ഗംഗേച യമുനേ ചൈവ
ഗോദാവരി സരസ്വതി
നര്‍മദേ സിന്ധു കാവേരി
ജലേസ്മിന് സന്നിധിം കുരു
ഭാരതത്തിലെ ഏഴുപുണ്യനദികളാണ് സപ്തനദികള്‍ എന്നറിയപ്പെടുന്നത്. മൂര്‍ത്തിത്രയത്തെ പ്രതിനിധാനം ചെയ്യുന്ന ഗംഗ, യമുന, സരസ്വതിയും ശ്രീരാമന്, ദുര്‍ഗ,ഹനുമാന്, ദത്താത്രേയന് എന്നീ ദേവന്മാര്ക്ക് സമര്‍പ്പിതമായ ഗോദാവരി, നര്‍മദ, സിന്ധു, കാവേരിയുമാണ് സപ്തനദികള്‍. ഹൈന്ദവ പുരാണങ്ങളിലെല്ലാം ഈ പുണ്യപ്രവാഹങ്ങളുടെ പരാമര്‍ശമുണ്ട്.
ഗംഗ
സപ്തനദികളില്‍ പ്രഥമസ്ഥാനം ഗംഗാനദിക്കാണ്. കപില മഹര്‍ഷിയുടെ കോപത്തിനിരയായ സൂര്യവംശത്തിലെ സഗരപുത്രന്മാര്‍ക്ക് മോക്ഷം ലഭിക്കാന്‍ സൂര്യവംശരാജാവായ ഭഗീരഥന് ശിവനെ പ്രീതിപ്പെടുത്തി ഗംഗയെ ഭൂമിയിലെത്തിച്ചു എന്നാണ് ഐതിഹ്യം. പാപനാശിനിയാണ് ഗംഗാതീര്ഥമെന്നാണ് ഹൈന്ദവവിശ്വാസം. ഉത്തരാഖണ്ഡിലെ ദേവപ്രയാഗാണ് ഗംഗയുടെ പ്രഭവസ്ഥാനം.
യമുന
ഹിമാലയത്തിലെ യമുനോത്രിയില്‍ നിന്ന് ഉത്ഭവിച്ച് തെക്കു കിഴക്കോട്ടൊഴുകുന്ന യമുനാനദി പ്രയാഗ്രാജില് വച്ച് ഗംഗാനദിയുമായി ചേരുന്നു. ഭൂമിക്കടിയിലൂടെ ഒഴുകുന്നതായി സങ്കല്‍പ്പിക്കുന്ന സരസ്വതിയും ഇവയ്ക്കൊപ്പം സംഗമിക്കന്നു. ത്രിവേണീസംഗമമെന്നാണ് ഇവിടം അറിയപ്പെടുന്നത്. ഭഗവാന് കൃഷ്ണന്റെ അവതാരകഥകളുമായി അഭേദ്യബന്ധമുണ്ട് യമുനയ്ക്ക്. മഥുര, അമ്പാടി, വൃന്ദാവനം തുടങ്ങിയ പുണ്യസങ്കേതങ്ങളെല്ലാം യമുനാതീരത്താണുള്ളത്.
ഗോദാവരി
നാസികില്‍, പശ്ചിമഘട്ടത്തിലെ ത്രയംബകേശ്വരറില് നിന്നാണ് ഗോദാവരി നദിയുടെ പിറവി. ഗംഗാനദിയേക്കാള് പ്രായമുള്ള ഗോദാവരി ‘വൃദ്ധഗംഗ’യെന്നും അറിയപ്പെടുന്നു. ഗോദാവരീ തീരത്ത് പന്ത്രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ‘ഗോദാവരി മഹാപുഷ്ക്കരം’ ഹൈന്ദവരുടെ സുപ്രധാന സ്നാനമഹോത്സവമാണ്.ഗോദാവരിയില്‍ സ്നാനം ചെയ്യുന്നത് ഗംഗാസ്നാനത്തിന് തുല്യമത്രേ.
സരസ്വതി
നാലായിരത്തോളം വര്‍ഷങ്ങള്‍ക്കു മുമ്പ് മണ്മറഞ്ഞ നദിയാണ് സരസ്വതി. അതിശക്തമായ ഭൂചലനത്താല്‍ ഈ നദി താര് മരുഭൂമിയില്‍ അപ്രത്യക്ഷമായതാവാമെന്നാണ് നിഗമനം. യമുനാനദിയില്‍ ലയിച്ചിരിക്കാമെന്നും ചരിത്രകാരന്മാര് അഭിപ്രായപ്പെടുന്നു. വിഖ്യാത ക്ഷേത്രനഗരിയായ ബദരീനാഥില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ അകലെ മനാ എന്ന സ്ഥലത്ത് പാറക്കെട്ടുകള്‍ക്ക് ഇടയില്‍ മുഴക്കത്തോടെ പുറത്തോട്ടൊഴുകുന്ന നദി സരസ്വതിയത്രേ. എന്നാല്‍ അതിന്റെ തുടക്കം എവിടെയെന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല. മൂര്‍ത്തിത്രയത്തില്‍ ബ്രഹ്മാവിനെ പ്രതിനിധാനം ചെയ്യുന്നു സരസ്വതി.
നര്‍മദ
ദര്ശനമാത്രയില് പാപങ്ങളകറ്റുന്ന നദിയാണ് നര്‍മദ. മധ്യപ്രദേശിലെ മെയ്കല പര്‍വതത്തിലെ അമര്ഖണ്ഡാണ് പ്രഭവസ്ഥാനം. ഇവിടെ വച്ച് പ്രാണന് വെടിയുന്നവക്ക് മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. പുണ്യനദിയായ ഗംഗ പോലും വര്ഷത്തിലൊരില് നര്‍മദയില്‍ കുളിച്ച് ആത്മശുദ്ധീകരണം നടത്താറുണ്ടെന്നാണ് ഐതിഹ്യം. ചരിത്രാതീത കാലത്ത് ‘രാജാസോറസ് നര്‍മദെന്‍സിസ്’ എന്ന വര്‍ഗത്തില്‍ പെട്ട ദിനോസോറുകളുടെ വിഹാര കേന്ദ്രമായിരുന്നു നര്‍മദാതടം.
സിന്ധു
ഇന്ത്യയിലൂടെയും പാക്കിസ്ഥാനിലൂടെയും ഒഴുകുന്ന നദിയാണ് സിന്ധു( ഇന്‍ഡസ്) . ക്രിസ്തുവിനു മുമ്പ് 5000 വര്‍ഷം പഴക്കമുള്ള നാഗരികതയുടെ ശേഷിപ്പുകള്‍ കണ്ടെത്തിയത് സിന്ധുനദീതടത്തിലാണ്. ഹിമാലയത്തില്‍ മാനസരോവറിന് സമീപമാണ് ഇതിന്റെ പ്രഭവസ്ഥാനം. ഭാരതചരിത്രവുമായി ആദ്യം പരാമര്‍ശിക്കപ്പെടുന്ന നദിയാണ് സിന്ധു.
കാവേരി
സഹ്യാദ്രിയിലെ തലക്കാവേരിയില്‍ നിന്ന് ഉത്ഭവിക്കുന്ന കാവേരിയെ ഹിന്ദുക്കള്‍, പ്രത്യേകിച്ചും ദ്രാവിഡര്‍ പവിത്രനദിയായി കാണുന്നു. ദക്ഷിണഗംഗയെന്ന് അറിയപ്പെടുന്ന കാവേരി കര്‍ണാടകം, തമിഴ്നാട് സംസ്ഥാനങ്ങളിലൂടെ ഒഴുകുന്നു. അഗസ്ത്യമുനി ശിവനെ തപസ്സു ചെയ്ത് നേടിയതാണ് കാവേരിനദി. അഗസ്ത്യന്റെ കമണ്ഡലുവില്‍ ശിവന് നല്കിയ പുണ്യതീര്‍ഥം പരന്നൊഴുകി കാവേരിനദിയായി പരിണമിച്ചെന്നാണ് ഐതിഹ്യം. കാവേരിയുടെ പ്രഭവസ്ഥാനമായ തലക്കാവേരിയില്‍ തുലാമാസത്തില്‍ ആഘോഷിക്കുന്ന കാവേരി സംക്രമണം പ്രസിദ്ധമാണ്. സുമംഗലികള്‍ അന്ന് വ്രതമനുഷ്ഠിച്ച് വെള്ളരിയും തേങ്ങയും കൊണ്ട് കാവേരിയില്‍ പ്രത്യേക പൂജയര്‍പ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: