതരിപ്പിക്കുന്നുണ്ട്. കൃഷ്ണനായി കലാമണ്ഡലം ഗോപിയാശാന് വേഷമിടും. രുഗ്മിണിയായി മാര്‍ഗ്ഗി വിജയകുമാറും കുചേലനായി നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയും രംഗത്തെത്തും.
കൊല്ലവര്‍ഷം 1096ലാണ് വാമന വിജയം ആട്ടക്കഥ പ്രസിദ്ധീകരിച്ചത്. നാരായണന് നമ്പൂതിരി 20-ാമത്തെ വയസ്സിലാണ് ഇതെഴുതിയത്.
നവതി ആഘോഷങ്ങള്‍ക്ക് കാത്തു നില്‍ക്കാതെ
മണ്ണാറശ്ശാല ക്ഷേത്രകാരണവന്മാരില് മുതിര്‍ന്ന അംഗമായിരുന്ന എം.എന്‍.നാരായണന് നമ്പൂതിരി യാത്രയായത് വലിയമ്മയുടെ നവതി ആഘോഷത്തിനു സാക്ഷിയാവാതെ. ആഘോഷം മൂന്നു ദിവസങ്ങളിലായി നടത്തണമെന്നും ഗംഭീരമാക്കണമെന്നും നാരായണന് നമ്പൂതിരി കുടുംബാംഗങ്ങളുമായി നിശ്ചയിച്ചുറപ്പിച്ചതായിരുന്നു. എന്നാല്‍ അദ്ദേഹം ഏതാനും മാസങ്ങള്‍ക്കു മുന്‍പ് വിട പറഞ്ഞു.
നമ്പൂതിരിയുടെ വിയോഗം മൂലം ആഘോഷം ഒരു രാവും ഒരു പകലുമായി കുറച്ചു. വാമനവിജയം ആട്ടക്കഥ ആടണമെന്ന നിര്‍ദ്ദേശം മുന്നോട്ടു വച്ചതും കഥകളി ഭ്രമമുളള നമ്പൂതിരിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: