നെടുങ്കണ്ടം: രാജ്കുമാര് കസ്റ്റഡി മരണക്കേസില്‍ തെളിവെടുപ്പിനായി സിബിഐ സംഘം നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ എത്തി. തിരുവനന്തപുരം യൂണിറ്റില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് വെള്ളിയാഴ്ച പുലര്‍ച്ചെ നെടുങ്കണ്ടം സ്റ്റേഷനില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചത്.
രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയില്‍ വച്ച പോലീസിന്റെ രണ്ടാം നിലയിലെ വിശ്രമമുറി സംഘം വീണ്ടും പരിശോധിച്ചു. ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോള്‍ പകര്‍ത്തിയ ഫോട്ടോകളുമായി എത്തിയ സംഘം മുറി വിശദമായി പരിശോധിച്ചു. കൂടാതെ, ഹരിത തട്ടിപ്പ് കേസിലെ രണ്ടും മൂന്നും പ്രതികളായ ശാലിനിയെയും, മഞ്ജുവിനെയും കസ്റ്റഡിയില്‍ സൂക്ഷിച്ച മുറിയും, സ്റ്റേഷന് പുറകിലെ സ്റ്റോര്റൂമും സംഘം പരിശോധിച്ചു.
നെടുങ്കണ്ടത്തെ പരിശോധന പൂര്‍ത്തിയാക്കിയ സംഘം, രാജ്കുമാര് റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പീരുമേട്ടിലേ സബ് ജയില്‍, ചികിത്സ തേടിയ താലൂക്ക് ആശുപത്രി, നാട്ടുകാരോടൊപ്പം എത്തിയ കുട്ടിക്കാനത്തെ ജില്ലാ ബാങ്ക് ശാഖ, നെടുങ്കണ്ടം പോലീസ് തെളിവെടുപ്പിനായി രാത്രിയില്‍ കൊണ്ടുപോയ കോലാഹലമേട്, രാജ്കുമാറിന്റെ വീട് എന്നിവിടങ്ങളിലും പരിശോധന നടത്തും. രാജ്കുമാര് കസ്റ്റഡിയില്‍ ഉണ്ടായിരുന്നപ്പോള്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്ന മുഴുവന്‍ ഉദ്യോഗസ്ഥരേയും സിബിഐ വീണ്ടും ചോദ്യം ചെയ്യും. ഇതിനായി നെടുങ്കണ്ടത്ത് സിബിഐ ക്യാമ്പ് ഓഫീസ് തുറക്കും.
പോലീസിലെ ഉന്നത ഉദ്യോഗസ്ഥരെ സംഘം കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തു. ജനുവരി 29ന് ഡിവൈഎസ്പി സുരീന്ദര്‍ ദില്ലോണിന്റെ നേതൃത്വത്തിലുള്ള സിബിഐ സംഘം നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ എത്തി കേസിന്റെയും തട്ടിപ്പ് കേസിന്റെയും രേഖകള്‍ ശേഖരിച്ചിരുന്നു. ഇതില്‍ കൊലപാതക കേസിലെ രേഖകളിലുള്ള ചില വൈരുദ്ധ്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് സംഘം വീണ്ടുമെത്തിയത്.
29ന് നെടുങ്കണ്ടം പൊതുമരാമത്ത് റെസ്റ്റ് ഹൗസില്‍ എത്തിയ സംഘം ഹരിത ഫിനാന്‍സിന്റെ മാനേജരായിരുന്ന തട്ടിപ്പ് കേസിലെ മൂന്നാം പ്രതി മഞ്ജുവിനെയും, രാജ്കുമാറിന്റെ ഡ്രൈവറായിരുന്ന ഭര്‍ത്താവ് അജിമോനെയും ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: