കൊല്ലം: യുവജനക്ഷേമത്തിന്റെ പേരില്‍ മേനി നടിക്കുന്ന സര്‍ക്കാരിന്റെ കീഴിലുള്ള ധനകാര്യസ്ഥാപനത്തില്‍ തൊഴില്‍രഹിതരോട് ഇരട്ടത്താപ്പ്. കെഎസ്എഫ്ഇയാണ് ഉദ്യോഗാര്‍ഥികളോട് ഇരട്ടത്താപ്പ് പുലര്‍ത്തുന്നത്. പിഎസ്സി വഴി ജോലി തേടുന്ന ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളെ കെഎസ്എഫ്ഇ അപ്പാടെ അവഗണിക്കുന്നതായാണ് ആക്ഷേപം. നൂറുകണക്കിന് ഒഴിവുകള്‍ ഉണ്ടായിട്ടും കെഎസ്എഫ്ഇ അധികൃതര്‍ നിയമനം നടത്തുന്നില്ല.
2019-2020 സുവര്‍ണജൂബിലി വര്‍ഷത്തില്‍ അമ്പതോളം ബ്രാഞ്ചുകള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച സ്ഥാപനമാണ് പുതിയ നിയമനം നടത്താതെ ഒളിച്ചുകളിക്കുന്നത്. പല സ്ഥലത്തും ബ്രാഞ്ചുകള്‍ ആരംഭിച്ചിട്ടും പിഎസ്സി വഴി സര്‍ക്കാര്‍ ജോലി തേടി പരീക്ഷയെഴുതിയ ഉദ്യോഗാര്‍ഥികളെ അധികൃതര്‍ തഴയുകയാണെന്ന് ആക്ഷേപം ശക്തമായി. പിഎസ്സിക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന ഒഴുക്കന്‍ മറുപടിയാണ് ഉദ്യോഗാര്‍ഥികള്‍ക്ക് കെഎസ്എഫ്ഇ അധികൃതരില്‍ നിന്നും ലഭിക്കുന്നത്.
ജൂനിയര്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ടിന്റെ 480 ഒഴിവുകളും ലാസ്റ്റ് ഗ്രേഡിന്റെ അമ്പതിലേറെയും ഒഴിവുകളും ഉണ്ടെന്നാണ് കെഎസ്എഫ്ഇ, പിഎസ്സിയെ അറിയിച്ചിട്ടുള്ളത്. എന്നാല്‍ ഇതിലേറെ ഒഴിവുകള്‍ ഉണ്ടെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. 2017ല്‍ റാങ്ക് ലിസ്റ്റുകള്‍ പൂര്‍ണമായി അവസാനിച്ചതോടെ നിലവിലുള്ള ഒഴിവുകളില്‍ താല്‍ക്കാലികക്കാരാണ് ജോലി ചെയ്തുവരുന്നത്.
പുതിയ റാങ്ക് ലിസ്റ്റുകള്‍ ഡിസംബറില്‍ നിലവില്‍വന്നിട്ടും നിയമനം നടത്താത്ത പിഎസ്സി നിലപാടില്‍ ഉദ്യോഗാര്‍ഥികള്‍ ആശങ്കാകുലരാണ്. വിരമിച്ച ജീവനക്കാരെയും, പാര്‍ട്ട്ടൈം കണ്ടിജന്റ് ജീവനക്കാരെയും ലാസ്റ്റ് ഗ്രേഡ് സ്റ്റാഫുകളെയും താല്ക്കാലികാടിസ്ഥാനത്തില് നിയമിച്ചാണ് പല ബ്രാഞ്ചുകളും മുന്നോട്ടുപോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: