കൊച്ചി: പ്രളയ ദുരിതാശ്വാസത്തിനെന്ന പേരില്‍ ചില സിനിമാ പ്രവര്‍ത്തകര്‍ പിരിച്ച പണം സര്‍ക്കാരില്‍ അടയ്ക്കാതെ നടത്തിയ വെട്ടിപ്പ് പരസ്യമായി. സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒ. രാജഗോപാല്‍ എംഎല്‍എ മുഖ്യമന്ത്രിക്ക് കത്തെഴുതി. ഇതോടെ സിനിമാ പ്രവര്‍ത്തകരില്‍ ചിലരുടെ പ്രക്ഷോഭ നേതൃത്വം വഹിച്ചിരുന്ന ആഷിഖ് അബു, ഭാര്യ റീമ കല്ലിങ്കല്‍ തുടങ്ങിയ ഒട്ടേറെ പ്രമുഖര്‍ സംശയത്തിന്റെ നിഴലിലായി. പ്രമുഖ സിനിമാ പ്രവര്‍ത്തകരെ അടക്കം അപവാദത്തിനിരയാക്കിയവര്ക്കെതിരെ സംഘടനാ തലത്തിലും നടപടി വന്നേക്കും. വരും ദിവസങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തന പരിപാടിയായിരുന്ന കരുണയിലൂടെ ചതിക്കപ്പെട്ടവര്‍ തുറന്നു പറച്ചിലുകള്‍ക്ക് തയാറാകും.
സിനിമാ സംവിധായകനേക്കാള്‍ പക്ഷപാത ആക്ടിവിസ്റ്റായി സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ആക്ഷേപമുള്ള ആഷിഖ് അബു, ഭാര്യ റീമ കല്ലിങ്കല്‍ തുടങ്ങിയവര്‍ ചേര്‍ന്ന് നടത്തുന്ന കൊച്ചി മ്യൂസിക് ഫൗണ്ടേഷനാണ് കരുണ എന്ന പേരില്‍ ലൈവ് സംഗീത മേള സംഘടിപ്പിച്ചത്. പരിപാടിക്ക് റീജണല്‍ സ്പോര്‍ട്സ് സെന്റര്‍ സൗജന്യമായി ലഭ്യമാക്കി.
പങ്കെടുത്ത കലാകാരന്മാര് പ്രതിഫലം വാങ്ങിയില്ല. ടിക്കറ്റ് നിരക്ക് 500 മുതല്‍ 2000 വരെയായിരുന്നു. രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ വേദിയുടെ ശേഷിയേക്കാള്‍ കൂടുതല്‍ ടിക്കറ്റ് വിറ്റു. പാസുള്ളവര്‍ക്കും ഉള്ളില്‍ കടക്കാനാവാത്ത തിരക്കായിരുന്നു. 2019 നവംബര്‍ ഒന്നിനായിരുന്നു പരിപാടി. പ്രളയ ബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന എന്ന പേരിലായിരുന്നു പരിപാടി. എന്നാല്‍, ഇതുവരെ ഈ പരിപാടിയുടെ പേരിലോ ഫൗണ്ടേഷന്റെ പേരിലോ ഒരു തുകയും സര്ക്കാരിലെത്തിയിട്ടില്ല.
യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യരാണ് ഈ വിഷയം ആദ്യം ഉയര്‍ത്തിയത്. 2019 ഡിസംബര്‍ അവസാനം, സന്ദീപ് ഈ വിഷയത്തില്‍ നടത്തിയ പ്രസ്താവനയുടെ പേരില്‍ ആഷിഖ് അബുവും ഭാര്യ റീമയും സഭ്യമല്ലാത്ത ഭാഷയില്‍ സന്ദീപനെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിച്ചു.
പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ കേന്ദ്ര സര്‍ക്കാരിനും മോദിക്കും സംഘപരിവാറിനുമെതിരേ സിനിമാ പ്രവര്‍ത്തകരില്‍ ഒരു വിഭാഗത്തെ സംഘടിപ്പിച്ച് ആഷിഖും കൂട്ടരും പ്രകടനം നടത്തി അവരുടെ ശക്തിയും പിന്തുണയും തെളിയിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കരുണയുടെ പേരില്‍ പിരിച്ച പണം എത്ര, എവിടെ, ചെലവ് എത്ര തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാവാതെ കൊച്ചി മ്യൂസിക് ഫൗണ്ടേഷന് ചുമതലക്കാരായ ആഷിഖും കൂട്ടരും ഉഴറി.
വിവരാവകാശ നിയമപ്രകാരം കിട്ടിയ രേഖയനുസരിച്ച് 2020 ഫെബ്രുവരി ആറുവരെ ഒരു പൈസയും സര്‍ക്കാരിന് കിട്ടിയിട്ടില്ലെന്ന് ധനകാര്യ വകുപ്പ് (1430431/ഇന്ഫ.1/36/2020/ധന) വ്യക്തമാക്കുന്നു.
എന്നാല്‍, കരുണ പരിപാടിയുടെ മുഖ്യസംഘാടകരില്‍ ഒരാളായ സംഗീത സംവിധായകന് ബിജിപാല്‍ പരിപാടിക്ക് 6,30,000 രൂപ പിരിഞ്ഞു കിട്ടിയെന്നും, 22 ലക്ഷം രൂപ ചെലവു വന്നുവെന്നും പറയുന്നു. പക്ഷേ, പരിപാടി നടന്ന് നവംബര്‍ നാലിന് ഫൗണ്ടേഷന് ഫേസ്ബുക്കില്‍ രേഖപ്പെടുത്തിയത് ‘പ്രതീക്ഷിച്ചതിനേക്കാള്‍ വിജയമായി’ എന്നായിരുന്നു.
ഈ വര്‍ഷം മാര്‍ച്ച് 31ന് മുമ്പ് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പണം നല്‍കുമെന്നാണ് ഇപ്പോള്‍ വിശദീകരണം. എന്നാല്‍, നാലുമാസമായിട്ടും എന്തുകൊണ്ട് നല്‍കിയില്ല. എത്ര പണം പിരിച്ചു, എത്ര ചെലവ്, ആരൊക്കെ സഹായിച്ചു, ആര്‍ക്കൊക്കെ തുടങ്ങിയ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ആഷിഖിന്റെ ഫൗണ്ടേഷന് നിര്‍ബന്ധിതമായിരിക്കുകയാണ്. കണക്കുകള്‍ പുറത്തുവന്നാല്‍ വന്‍ വിവാദത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നു വ്യക്തമായതോടെ സിനിമാ ലോകത്തിനു പുറത്തുള്ള ചില സംഘടനകള്‍ ആഷിഖിന്റെയും റീമയുടെയും മറ്റും സംരക്ഷണത്തിന് ചര്‍ച്ചകളുമായി ഇറങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: