മലപ്പുറം: കുറ്റിപ്പുറം പാലത്തിനടിയില്‍ രണ്ടു വര്‍ഷം മുമ്പ് ദുരൂഹസാഹചര്യത്തില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ സൈന്യത്തെ രൂക്ഷമായി വിമര്‍ശിച്ചവരാണ് സിപിഎം നേതാക്കള്‍. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഭരിക്കുന്ന പോലീസ് വകുപ്പില്‍ നിന്ന് വെടിയുണ്ടകളും തോക്കുകളും നഷ്ടപ്പെട്ടിട്ടുണ്ടെന്ന വിവരങ്ങള്‍ സിഎജി പുറത്തുവിട്ടതോടെ പ്രതികരിക്കാനാവാതെ വിയര്‍ക്കുകയാണ് ഇക്കൂട്ടര്‍.
2018 ജനുവരി നാലിനാണ് കുറ്റിപ്പുറം പാലത്തിനടിയില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. അഞ്ച് മൈനുകള്‍, ആറ് പള്‍സ് ജനറേറ്ററുകള്‍, കേബിളുകള്‍, ട്യൂബ് ലോഞ്ചറുകള്‍, ലോഡിങ് റൈഫിളുകളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകള്‍, ചതുപ്പില്‍ സൈനിക വാഹനങ്ങള്‍ താഴ്ന്നു പോകാതിരിക്കാനുള്ള ഷീല്‍ഡുകള്‍ എന്നിവയാണ് മണലില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. തുടക്കത്തില്‍ കേസ് അന്വേഷിച്ചത് മലപ്പുറം പോലീസായിരുന്നു. സൈന്യത്തിന്റെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ചയെന്ന രീതിയിലാണ് പോലീസ് റിപ്പോര്‍ട്ട് തയാറാക്കിയത്.
മഹാരാഷ്ട്രയിലെ ചന്ദ്രാപൂര്‍ ആയുധ നിര്‍മാണശാലയില്‍ നിന്നുള്ള വസ്തുക്കളാണ് കുറ്റിപ്പുറത്ത് നിന്ന് ലഭിച്ചതെന്നും പോലീസ് അവകാശപ്പെട്ടു. മലപ്പുറം ഡിസിആര്‍ബി ഡിവൈഎസ്പി ജയ്സണ്‍ കെ. ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം മഹാരാഷ്ട്രയിലെത്തി അന്വേഷണം നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. പക്ഷേ സ്ഫോടകവസ്തുക്കള്‍ എങ്ങനെ കുറ്റിപ്പുറത്തെത്തിയെന്ന് മാത്രം റിപ്പോര്‍ട്ടിലില്ലായിരുന്നു. 2001ല്‍ നിര്‍മിച്ച ആയുധങ്ങളാണെന്നും ഇവ പൂനെ, പുല്‍ഗാവ് എന്നിവിടങ്ങളിലേക്ക് കൈമാറിയിരുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അടിസ്ഥാന വിവരങ്ങളൊന്നുമില്ലാതെ സൈന്യത്തെ രൂക്ഷമായി റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നുമുണ്ട്. പോലീസിന്റെ റിപ്പോര്‍ട്ട് വിശ്വസിച്ച് ഡിജിപി സൈന്യത്തിന് കത്തയക്കുകയും ചെയ്തു. എന്നാല്‍ പുകമറകള്‍ സൃഷ്ടിക്കുന്ന വെറും ആരോപണങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ടിലുള്ളതെന്നും കൃത്യമായ വിവരങ്ങള്‍ നല്‍കാതെ മറുപടി നല്‍കാനാകില്ലെന്നും സൈന്യം അറിയിച്ചു. അതിനിടെ സൈനിക ഇന്റലിജന്‍സ് വിഭാഗം മലപ്പുറത്തെത്തി അന്വേഷണം നടത്തുകയും ചെയ്തു.
കേരളാ പോലീസിന്റെ അന്വേഷണം വെറും പ്രഹസനമാണെന്ന് മനസ്സിലായതോടെ 2019 ജൂലൈയില്‍ കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു. സിബിഐ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്കുന്ന വിവരം.
കുറ്റിപ്പുറം കേസില്‍ സൈന്യത്തെ പഴിചാരാന്‍ പോലീസ് കാണിച്ച വ്യഗ്രതയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കേരളാ പോലീസിന്റെ ക്യാമ്പുകളില്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങള്‍ നഷ്ടപ്പെട്ടിട്ടും വിശ്വാസയോഗ്യമായൊരു ന്യായീകരണം നല്കാന് പോലും സിപിഎമ്മിനോ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിക്കോ സാധിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: